Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകരും പറഞ്ഞു: കമോൺട്രാ മഹേഷേ

fahad-fazil ഫഹദ് ഫാസിൽ

ചില സംവിധായകർക്കെങ്കിലും ആദ്യസിനിമ ആത്മാർഥമായ പ്രണയം പോലെയായിരിക്കും. മനസ്സു നിറയെ എപ്പോഴും അതിനെപ്പറ്റിയുള്ള ചിന്തയകൾ. അതിനാൽത്തന്നെ അതിന്റെ പൂർണതയ്ക്കു വേണ്ടിയുള്ള ആത്മാർഥ പരിശ്രമങ്ങളുമുണ്ടാകും. അങ്ങിനെയാകുമ്പോൾ വിജയവും സുനിശ്ചിതം. ആ വിജയത്തിനു കൈയ്യടിക്കാൻ അന്നേരം എല്ലാവരുമുണ്ടാകും ഒപ്പം. പ്രേക്ഷകർ മനം നിറഞ്ഞു സമ്മാനിച്ച ആ അംഗീകാരത്തിന്റെ നിറവിലാണ് ‘മഹേഷിന്റെ പ്രതികാര’വും. ആർക്കുമില്ല മോശം അഭിപ്രായം. ഒരുതവണ കണ്ടിട്ടും പോരാതെ പിന്നെയും പിന്നെയും തിയേറ്ററിലേക്കു ക്ഷണിക്കുന്ന എന്തൊക്കെയോ മാജിക് ഒളിപ്പിച്ച ഒരു കൊച്ചുസിനിമ.

സംവിധായകൻ ബി. ഉണ്ണികൃഷണന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ‘ഈ ലാളിത്യത്തിനെത്ര ഗഹനത’ എന്നു പോലും ചിന്തിപ്പിക്കുന്ന ചിത്രം. അതിനാൽത്തന്നെ ഓൾഡ് ജെൻ-ന്യൂജെൻ തലമുറ വ്യത്യാസമില്ലാതെ, നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാത്തരം പ്രേക്ഷകരും അംഗീകരിക്കുന്ന, പിന്നെയും പിന്നെയും കാണാൻ തോന്നിപ്പിക്കുന്ന, ഓരോ ഡയലോഗും ചർച്ചാവിഷയവും ചിരിവിഷയവുമാകുന്ന ഒരു ‘കൾട്ട് ഫിലിമി’ന്റെ തലത്തിലേക്കും ഉയരുകയാണ് ‘മഹേഷിന്റെ പ്രതികാരം’.

Fahadh Faasil | Exclusive Interview | I Me Myself | Manorama Online

ആ അംഗീകാരം പക്ഷേ പ്രേക്ഷകന്റെ പ്രതികരണമാണ്. സംവിധായകൻ ദിലീഷ് പോത്തൻ അപ്പോഴും അതിസാധാരണമായൊരു ചിരിയോടെ പറയും- ‘ആദ്യസിനിമയ്ക്കായി ഒട്ടേറെ കഥകൾ കേട്ടിരുന്നു. പക്ഷേ മഹേഷ് ഭാവനയുടെ കഥ കേട്ടപ്പോൾ ഉറപ്പായിരുന്നു, ഇത് എനിക്കു മനസിലാക്കാനാകുന്ന സിനിമയാണ്. എന്നോട് ഏറ്റവും ചേർന്നു നിൽക്കുന്ന, എനിക്ക് കൃത്യമായി കഥയെയും കഥാപാത്രങ്ങളെയും ‘പ്ലെയ്സ്’ ചെയ്യാൻ സാധിക്കുന്ന സിനിമ.

liju-soubin

അതിനാൽത്തന്നെ സാധാരണക്കാർക്കു പോലും ഇഷ്ടപ്പെടുമെന്ന വിശ്വാസവുമുണ്ടായിരുന്നു. എല്ലാത്തരത്തിലും എന്റർടെയ്ൻ ചെയ്യിക്കും വിധം ഇതില്‍ പ്രണയവും പ്രതികാരവും ത്രില്ലുമൊക്കെയുണ്ട്. എന്നുവച്ച് സിനിമയെപ്പറ്റി വലിയ അവകാശവാദങ്ങളൊന്നുമില്ല. രണ്ടാമത്തെ തവണ കാണുകയാണെങ്കിൽപ്പോലും എന്തെങ്കിലുമൊക്കെ പ്രേക്ഷകന് പുതുതായി കണ്ടെത്താൻ സാധിക്കുമെന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു’.

