Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജുവും മഹേഷും... സിനിമയോ അതോ ജീവിതമോ ?!!

nivin-fahad

പ്രതികാരദാഹിയായ മഹേഷും ആക്‌ഷൻ ഹീറോ ആയ ബിജുവും മലയാളത്തിലെ മുഖ്യധാരാ സിനിമയെ കൈകാട്ടിവിളിക്കുന്നത് പുതുമകളിലേക്കാണ്. പ്രേമത്തിന്റെ കൂറ്റൻ വിജയത്തിനുമുകളിൽനിന്നാണ് നിവിന്റെ വരവ്. ഫഹദാകട്ടെ, സ്വയം സൃഷ്ടിച്ച ഒരു സിനിമാഒഴിവുകാലത്തുനിന്നും.

പേരിന്റെ പുതുമയും ട്രെയിലറുകളുംകൊണ്ട് രണ്ടു ഫീൽഗുഡ് സിനിമകൾ എന്ന ധാരണയിലാണ് മിക്കവാറും കാണികൾ ആ സിനിമകൾക്കു കയറിയതും. മഹേഷ് നല്ല സിനിമയാണെന്ന് പൊതുഅഭിപ്രായം നേടിയപ്പോൾ മറ്റൊരു പ്രേമം പ്രതീക്ഷിച്ചുപോയവർക്ക് ബിജു അത്ര രസിച്ചുകാണില്ല. എങ്കിലും പരീക്ഷണസ്വഭാവമുള്ള സിനിമ പതിയെ അതിന്റെ ഇടം കണ്ടെത്തുകയും ചെയ്തു. മലയാളസിനിമയിലെ ഹാസ്യം അടുത്തഘട്ടത്തിലേക്കു കടക്കുന്നതിന്റെ സൂചനകൾ ഈ രണ്ടു സിനിമകളിലും തെളിഞ്ഞുവരുന്നുണ്ട്. സ്ലാപ് സ്റ്റിക് തമാശകളല്ല, ജീവിതസന്ദർഭങ്ങളിൽ സ്വാഭാവികമായി ഉണ്ടായിവരുന്ന നർമമാണ് രണ്ടുസിനിമകളുടെയും കാതൽ.

മുൻപ് സിദ്ദിഖ് ലാൽ സിനിമകളിൽ നമ്മൾ കണ്ട ജീവനുള്ള തമാശകളുടെ മറ്റൊരു ഘട്ടമാണിത്. ഈ രണ്ടു സിനിമകളും മലയാളസിനിമാ വ്യവസായത്തിൽ രണ്ടുതരത്തിൽ അടയാളങ്ങളിട്ടുകഴിഞ്ഞു. ഒന്ന് വലിയ താരപ്പകിട്ടില്ലാതെതന്നെ പ്രേക്ഷകരെ തിയറ്ററിലെത്തിച്ചു. രണ്ട്, അത്ഭുതക്കാഴ്ചകൾ മാത്രമായി മാറിക്കൊണ്ടിരുന്ന സിനിമയെ തിരിച്ചുപിടിച്ച് ജീവിതത്തോടടുപ്പിച്ചു.

താരമല്ല താരം!

മഹേഷും ബിജുവും നടത്തുന്ന പൊളിച്ചെഴുത്തുകൾ അവയുടെ / അവരുടെ പേരിൽത്തുടങ്ങുന്നു. ഏതു നാട്ടിൻപുറത്തും നഗരത്തിലും വളരെയെളുപ്പം കണ്ടെത്താവുന്ന രണ്ടുപേരുകൾ. കൊടുംഹീറോമാർക്കു ചേർന്ന പേരല്ല രണ്ടും. സ്വാഭാവികമായും അവരുടെ സ്വഭാവവും ചുറ്റുപാടുകളും സാധാരണംതന്നെയാകുന്നു. അവിടെ പെരുമാറാനെത്തുന്നവർ (അതെ, അവർ അഭിനയിക്കുകയല്ല, പെരുമാറുകയാണ്) ഏറെയും താരപ്പകിട്ടില്ലാത്ത അഭിനേതാക്കളും പുതുമുഖങ്ങളുമാണ്. അങ്ങനെയൊരു പരീക്ഷണത്തിന് മനസുകാട്ടിയ ദിലീഷ് പോത്തനും ഏബ്രിഡ് ഷൈനും അവരുടെ നിർമാതാക്കളും തീർച്ചയായും കയ്യടി അർഹിക്കുന്നു.

