Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധനയ്ക്ക്

police-at-padi.jpg.image.784.410 ക്രൈംബ്രാഞ്ച് എസ്പി പി.എൻ‌. ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള സംഘം കലാഭവൻ മണിയുടെ ചാലക്കുടിയിലെ പാടി സന്ദർശിക്കുന്നു. ചിത്രം: മനോരമ

കലാഭവൻ മണിയെ അപായപ്പെടുത്തിയിരിക്കാനുള്ള സാധ്യത പരിഗണിച്ച് മണിയുടെ സ്വത്തുവകകളും സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നു. സ്വത്തുക്കൾ ആരെങ്കിലും കൈവശപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ആദ്യം ഉത്തരം തേടുന്നത്. ഇതിന്റെ ഭാഗമായി മണിയുടെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകളിൽ പരിശോധന തുടങ്ങി.

അക്കൗണ്ടിലൂടെ കൈമാറ്റംചെയ്യപ്പെട്ട പണമിടപാടുകൾ എന്തൊക്കെയെന്നും സാമ്പത്തിക ഉറവിടമേതെന്നുമാകും ആദ്യം അന്വേഷിക്കുക. മണി പങ്കെടുത്ത സ്റ്റേജ് ഷോകളിലും മറ്റും ലഭിച്ച പ്രതിഫലത്തിൽ കൂടെയുണ്ടായിരുന്നവർ തട്ടിപ്പ് നടത്തിയതായി സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആരോപിച്ചിരുന്നു. ചാനൽ അഭിമുഖത്തിൽ നടത്തിയ ആരോപണം പൊലീസിനു നൽകിയ മൊഴിയിലും ആവർത്തിച്ചു. എന്നാൽ, സഹായികൾ സാമ്പത്തിക തിരിമറി നടത്തിയതായി രേഖാമൂലം പരാതി നൽകിയിട്ടില്ല.

എങ്കിലും മണിയുടെ മരണത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നു ഭാര്യയടക്കം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മണിയെ അപായപ്പെടുത്തിയിരിക്കാനുള്ള സാധ്യത അന്വേഷിക്കുന്നത്. മണി നടത്തിയ ഭൂമിയിടപാടുകൾ, നിക്ഷേപങ്ങൾ എന്നിവ അന്വേഷണത്തിന്റെ പരിധിയിൽ വരും. സ്വത്തുവകകൾ ആരെങ്കിലും കൈവശപ്പെടുത്തിയിരിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് ലക്ഷ്യം.

ബിനാമി പേരിൽ നിക്ഷേപങ്ങളെന്തെങ്കിലും നടത്തിയിട്ടുണ്ടോ എന്നും ഇതിന്റെ പേരിൽ സുഹൃത്തുക്കളുമായി തർക്കങ്ങൾ നിലനിന്നിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ശരീരത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനാൽ ആത്മഹത്യയോ കൊലപാതകമോ ആകാമെന്നതാണ് അന്വേഷണം പൊടുന്നനേ ഗതിമാറാൻ കാരണം.

related stories
Your Rating: