Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നുണപ്രചാരണത്തിന് മറുപടി നൽകി ലക്ഷ്മി രംഗത്ത്

lakshmi-ramakrishnan

കാര്യങ്ങൾ സത്യസന്ധമായും ആർജവത്തോടെയും പറയുന്ന നടിയും സംവിധായികയുമാണ് ലക്ഷ്മി രാമകൃഷ്ണൻ. മലയാളികൾക്ക് ലക്ഷ്മിയെ കൂടുതൽ പരിചയം ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ഷേർലി എന്നു പറയുമ്പോഴാകും. കേരളത്തിൽ ഒരു നടിക്കു നേരെ ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ, മദ്രാസ് വിമൻസ് ക്രിസ്ത്യൻ കോളജിൽ ദേശീയ മനുഷ്യാവകാശകമ്മിഷൻ നടത്തിയ സെമിനാറിൽ ഉദ്ഘാടകയായി പ്രസംഗിച്ച ലക്ഷ്മി സിനിമയിലെ ചില മോശം പ്രവണതകളെക്കുറിച്ചു പരാമർശിച്ചിരുന്നു.

Lakshmi Ramakrishnan slams online media for spreading fake sex-harrasment news | Manorama Online

പ്രസംഗത്തിനു തൊട്ടുപിന്നാലെ ലക്ഷ്മിയെ ഒരു ഇംഗ്ലിഷ് പത്രത്തിന്റെ ലേഖകൻ ഫോണിൽ വിളിച്ചു. അവരോടും ലക്ഷ്മി തന്റെ നിലപാടുകൾ വ്യക്തമാക്കി.എന്നാൽ പിറ്റേന്ന് പത്രത്തിൽ വന്ന വാർത്ത കണ്ട് ലക്ഷ്മി ഞെട്ടി. തനിക്ക് അടുത്ത കാലത്ത് സിനിമാസെറ്റിൽ പീഡനങ്ങൾ നേരിടേണ്ടിവന്നെന്നായിരുന്നു വാർത്ത. 2008 ൽ ഒരു സംവിധായകനിൽ നിന്ന് തനിക്കുണ്ടായ ഒരു അനുഭവം ലക്ഷ്മി പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതാണ് കഴിഞ്ഞ ദിവസം നടന്നുവെന്ന മട്ടിൽ വന്നത്. ഇംഗ്ലിഷ് പത്രത്തിൽ വന്ന കാര്യങ്ങൾ മലയാളത്തിലെ ചില ഓൺലൈൻമാധ്യമങ്ങളും പകർത്തിയതോടെയാണ് വിശദീകരണവുമായി ലക്ഷ്മി രംഗത്തു വന്നത്.

‘‘ നമ്മുടെ ആത്മാഭിമാനവും മൂല്യങ്ങളും പണയപ്പെടുത്താതെ ജോലി ചെയ്താൽ നമ്മളെ ആർക്കും ഒന്നും ചെയ്യാനാകില്ല എന്നാണു ഞാൻ പറഞ്ഞത്. സ്ത്രീകളോടു മോശമായി പെരുമാറുന്നവർ സിനിമയിൽ മാത്രമല്ല എല്ലാ രംഗത്തുമുണ്ട്. കോര്‍പറേറ്റ് രംഗത്തും മാധ്യമരംഗത്തുമെല്ലാം അങ്ങനെയുള്ളവരുണ്ടാകാം. ഒരു സ്ത്രീ വലിയ വിജയം നേടിയാൽ അവർ അതിനായി എന്തൊക്കെയോ കോംപ്രമൈസ് ചെയ്തു എന്നു ചിന്തിക്കുന്നത് രോഗാതുരമായ മനസ്സിന്റെ ഉടമകളാണ്. ആരുടെയെങ്കിലും ഔദാര്യത്തിൽ അവസരങ്ങൾ നേടിയാൽ അതു നിലനിൽക്കില്ല. നിങ്ങളുടെ ടാലന്റും കഠിനാധ്വാനവും മാത്രമേ നിലനിൽക്കൂ.’’– ലക്ഷ്മി പറഞ്ഞു.