മഹേഷിന്റെ ഏറ്റവും വലിയ പ്രത്യേകതയും മികവും അതിലെ കാസ്റ്റിങ്ങാണ്. ഫഹദ്, അനുശ്രീ, സൗബിൻ, ജാഫർ, അലൻസിയർ, സുജിത് ശങ്കർ, കെ.എൽ. ആന്റണി, അപർണ, ലീനാ ആന്റണി, ദിലീഷ് പോത്തൻ എന്നിങ്ങനെയാണ് മഹേഷിലെ ‘താരനിര’. ചെറിയ വേഷങ്ങൾ ചെയ്ത് നമ്മൾ കണ്ടിട്ടുള്ള, പേരുപോലും പലർക്കും അറിയാത്ത വിരലിലെണ്ണാവുന്ന ചിലരും ഉണ്ട്. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. പലരും ഇതിനുമുൻപ് സിനിമാഷൂട്ടിങ് കണ്ടിട്ടുപോലുമില്ലാത്തവർ. അവരുടെ പ്രകടനമാണ് സത്യത്തിൽ ഈ സിനിമയുടെ ജീവനാഡി.

kj-antony-fahad

നാടകവേദിയിലെ തിളങ്ങുന്ന താരങ്ങളായ ആന്റണിയും ലീനാ ആന്റണിയും സുജിത് ശങ്കറുമൊക്കെ ഗംഭീരമായാണ് കഥാപാത്രമാകുന്നത്. പുതുമുഖമായ ലിജോമോളുടെ ഇരുത്തംവന്ന പ്രകടനം എടുത്തുപറയേണ്ടതാണ്. മഹേഷിന്റെ കഥയാണ് മുഖ്യപ്രമേയമെങ്കിലും മറ്റുകഥാപാത്രങ്ങൾ തങ്ങളുടെ പ്രകടനത്തിലൂടെ സിനിമയെ പടർത്തിയെടുക്കുന്നു.

എസ്ഐ ബിജു പൗലോസിന്റെ ഔദ്യോഗിക ജീവിതത്തിലെ ചില സന്ദർഭങ്ങളിലൂടെ വിടരുന്ന സിനിമയാണ് ആക്‌ഷൻ ഹീറോ ബിജു. നിവിൻ പോളിയുടെ ഏറ്റവും മികച്ച വേഷമൊന്നുമല്ല എസ്ഐ ബിജു. എന്നാലും അയാൾ അഭിനന്ദനമർഹിക്കുന്നത് വലിയ വിജയങ്ങളുടെയും താരപദവിയുടെയും ആരവങ്ങൾക്കിടയിൽനിൽക്കെത്തന്നെ, സൂപ്പർഹീറോയുടെ പരിവേഷമോ അതിശയോക്തികളുടെ ആലഭാരങ്ങളോ ഇല്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ്.

സിനിമയിൽ അമ്പരപ്പിക്കുന്ന പ്രകടനം നടത്തുന്നത് സുരാജ് വെഞ്ഞാറമൂടും കള്ളുകുടിയനായി എത്തുന്ന സുരേഷ് തമ്പാനൂരുമാണ്. മികച്ച നടൻതന്നെയാണ് താനെന്ന് അടിവരയിടുന്ന പ്രകടനമാണ് സുരാജിന്റേത്. തൊട്ടടുത്തകാലം വരെ മലയാളസിനിമയിലെ കച്ചവടവിജയത്തിന്റെ പ്രധാന ചേരുവകളിലൊന്നായിരുന്ന സുരാജ് വെഞ്ഞാറമൂടിന്റെ നിഴൽപോലുമില്ലാത്ത മറ്റൊരു സുരാജാണ് ഈ സിനിമയിൽ. അയാൾ ഇനിയും അദ്ഭുതങ്ങൾ കാണിക്കും. ആദ്യസിനിമയുടെ പതർച്ച ഒട്ടുമില്ലാതെയാണ് സുരേഷ് തമ്പാനൂർ കള്ളുകുടിയനെ അവതരിപ്പിച്ചത്. പിന്നെയുമുണ്ട് മികച്ച പ്രകടനങ്ങൾ; ദേവി അജിത്, മേഘനാദൻ, രോഹിണി, ജോജു, മഞ്ജുവാണി, വിന്ദുജാമേനോൻ എന്നിങ്ങനെ. അയൽപക്കക്കാരനെപ്പറ്റി പരാതി പറയാനെത്തുന്ന വീട്ടമ്മമാർ ബേബിയും മേരിയും നമ്മൾ പതിവായി കാണുന്ന ചില വീട്ടമ്മമാരുടെ തനിപ്പകർപ്പാണ്.

biju-poster

മണ്ണിൽച്ചവിട്ടിനിൽക്കുന്ന പച്ചമനുഷ്യരെയാണ് ഫഹദും നിവിനും ഈ സിനിമകളിൽ അവതരിപ്പിക്കുന്നത്. ചിലനേരം നിസ്സഹായരാകുന്ന, തോറ്റുനിൽക്കേണ്ടിവരുന്ന മനുഷ്യർ. ചില തോൽവികളിൽനിന്ന് അവർ എഴുന്നേറ്റുവരുന്നുമുണ്ട്. അതുപക്ഷെ ആയിരം കൈകളുള്ള ഉഗ്രനായകന്മാരായല്ല, ഇച്ഛാശക്തിയുടെ നേർത്ത നൂലുകൊണ്ട് സ്വപ്നങ്ങളെ ജീവിതത്തോടുചേർത്തുതുന്നുന്ന സാധാരണക്കാരായാണ്; ചുണ്ടിൽ എപ്പോഴും ഒരു കുഞ്ഞുചിരി ബാക്കിനിർത്തുന്നവർ.

ജീവിതമാണ് വലിയ കഥ!

കഥയിലും കഥപറച്ചിലിലും രണ്ടുവഴിക്കാണ് ഈ രണ്ടു സിനിമകളും. ഒന്ന് ഇടുക്കിയിലെ നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരന്റെ പാവം ജീവിതകഥ. രണ്ടാമത്തേത് കൊച്ചി നഗരത്തിലെ കർശനക്കാരനായ ഒരു സബ്ഇൻസ്പെക്ടറുടെ പൊലീസ് കഥ.

കയ്യടക്കത്തോടെ സൃഷ്ടിച്ചെടുത്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം. സൂക്ഷ്മസംഗതികളിൽപ്പോലുമുള്ള ശ്രദ്ധ അതിന്റെ പല ഫ്രെയിമുകളിലും കാണാനുമുണ്ട്. വലിയ ഒച്ചപ്പാടോ ട്വിസ്റ്റുകളുടെ ബഹളമോ ഒന്നുമില്ലാതെ ലളിതമായി പറയുന്ന ഒരു നാടൻകഥ- ഒരു ചെറിയ ചിരിയോടെ നമുക്കു കേട്ടിരിക്കാവുന്നത്. നർമത്തിന്റെ മേമ്പൊടിചേർത്തു പറയുന്ന സിനിമ. അതേസമയം, തമാശകളിൽ കൃത്രിമത്വം ഒട്ടും തോന്നുന്നുമില്ല. ജീവനുള്ള സംഭാഷണങ്ങൾ. നാടൻ ജീവിതത്തെ ഒട്ടും അതിശയോക്തിയില്ലാതെ സിനിമ അവതരിപ്പിക്കുന്നുണ്ട്. പദ്മരാജന്റെയും രഞ്ജിത്തിന്റെയുമൊക്കെ നാട്ടുമ്പുറസിനിമകളിലെ കഥാപാത്രങ്ങളെ ഓർമയിലെത്തിക്കുന്നുണ്ട് ഇതിലെ പല മനുഷ്യരും.