ചെറുപ്പം മുതലേ, ഇറങ്ങുന്ന പടങ്ങളെല്ലാം ഒന്നുവിടാതെ കാണാൻ ശ്രമിച്ചിരുന്ന, ഉണ്ടായിരുന്ന പണി കളഞ്ഞ് പട്ടിണി കിടന്നും പടംപിടിക്കാന്‍ പുറപ്പെട്ട ഒരു സംവിധായകന് അതിനു ലഭിച്ച അംഗീകാരം കൂടിയാകുന്നു മഹേഷിന്റെ പ്രതികാരത്തിനു ലഭിക്കുന്ന കൈയ്യടികൾ.

bhavana-achayan

സിനിമയോടുള്ള ഈ സ്നേഹത്തിന്റെ ഒരു ഭാഗം മഹേഷ് ഭാവനയ്ക്കും കൈമാറാതെ വയ്യ. തുടർച്ചയായി നാലു ചിത്രങ്ങൾ പരാജയപ്പെട്ടതിനു ശേഷം സംഭവിച്ച ഈ അഞ്ചാം സിനിമ അദ്ഭുതമായി മാറുമ്പോൾ ഫഹദ് ഫാസിൽ എന്ന നടൻ ശരിക്കും തന്റെ വിമർശകരോട് യാതൊരു ദാക്ഷിണ്യവുമില്ലാത്ത വിധം തന്നെയാണ് ‘പ്രതികാരം’ ചെയ്തിരിക്കുന്നത്. താൻ ഇതുവരെ ചെയ്ത മികച്ച അഞ്ചുസിനിമകളിൽ ഒന്നായി അദ്ദേഹം ‘മഹേഷിന്റെ പ്രതികാര’ത്തെ ചേർത്തുകഴിഞ്ഞു. ജീവിതത്തോട് വല്ലാത്ത സത്യസന്ധത കാണിക്കുന്ന മഹേഷ് ഭാവനയെന്ന കഥാപാത്രത്തോട് അങ്ങേയറ്റം ആത്മാർഥതയോടെയാണ് ഫഹദും ഇണങ്ങിച്ചേർന്നത്. പ്രണയത്തെക്കാളും പ്രതികാരം തന്നെയാണ് ആണത്തത്തിന്റെ അഭിമാനമെന്നു പ്രേക്ഷകനോടു വിളിച്ചു പറഞ്ഞ മഹേഷിന്റെ ആദ്യാവസാന പ്രകടനം ഇടയ്ക്കിടെ പ്രേക്ഷകന്റെ കണ്ണുനിറയ്ക്കുകയും ഒടുവിൽ മനസ്സുനിറയ്ക്കുകയും ചെയ്യുന്നതും അതിനാലാണ്.

location ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും

തന്റെ മനസ്സിൽ നിന്നിനിയും ഇറങ്ങിപ്പോകാതെ ഒരു ‘ഹാങ്ഓവറാ’യി മഹേഷിപ്പോഴുമുണ്ടെന്ന് ഫഹദ് പറയുമ്പോഴറിയാം അദ്ദേഹം ആ കഥാപാത്രത്തിനുവേണ്ടി നടത്തിയ പ്രയത്നം. അഭിനയത്തിൽ കൃത്യമായ ഫോർമാറ്റോ ഫോർമുലയോ പിന്തുടരാതെ തനിക്ക് കൊള്ളാമെന്നു തോന്നുന്ന കാര്യങ്ങൾ തിരഞ്ഞെടുത്ത് പ്രേക്ഷകനോട് സംവദിക്കുന്ന അഭിനയത്തിലെ ഫഹദധ്യായമാണ് മഹേഷിനെ അവരുടെ പ്രിയപ്പെട്ടവനാക്കുന്നതും.