‘‘എനിക്ക് സിനിമയിൽനിന്ന് ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. ചെന്നൈയിലെ സ്വാധീനമുള്ള ഒരു വ്യക്തി. അദ്ദേഹം പൊതുചടങ്ങിൽ കാണുമ്പോൾ വലിയ അധികാരത്തോടെ തോളത്തു കയ്യിടും. എനിക്കത് ഇഷ്ടപ്പെട്ടില്ല. എല്ലാവരും എന്നെ അമ്മായെന്നും ലക്ഷ്മിമാഡമെന്നും വിളിക്കുമ്പോൾ ഈ വ്യക്തി ലക്ഷ്മി എന്നാണ് വിളിക്കാറ്.‍ ഞാൻ ഒരിക്കൽ അത്തരമൊരു ചടങ്ങിൽ അദ്ദേഹം എന്നെ പേരു വിളിക്കുമ്പോൾ ഞാൻ ചെറുപ്പമായതായിതോന്നുന്നുവെന്ന് പറഞ്ഞു. ഞാനതെന്റെ പ്രതിഷേധമായാണ് പറഞ്ഞത്. അയാൾക്കതു മനസ്സിലായില്ല. അയാൾ വീണ്ടും തോളിൽ കയ്യിടാൻ വന്നപ്പോൾ ഞാൻ തട്ടിമാറ്റി. പിന്നെയൊരിക്കലും അദ്ദേഹം അങ്ങനെ പെരുമാറിയിട്ടില്ല. മാത്രമല്ല എന്നെ കാണുമ്പോൾ മാഡമെന്നും വിളിക്കുന്നു.

മലയാളത്തിൽ ഒരു പടം ചെയ്യുമ്പോൾ ഞാൻ മോണിറ്ററിനടുത്ത് സംവിധായകന്റെ അരികിൽ ഇരിക്കുകയായിരുന്നു. ആ സംവിധായകനും ഇതുപോലെ കൈ തോളിലിട്ട് ഇഷ്ടം പ്രകടിപ്പിക്കാൻ ശ്രമിച്ചു. ഞാൻ മാറിയപ്പോൾ ഇഷ്ടമല്ലേ എന്നു ചോദിച്ചു. ഞാൻ ഇഷ്ടമല്ല എന്നു പറഞ്ഞു. പിന്നെ സെറ്റിൽ എനിക്ക് കഷ്ടകാലമായിരുന്നു. വെറുതെ ഒന്നു നടക്കുന്ന ടേക്ക് പോലും ഇരുപത്തഞ്ചു പ്രാവശ്യം എടുപ്പിച്ചു. ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ഞാൻ എന്റെ നിലപാട് വ്യക്തമാക്കി. സംവിധായകൻ മാപ്പു പറയണമെന്ന് ഒപ്പം അഭിനയിച്ചവര്‍ നിലപാടെടുത്തു. പിന്നീട് സംവിധായകന്‍ മാപ്പു പറഞ്ഞു. ചെന്നൈയില്‍ ഇതേ സംവിധായകനെ ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ വളരെ ആദരപൂര്‍വം അദ്ദേഹം പെരുമാറി. അന്ന് ഞാന്‍ അങ്ങനെ പെരുമാറിയില്ലായിരുന്നുവെങ്കിലോ?

എനിക്ക് പ്രായം അന്‍പതു കഴിഞ്ഞു. എന്റെ മക്കള്‍ വിവാഹിതരായി .എനിക്ക് സിനിമയില്‍നിന്ന് ഇപ്പോഴും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നുവെന്നു മാധ്യമങ്ങളില്‍ വരുമ്പോള്‍ ആ നുണപ്രചാരണത്തിനു മറുപടി പറയണമെന്നു തോന്നി ’’– ലക്ഷ്മി പറഞ്ഞു.

ചക്കരമുത്ത്, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ സിനിമകളിലൂടെ മലയാളികൾക്കു സുപരിചിതയായ നടി മൂന്നു സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.