liju-soubin

മഹേഷ് എന്ന ഫോട്ടോഗ്രാഫറുടെ ചെറിയ ജീവിതത്തിലെ ചില സംഘർഷങ്ങളിലൂടെയാണ് സിനിമയുടെ പോക്കെങ്കിലും കാണികൾക്ക് അതൊരു ഭാരമുള്ള അനുഭവമല്ല. അതിഗംഭീരമായ ചില തമാശരംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ആ തമാശകൾ സിനിമയുടെ ഒഴുക്കിൽ തനിയെ വരുന്നതുമാണ്.

സാമ്പ്രദായിക കഥപറച്ചിലിനെ പൊളിച്ചുകളഞ്ഞു ഏബ്രിഡ് ഷൈനും കൂട്ടെഴുത്തുകാരനായ ഷഫീക്കും. ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥയില്ല ബിജുവിന്. സംഭവങ്ങളും മനുഷ്യരും ഒന്നിനുപുറകെ ഒന്നായി വരുന്നു, പോകുന്നു. ഒരു ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സാധാരണക്കാരനായ എസ്ഐക്കു മുന്നിലെത്തുന്ന ഓരോ മനുഷ്യനും ഓരോ കഥയുണ്ട്. പക്ഷെ അവ തമ്മിൽ കൂട്ടിക്കെട്ടുന്നില്ല. ബിജു പൗലോസിന് കൈകാര്യം ചെയ്യേണ്ടി വരുന്നത് രാജ്യാന്തര മാഫിയാത്തലവന്മാരെയോ തീവ്രവാദികളെയോ കടുംവില്ലന്മാരായ രാഷ്ട്രീയക്കാരെയോ അല്ല, പാവപ്പെട്ട സാധാരണക്കാരെയാണ്. സാഹചര്യങ്ങൾ കള്ളിയും കള്ളുകുടിയനും കാമുകനും കയ്യൊഴിയപ്പെട്ടവനുമൊക്കെയാക്കിക്കളഞ്ഞ ചിലരെ.

action-hero-biju-trailer copy

അവരെയും അവരുടെ പ്രശ്നങ്ങളെയും അയാൾ നേരിടുന്നതും പരിഹരിക്കാൻ ശ്രമിക്കുന്നതും ചിലയിടത്ത് നിസ്സഹായനാകുന്നതുമൊക്കെ റിയലിസ്റ്റിക്കായിത്തന്നെ സിനിമ പറയുന്നു. അതു ചിലപ്പോൾ ചിരിയുണ്ടാക്കുന്നുമുണ്ട്. കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും സംഭാഷണത്തിലുംനിന്ന് സ്വാഭാവികമായി ഉണ്ടായിവരുന്നതാണ് ബിജുവിലെ നർമം. അതുകൊണ്ടുതന്നെ ചിലനേരം അത് സറ്റയറിന്റെ സ്വഭാവത്തിലേക്കു മാറുന്നു. അടുത്തകാലത്ത് മലയാളസിനിമയിലുണ്ടായ ജീവനുള്ള നർമമുഹൂർത്തങ്ങളിൽ ചിലത് ബിജുവിലാണ്.

അതിശയോക്തികളിൽനിന്ന് അകന്നുനടന്നാണ് ഈ രണ്ടു സിനിമകളും നമ്മോടു സംസാരിക്കുന്നത്. അപ്പോഴും അവയോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവയിൽ ഏറിയും കുറഞ്ഞും നമ്മളൊക്കെത്തന്നെയാണുള്ളത് എന്നതുകൊണ്ടാവണം. അല്ലെങ്കിലും ജീവിതമാണല്ലോ ഏറ്റവും വലിയ സിനിമ !