Maheshinte Prathikaaram | Fahad Faasil, Dileesh Pothan, Aashiq Abu | Manorama Online

തിരക്കഥാകൃത്ത് ശ്യാംപുഷ്ക്കരനൊപ്പം ദിലീഷ് മൂന്നുമാസത്തോളം ഇടുക്കിയിലെ പ്രകാശ് സിറ്റിയിൽ വാടകവീടെടുത്ത് താമസിച്ച്, അവിടത്തെ കടകളിലിരുന്ന് സീനുകളെഴുതി, പ്രദേശമാകെ ലൊക്കേഷൻ തേടിയലഞ്ഞ് തയാറാക്കിയതാണ് ചിത്രം. പ്രധാന കഥാപാത്രങ്ങളൊഴികെ ബാക്കി മിക്കവരും ഇടുക്കിക്കാർ, പുതുമുഖങ്ങൾ. ചിത്രത്തിലെ നായ്ക്കുട്ടി ‘കുട്ടൂസൻ’ പോലും ഇടുക്കിയിലെ നാട്ടിൻപുറത്തുകാരനാണ്. അതിനാൽത്തന്നെ ഇടുക്കിയെന്ന മിടുക്കിയെ മിടുക്കോടെത്തന്നെ തിരശീലയിലെത്തിക്കാനുമായി സംവിധായകനും അദ്ദേഹത്തിന്റെ സിനിമാസൗഹൃദസംഘത്തിനും.

bhavana-achayan

എന്നിട്ടും ഇടുക്കിക്കാർ മാത്രമല്ല, കാണുന്ന എല്ലാവരുടെയും സ്വന്തമാകുന്നു ഈ തനിനാടൻപ്രതികാരം. അതിനു കാരണമാകുന്നതും മറ്റൊന്നുമല്ല. മഹേഷിനെയും ഭാവനച്ചായനെയും പള്ളീലച്ചനെയും ബേബിച്ചായനെയും ജിംസിയെയും സോണിയയെയും ക്രിസ്പിനെയുമെല്ലാം കാണുമ്പോൾ ‘ഇത് നമ്മുടെ നാട്ടുകാരനല്ലേ’ എന്നു തോന്നിപ്പിക്കുന്ന ആ അനുഭവം തന്നെയാണ്.

bijilesh

എട്ടിന്റെ ലൂണാർ ചകിരിതേച്ചുരച്ച് വെളുപ്പിക്കുന്ന, ‘ചിൻ അപ്, പൊടിക്ക് ഡൗൺ’ എന്നൊക്കെപ്പറയുന്ന ഒരു ഫൊട്ടോഗ്രാഫറും, ‘കരയിക്കാതെടാ നായിന്റെമോനേ’ എന്നു സ്നേഹംപറയുന്ന ബേബിച്ചായനും, വല്യച്ഛന്റെ മോളെ കമന്റടിച്ചവരെ ഇടിക്കാൻ കുങ്ഫു പഠിക്കാൻ വരുന്ന വിജിലേഷും, ഗ്ലാമർ ചേട്ടന്റെ ലുക്ക് എന്റെ നേരെയാണെന്നു പറയുന്ന ജിംസിയുമൊക്കെ ഇടുക്കിയിൽ മാത്രമല്ല സകല നാട്ടിലുമുണ്ട്. കവലയിൽ അലമ്പുണ്ടാക്കുന്ന തല്ലിപ്പൊളികളോടും വില്ലനോടു പോലും വല്ലാത്ത സ്നേഹം തോന്നുന്നതും ആ ‘അയലത്തെ പയ്യൻ’ തോന്നലുള്ളതുകൊണ്ടാണ്.

അഭിനയിക്കുന്നവരെല്ലാം നമുക്കേറെ അടുപ്പമുളളവരാകുമ്പോൾ സിനിമയോടും ആ സ്നേഹം സ്വാഭാവികം. മഹേഷ് സമ്മാനിക്കുന്ന മാജിക്കും അതാണ്. അതുകൊണ്ടുതന്നെയാണ് ഹൃദയവാതിലുകൾ തുറന്ന് ഓരോ പ്രേക്ഷകനും പറയുന്നത്-കമോൺട്രാ മഹേഷേ...ദിലീഷേ...