Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോചനം; ലിസി എത്തി പ്രിയൻ ഹാജരായില്ല

priyan-lissy

സംവിധായകന്‍ പ്രിയദര്‍ശന്‍റെയും ലിസിയുടെയും വിവാഹമോചനഹര്‍ജിയില്‍ ചെന്നൈ കുടുംബകോടതി സെപ്റ്റംബര്‍ ഏഴിന് വിധി പറയും. പ്രിയദര്‍ശന്‍ കോടതിയില്‍ എത്താത്തതിനെ തുടർന്നാണ്  വിധി പറയുന്നത് മാറ്റിവെച്ചത്. നിയമപ്രകാരം ആറു മാസം പിരിഞ്ഞ് താമസിച്ച ശേഷം ഇന്ന് കോടതി ഇരുവരുടെയും ഹര്‍ജി പരിഗണിക്കാനിരിയ്‌ക്കുകയായിരുന്നു. പ്രിയദർശൻ ഹാജരായി ഇരുവരും ഒരുമിച്ച് ഹാജരാകുന്ന ദിവസം കോടതി ഇവര്‍ക്ക് നിയമപ്രകാരം വിവാഹമോചനം അനുവദിക്കും.

കോടതിയിൽ എത്തിയ ലിസി മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.പരസ്‌പര സമ്മത പ്രകാരമാണ് ഹര്‍ജി നല്‍കിയതെന്നും വിവാഹമോചനത്തിന്‍റെ മറ്റ് നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ലിസി വ്യക്തമാക്കി.

പ്രിയദർശനും ലിസിയും സൗഹൃദപൂർവ്വം പിരിയുന്നു. കോടതിയിലുള്ള തർക്കങ്ങൾ‍ ഇരു കൂട്ടരും അവസാനിപ്പിച്ചിരുന്നു. പ്രിയദര്‍ശനെതിരെ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെ ഒത്തുതീര്‍പ്പുണ്ടാക്കുകയും പരസ്‌പരസമ്മതപ്രകാരമുള്ള വിവാഹമോചനഹര്‍ജി നല്‍കുകയും ചെയ്തു. ഇരുവരുടെയും സ്വത്തുക്കള്‍ പങ്കുവെക്കുന്നതുള്‍പ്പടെയുള്‍പ്പടെയുള്ള നടപടികളും പൂര്‍ത്തിയാക്കിയതായി ലിസി വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയാണ് സ്വത്തുക്കൾ വിഭജിച്ചത്. ഇരു കൂട്ടരുടെയും സ്വത്തിൽ കുട്ടികളുടെ അവകാശം വ്യക്തമാക്കിയിട്ടുണ്ട്.

24വർഷം ഒരുമിച്ചു ജീവിച്ച ഇവർ പിരിയാൻ തീരുമാനിച്ചത് ഒരു വർഷം മുൻപാണ്. അടുത്ത സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്. എന്തുകൊണ്ടു പിരിയുന്നുവെന്നു ഇരുകൂട്ടരും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരുമിച്ചുള്ള ജീവിതം നഷ്ടമാകുന്നതിലെ വേദനയും രണ്ടു പേരും പങ്കുവച്ചിരുന്നു.

ചർച്ചകൾക്കൊടുവിൽ പ്രിയദർശനും ലിസിയും നടത്തിയ കൂടിക്കാഴ്ചകൾക്ക് ഒടുവിലാണു കേസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വളരെ മാന്യമായി ജീവിക്കുന്ന രണ്ടു കുടുംബങ്ങളായിരിക്കും ഇനിയെന്നും പരസ്പരം ബഹുമാനം പുലർത്തുമെന്നും ഇരുവരും മധ്യസ്ഥർക്ക് ഉറപ്പു നൽകി. പ്രിയന്റെ പുതിയ സിനിമയ്ക്കു ലിസി ഭാവുകങ്ങൾ നേർന്നു. നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് കോടതിയിൽ ഇവർ നൽകിയ ഉറപ്പ്. 

Your Rating: