Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിസ്റ്റിന്‍റെ ‘ഹിറ്റ്’ ലിസ്റ്റ്

നമ്മള്‍ പ്രേക്ഷകര്‍ പലപ്പോഴും സിനിമകള്‍ തിരഞ്ഞെടുക്കുന്നത് സംവിധായരുടെയും തിരക്കഥാകൃത്തുകളുടെയും അഭിനേതാക്കളുടെയുമൊക്കെ പേരു നോക്കിയിട്ടാണ്. നിര്‍മ്മാതാക്കളെ ഭൂരിഭാഗം പ്രേക്ഷകരും വിലയിരുത്തുന്നത് കലാബോധം തീരെയില്ലാത്ത കച്ചവടം താല്‍പര്യം മാത്രമുള്ള വേദനിക്കുന്ന കോടീശ്വരന്‍മാരായിട്ടാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന യുവ നിര്‍മ്മാതാവ് വ്യത്യസ്തനാകുന്നത് അദ്ദേഹം തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ വൈവിധ്യം കൊണ്ടും പരീക്ഷണ സ്വഭാവം കൊണ്ടുമാണ്. 2011ല്‍ നിര്‍മ്മാതാവായി അരങ്ങേറിയ ലിസ്റ്റിന്‍ സ്റ്റീഫന്‍ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളിക്കു സമ്മാനിച്ചത് അഞ്ചു ഹിറ്റുകള്‍. തമിഴില്‍ രണ്ടു ഹിറ്റുകള്‍ വേറെയും.

ട്രാഫിക്ക്

ട്രാഫിക്കിലൂടെ മലയാള സിനിമ യൂടേണ്‍ എടുക്കുകയായിരുന്നു. അതുവരെ മലയാളികള്‍ കണ്ടു ശീലിച്ച നായക-നായിക കേന്ദ്രീകൃത സിനിമയില്‍ നിന്നുള്ള വ്യതിയാനമായിരുന്നു ചിത്രം. ചെന്നൈയില്‍ നടന്നൊരു സംഭവത്തിനു ചലച്ചിത്രഭാഷ ഒരുക്കിയത് ബോബി-സഞ്ജയ് കൂട്ടുക്കെട്ടാണ്. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ക്കു കഥാഗതിയില്‍ തുല്യ പ്രധാന്യമുള്ള ചിത്രമായിരുന്നു ട്രാഫിക്ക്. ചിത്രം നിര്‍മ്മിക്കുമ്പോള്‍ ലിസ്റ്റിനു പ്രായം 23 മാത്രം. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന് തന്‍റെ കഴിവുകള്‍ പുറത്തെടുക്കാന്‍ അവസരം നല്‍കിയതും ലിസ്റ്റിനാണ്. ശേഷം ചരിത്രമാണ്. ചലച്ചിത്ര ലോകം ഇന്ന് ഏറെ ആഘോഷിക്കുന്ന ന്യൂജനറേഷന്‍ സിനിമകളുടെ തുടക്കം ട്രാഫിക്കില്‍ നിന്നായിരുന്നു. ട്രാഫിക്കിലൂടെ രാജേഷ് പിള്ള മലയാളത്തിലെ മുന്‍നിര സംവിധായകരിലേക്ക് ഉയര്‍ന്നു. ചിത്രം പിന്നീട് ശരത് കുമാറിനൊപ്പം തമിഴിലേക്ക് ചെന്നൈയില്‍ ഒരു നാള്‍ എന്നപേരില്‍ റീമേക്ക് ചെയ്തതും ലിസ്റ്റിനാണ്. തമിഴിലും ചിത്രം പ്രദര്‍ശന വിജയം നേടി.

