Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കാര്യത്തിലേ ഞാനും മമ്മൂക്കയും മത്സരിച്ചിട്ടുളളൂ: മോഹൻലാൽ

mammookka-lal

മലയാളത്തിൽ മാത്രമല്ല ഇന്ത്യയില്‍ തന്നെ മികച്ച അഭിനേതാക്കളാണ് മമ്മൂട്ടിയും മോഹൻലാലും. മലയാളികൾക്ക് മാത്രം അഭിമാനിക്കാവുന്ന രണ്ട് താരങ്ങൾ. സിനിമകൾ പുറത്തിറങ്ങുമ്പോൾ ഇരുവരുടെയും ആരാധകർ തമ്മിൽ മത്സരം ഉണ്ടാകാറുണ്ടെങ്കിലും ഇവർ എന്നും ഉറ്റചങ്ങാതിമാർ ആണ്.

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചൊരു സിനിമയിൽ അഭിനയിച്ചാൽ ആരാധകർക്ക് അതില്‍പരം സന്തോഷിക്കാൻ മറ്റുവാർത്തകളില്ല. പലപ്പോഴും അതിഥിതാരമായാണ് ഇവരില്‍ ആരെങ്കിലും എത്തുക. എന്നാൽ എൺപത് തൊണ്ണൂറുകളുടെ കാലത്ത് അങ്ങനെയായിരുന്നില്ല. ഇവര്‍ ഒന്നിച്ചെത്താത്ത സിനിമകൾ ഉണ്ടായിരുന്നില്ല.

ഐ.വി.ശശി, പി.ജി.വിശ്വംഭരൻ, കെ.എസ്.സേതുമാധവൻ എന്നിവരുടെ അടക്കം അനേകം സിനിമകളില്‍ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തി. അക്കാലഘട്ടത്ത് ഇരുവർക്കും ഇടയില്‍ മത്സരം ഉണ്ടായിരുന്നോ എന്ന് മോഹൻലാൽ തന്നെ വിശദമാക്കുന്നു.

ഇക്കാലമത്രയും ഒരു മത്സരസ്വഭാവം തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു‍. ‘54 ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ സിനിമകളിൽ ഞങ്ങള്‍ മത്സരിച്ചിട്ടുണ്ടായേക്കാം, അഭിനയത്തിന്റെ കാര്യത്തില്‍ മറ്റെയാളെ മറികടക്കാന്‍. അല്ലാതെ ഒരു മത്സരം ഞങ്ങൾക്കിടയിൽ ഇല്ല’–മോഹൻലാൽ പറഞ്ഞു.

‘മമ്മൂട്ടി–മോഹൻലാൽ എന്നത് ഇൻഡസ്ട്രിയിലെ രണ്ട് വ്യത്യസ്ത തലങ്ങളാണ്. മമ്മൂക്ക അഭിനയിക്കുന്ന വേഷവും ഞാൻ അഭിനയിക്കുന്ന വേഷം പരസ്പരം വ്യത്യാസപ്പെട്ടിരിക്കും. ഞങ്ങൾ തമ്മിൽ മത്സരങ്ങൾ ഉണ്ടായിട്ടില്ല. ഇപ്പോൾ തമിഴിൽ നോക്കൂ. അവിടെ രജനീകാന്ത്, കമൽഹാസൻ. അവർക്ക് അവരുടേതായ സ്റ്റൈൽ ഉണ്ട്. അവിടെയും മത്സരമില്ല. അതുപോലെ ഞങ്ങൾ രണ്ടുപേരും വ്യത്യസ്തമായ വീക്ഷണത്തിലൂടെയാണ് ഒരു സിനിമയെ സമീപിക്കുന്നത്.–മോഹൻലാൽ പറഞ്ഞു.

രഞ്ജിത് സംവിധാനം ചെയ്ത കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയിലാണ് അവസാനമായി മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. മാത്തുക്കുട്ടിയായി മമ്മൂട്ടി എത്തിയപ്പോള്‍ മോഹന്‍ലാലായിത്തന്നെയാണ് ലാല്‍ അഭിനയിച്ചത്.