Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളസിനിമയെ തകർക്കാൻ ബെംഗളൂരു മാഫിയ

2015--movies

മലയാള സിനിമകളുടെ വ്യാജൻ സുലഭം. പുത്തൻ ചിത്രം ലീലയും ഇന്റർനെറ്റിൽ എത്തി. സിനിമകൾ എത്തുന്നതു ബെംഗളൂരുവിൽ നിന്ന്. കർണാടക ആഭ്യന്തരമന്ത്രിക്കും മറ്റുള്ളവർക്കും പരാതി നൽകിയിട്ടും നടപടിയില്ല. ലീലയുടെ ഉൾപ്പെടെ പത്തോളം സിനിമകളുടെ വ്യാജ പതിപ്പുകളാണു പുറത്തിറങ്ങിയത്. ആന്റി പൈറസി സെൽ കാര്യക്ഷമമെന്നു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അന്യസംസ്ഥാനത്തു നിന്നുള്ള വ്യാജന്റെ വരവ് തടയാൻ കർണാടക സർക്കാർ സഹായിക്കുന്നില്ലെന്ന് ആക്ഷേപം. സ്ഥിരമായി വ്യാജൻ ഇറക്കുന്ന ബെംഗളൂരുവിലെ രണ്ടോ മൂന്നോ തിയറ്ററുകൾ നിരീക്ഷണത്തിൽ. ഇവർക്കു പുത്തൻ റിലീസുകൾ നൽകുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും അസോസിയേഷൻ.

മലയാളത്തെ തകർക്കാൻ ബെംഗളൂരു മാഫിയ

മലയാള സിനിമയെ തകർക്കാൻ ബെംഗളൂരു മാഫിയയെന്നു സിനിമ പ്രവർത്തകർ പറയുന്നു. എന്നാൽ മലയാള സിനിമകൾക്കു മികച്ച കലക്‌ഷൻ ലഭിക്കുന്നതിനാൽ ഇവിടെ റിലീസ് െചയ്യാതിരിക്കാൻ സാധിക്കില്ല. ബെംഗളൂരുവിൽ നിന്നാണു തലസ്ഥാനത്തെ പ്രമുഖ വ്യാജ സിനിമ വിൽപനകേന്ദ്രത്തിൽ സിഡികൾ എത്തുന്നതെന്നു കച്ചവടക്കാർ തന്നെ സമ്മതിക്കുന്നു. ചാർളി, ലീല, ആക്‌ഷൻ ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഈ അടുത്തു പുറത്തുവന്നത്.

മാഫിയ ചിത്രങ്ങൾ പകർത്തുന്നതിങ്ങനെ

ബെംഗളൂരുവിലെ തിയറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്താൽ ആദ്യ ദിവസങ്ങളിൽ നല്ല തിരക്കാണ്. തിരക്കുള്ള ഒരാഴ്ച മാഫിയാസംഘങ്ങൾ സിനിമ കാണാൻ എത്തില്ല. പകരം തിരക്ക് ഒഴിഞ്ഞുതുടങ്ങുന്ന സമയത്ത് അഞ്ചോ ആറോ പേർ ചേർന്നു സംഘങ്ങളായി ടിക്കറ്റ് ബുക്ക് ചെയ്തു തിയറ്ററിൽ കയറും. പലയിടങ്ങളിലായി ഇരിപ്പുറപ്പിക്കും. ഹൈ ക്വാളിറ്റി മൊബൈൽ, ഡിജിറ്റൽ ക്യാമറ എന്നിവയിൽ ചിത്രം പകർത്തും. ഇതു ബെംഗളൂരുവിൽ വഴിയോര കച്ചവടം നടത്തും. അവിടെ നിന്നു കേരളത്തിലേക്ക് എത്തും. ചാർളി റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കകം ഇങ്ങനെ ബെംഗളൂരു തെരുവിൽ കച്ചവടത്തിനു വച്ചിരുന്നു. എന്നാൽ തമിഴ് – ഹിന്ദി ചിത്രങ്ങളുടെ വ്യാജൻ എത്തുന്നതു വിദേശങ്ങളിൽ നിന്നാണ്.

കണ്ടുപിടിക്കാൻ മാർഗങ്ങൾ ഉണ്ട്

ഇപ്പോൾ സാറ്റലൈറ്റ് വഴിയുള്ള റിലീസ് ആയതിനാൽ തന്നെ ഓരോ തിയറ്ററിനും മാർക്കും നമ്പരും ഉണ്ട്. യുഎഫ് ഒ, ക്യൂബ് സംവിധാനം വഴിയാണ് ഇപ്പോൾ പ്രദർശനം. വ്യാജ പതിപ്പുകൾ വാങ്ങി നോക്കിയാൽ തിയറ്ററുകളുടെ മാർക്ക് കൃത്യമായി ഇതിൽ കാണാം. ഇതിന്റെ അടിസ്ഥാനത്തിലാണു ബെംഗളൂരുവിൽ നിന്നാണു മലയാള സിനിമകളുടെ വ്യാജൻ എത്തുന്നതെന്നു സിനിമാ പ്രവർത്തകർ കണ്ടെത്തിയത്.

കർണാടക ആഭ്യന്തരമന്ത്രിക്ക് ഉൾപ്പെടെ പരാതി; എന്നിട്ടും രക്ഷയില്ല

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കർണാടക ആഭ്യന്തരമന്ത്രി മലയാളിയായ ജോർജിനു പരാതി നൽകിയിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. അതേസമയം കന്നട സിനിമകൾ വ്യാജൻ ഇറക്കിയാൽ ബെംഗളൂരുവിൽ അകത്തുപോയി കിടക്കേണ്ടിവരും. അധികാരികളുടെ സഹായമില്ലാതെയും വ്യാജനെതിരെ മുന്നോട്ടുപോകാനാണു സിനിമ പ്രവർത്തകരുടെ തീരുമാനം. അതിനാൽ ബെംഗളൂരുവിലെ സ്ഥിരമായി വ്യാജൻ ഇറക്കുന്ന രണ്ടോ മൂന്നോ തിയറ്ററുകളെ നിരീക്ഷിച്ചുവരികയാണ്. ഇവരെ കരിമ്പട്ടികയിൽ പെടുത്താനാണു നീക്കം.

നടപടികളുമായി ആന്റി പൈറസി സെൽ

സംസ്ഥാനത്തെ ആന്റി പൈറസി സെൽ സിനിമയ്ക്ക് അനുകൂലമായാണു നീങ്ങുന്നതെന്നു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ എസ്. സുരേഷ്കുമാർ പറയുന്നു. വ്യാജൻ ഉണ്ടെന്നു ഫോൺ വഴിയോ അല്ലാതെയോ അറിയിച്ചാൽ സംഘം പാഞ്ഞെത്തി പിടികൂടാറുണ്ട്. അതിനാൽ വ്യാജന്റെ വരവ് തടയാൻ ആന്റി പൈറസി സെൽ സഹായിക്കുന്നുണ്ട്. അതിനാൽ ഇക്കാര്യങ്ങളിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നാണ് അസോസിയേഷൻ പക്ഷം.