ചാപ്പാകുരിശ്

അവതരണത്തിലും പ്രമേയത്തിലുമാണ് ട്രാഫിക്ക് വ്യത്യസ്ത പുലര്‍ത്തിയത് എങ്കില്‍ ചാപ്പക്കുരിശിലെ പരീക്ഷണം സാങ്കേതിക വിദ്യയിലായിരുന്നു. കാനന്‍ 7 ഡി എന്ന സ്റ്റില്‍ ക്യാമറ ഉപയോഗിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. റിയലിസ്റ്റിക്കായ ഒരു കഥയുടെ ചലച്ചിത്രാവിക്ഷകാരമായിരുന്നു ചാപ്പാകുരിശ്. ഛായാഗ്രാഹകനായ സമീര്‍ താഹിര്‍ സ്വതന്ത്ര സംവിധായകനായതും ചിത്രത്തിലൂടെയാണ്. ചിത്രീകരണ ചെലവ് കുറച്ചതിനൊപ്പം തിരക്കേറിയ ലൊക്കേഷനുകളില്‍ ജനങ്ങള്‍ അറിയാതെ ചിത്രീകരിച്ചു അവരുടെ സ്വഭാവികമായ ഭാവങ്ങള്‍ ഒപ്പിയെടുക്കാനും ഈ സ്റ്റില്‍ ക്യാമറയുടെ ഉപയോഗത്തിലൂടെ സാധിച്ചു.

ഡിജിറ്റല്‍ ഫോര്‍മറ്റില്‍ ചെലവു കുറഞ്ഞ രീതിയില്‍ സിനിമകള്‍ നിര്‍മ്മിക്കാന്‍ ചാപ്പാകുരിശ് യുവകലാകാരന്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കി. 2011ലെ ഗോവ രാജ്യന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയില്‍ ട്രാഫിക്കും ചാപ്പാകുരിശും പ്രദര്‍ശിപ്പിച്ചിരുന്നു. ചാപ്പാകുരിശിന്‍റെ തമിഴ് റീമേക്ക് പുലിവാലും സൂപ്പര്‍ ഹിറ്റായിരുന്നു.

ഉസ്ദാത് ഹോട്ടല്‍

അഞ്ജലി മോനോന്‍റെ തിരക്കഥ, അന്‍വര്‍ റഷീദിന്‍റെ സംവിധാനം, തിലകന്‍റെ അവിസ്മരണീയ പ്രകടനവും ഒത്തുചേര്‍ന്നപ്പോള്‍ ബോക്സ് ഓഫിസില്‍ പിറന്നത് ഒരേസമയം കലാമൂല്യവും കച്ചവടമൂല്യമുള്ള ഒരു മനോഹര ചിത്രം. സിനിമയുടെ സമസ്ത മേഖലകളിലും കയ്യടക്കം പുലര്‍ത്തിയ ഉസദാത് ഹോട്ടല്‍ മലയാളത്തിലെ ഏക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായി. സിനിമക്കൊപ്പം മഹത്വായ ഒരു സന്ദേശം കൂടി പങ്കുവെക്കാന്‍ ഉസ്ദാത് ഹോട്ടലിനു കഴിഞ്ഞു. തലപ്പക്കട്ടി എന്ന പേരില്‍ ചിത്രം തമിഴ് റീമേക്കിന് ഒരുങ്ങുന്നു.

ഹൗ ഓള്‍ഡ് ആര്‍ യു

പതിനാല് വര്‍ഷത്തെ നീണ്ട ഇടവേളക്കു ശേഷം മലയാളത്തിന്‍റെ ഇഷ്ടനായിക മഞ്ജു വാരിയര്‍ തിരിച്ചുവരവ് നടത്തിയ ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. മഞ്ജുവിന്‍റെ തിരിച്ചുവരവ് എന്ന ടാഗ് ചിത്രത്തിന് അനുകൂലമായിരുന്നെങ്കിലും നീണ്ട ഇടവേള മ‍ഞ്ജുവിലെ നടിയുടെ പ്രകടനത്തെ ബാധിച്ചിണ്ടുണ്ടാകുമെന്നു ചലച്ചിത്ര ലോകത്തുള്ളവര്‍ തന്നെ ആശങ്കയും സംശയം പ്രകടിപ്പിച്ചിരുന്നു. എന്തായാലും ചിത്രം ഇരുകൈകളും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. ഹൗ ഓള്‍ഡ് ആര്‍ യുവിന്‍റെ തമിഴ് റീമേക്ക് 36 വയതിനിലെ തമിഴ്നടി ജ്യോതികയുടെ തിരിച്ച് വരവിനും വഴിയൊരുക്കി.

ചിറകൊടിഞ്ഞ കിനാവുകള്‍

മലയാളത്തിലെ ആദ്യത്തെ സ്പൂഫ് സിനിമയായ ചിറകൊടിഞ്ഞ കിനാക്കളും മലയാളിക്കു സമ്മാനിച്ചത് ഈ യുവനിര്‍മ്മാതാവാണ്. നവാഗതനായ സന്തോഷ് വിശ്വനാഥന്‍റെ പ്രതിഭയെ തിരിച്ചറിയാന്‍ ലിസ്റ്റിനു കഴിഞ്ഞു. മലയാള സിനിമയിലെ ക്ലീഷേകളെ വിമര്‍ശിക്കുന്ന ഏറെ പരീക്ഷണ സ്വഭാവമുള്ള ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എങ്കിലും ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. മാറ്റം വേണമെന്നു ശഠിക്കുന്ന മലയാളി തന്നെ മാറ്റത്തെ പൂര്‍ണമായും സ്വീകരിക്കാന്‍ വിമുഖതകാട്ടുന്നു എന്ന തിരിച്ചറിവ് കൂടി ഈ ചിത്രം നല്‍കുന്നുണ്ട്.

ലിസ്റ്റിന്‍റെ എല്ലാ സിനിമകളും കലക്കൊപ്പം സമൂഹത്തിനു മഹത്വായ സന്ദേശങ്ങളും പകര്‍ന്നു നല്‍കുന്നു. ആദ്യ ചിത്രം ട്രാഫിക്ക് അവയവദാനത്തിന്‍റെ സന്ദേശമാണ് മുന്നോട്ടുവെച്ചത്. ചിത്രം മുന്നോട്ടുവെയ്ക്കുന്ന സന്ദേശത്തെ സ്വാഗതം ചെയ്ത് ചിത്രത്തിന്‍റെ തമിഴ്റീമേക്കിന് തമിഴ്നാട് സര്‍ക്കാര്‍ ചില ഇളവുകളും നല്‍കിയിരുന്നു. രണ്ടാമാത്തെ ചിത്രം ചാപ്പാകുരിശ് മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം എങ്ങനെ ഒരാളുടെ ജീവിതത്തെ തന്നെ തകര്‍ത്തുകളയുമെന്ന സന്ദേശമാണ് മുന്നോട്ടുവച്ചത്. വിശക്കുന്നവന്‍റെ വയറും മനസ്സും നിറച്ചാണ് ഉസ്ദാത് ഹോട്ടല്‍ രുചി പടര്‍ത്തിയത്. ജൈവകൃഷി, സ്ത്രീശാക്തീകരണ സന്ദേശങ്ങളാണ് ഹൗ ഓള്‍ഡ് ആര്‍ യു മുന്നോട്ടുവച്ചത്. ജൈവകൃഷിയുടെ ബ്രാന്‍ഡ് അംബാസിഡാറായി മഞ്ജു വാരിയരും മാറി. സിനിമക്കുള്ളിലെ തെറ്റായ പ്രവണതകള്‍ക്കുള്ള താക്കീതായി മാറുകയാണ് ചിറകൊടിഞ്ഞ കിനാക്കള്‍.

ലിസ്റ്റിന്‍ സ്റ്റീഫനും അദ്ദേഹത്തിന്‍റെ മാജിക് ഫ്രെയിംസും പ്രേക്ഷകന്‍റെ പ്രതീക്ഷകള്‍ കാക്കുന്ന പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ടുവരുമെന്നു പ്രതീക്ഷിക്കാം.