Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാമർശങ്ങള്‍ വേദനിപ്പിച്ചു; മണിയുടെ സഹോദരി കുഴഞ്ഞുവീണു

mani-sister

കലാഭവൻ ജിന്റോയുടെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ കേട്ട് കലാഭവൻ മണിയുടെ മൂത്ത സഹോദരി അമ്മിണി കുഴഞ്ഞുവീണു. കുടുംബാംഗളെക്കുറിച്ച് മോശമായ രീതിയിൽ കലാഭവൻ ജിന്റോ ഒരു ചാനൽ അഭിമുഖത്തിൽ പറയുന്നതു കേട്ടാണ് സഹോദരി കുഴഞ്ഞുവീണത്. സംഭവത്തെക്കുറിച്ച് മണിയുടെ സഹോദരൻ രാമകൃഷ്ണൻ മനോരമ ഓൺലൈനിനോട് വിശദീകരിക്കുന്നു.

രണ്ടു ദിവസം മുമ്പ് അവിചാരിതമായിട്ടാണ് ചേച്ചി ജിന്റോയുടെ അഭിമുഖം കാണുന്നത്. അടുത്തവീട്ടിൽ എന്തോ ആവശ്യത്തിനു പോയതായിരുന്നു. അവിടെവച്ചാണ് ഇതു കാണാനിടയായത്. അതിൽ ഞങ്ങളെക്കുറിച്ചുള്ള ചില മോശം പരാമാർശങ്ങൾ ജിന്റോ നടത്തിയിരുന്നു. ഈ പരാമർശങ്ങൾ കേട്ട് രക്തസമർദ്ദം കൂടിയാണ് ചേച്ചി കുഴഞ്ഞുവീണത്. മൂക്കിൽ നിന്നും ടാപ്പ് തുറന്നുവിട്ടതുപോലെയാണ് രക്തം വന്നത്.

ചാലക്കുടിയിലെ സർക്കാർ ആശുപത്രിയിൽ അപ്പോൾ തന്നെ എത്തിച്ചു, എന്നാൽ അവിടെ പറ്റില്ല എന്ന് അറിയിച്ചതിനെ തുടർന്ന് അങ്കമാലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് എത്തിച്ചതുകൊണ്ടാണ് ചേച്ചിയുടെ ജീവൻ രക്ഷിക്കാനായത്. അതല്ലായിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബം മറ്റൊരു ദുരന്തത്തിനുകൂടി സാക്ഷ്യം വഹിക്കേണ്ടി വന്നേനെ.

ഞാൻ ആരെയും ചേട്ടന്റെ കൊലപാതകിയെന്ന് പേരുപറഞ്ഞ് പരാമർശിച്ചിട്ടില്ല. ചേട്ടനോടൊപ്പം അവസാന ദിവസം ഉണ്ടായിരുന്നവർ ആരൊക്കെയാണെന്ന് പറഞ്ഞു, അവരെ സംശയമുണ്ടെന്നും അറിയിച്ചു. എനിക്ക് പോയത് എന്റെ ചേട്ടനല്ലേ, എനിക്കപ്പോൾ സ്വാഭാവികമായി തോന്നുന്ന സംശയങ്ങൾ പങ്കുവച്ചതിന് കുടുംബത്തെ മുഴുവൻ മോശമായി ചിത്രീകരിക്കുകയാണ് അവർ.

ചേച്ചിയ്ക്ക് അറുപതു വയസ്സുണ്ട്, ചേച്ചിയുടെ മൂത്ത മകളും മണിചേട്ടനും ഒരേ പ്രായമാണ്. ഞങ്ങളെ കുട്ടികാലത്ത് നോക്കിയതും വളർത്തിയതുമൊക്കെ ചേച്ചിയാണ്. ഞങ്ങളുടെ കുടുംബം കടന്നുവന്ന ബുദ്ധിമുട്ടുകൾ ചേച്ചിയ്ക്ക് നന്നായിട്ടറിയാം. ഞങ്ങൾ തമ്മിലുള്ള സ്നേഹം അങ്ങനെയായിരുന്നു. അങ്ങനെയുള്ളപ്പോൾ ഇത്തരം അപവാദങ്ങൾ പറഞ്ഞാൽ ചേച്ചിക്ക് മാനസികവിഷമം ഉണ്ടാകാതെയിരിക്കുന്നത് എങ്ങനെയാണ്.

ഈ ജിന്റോയും തരികിട സാബുവുമൊക്കെ തന്നെയാണ് ചേട്ടന് മദ്യമൊഴിച്ചു കൊടുത്ത കാര്യമൊക്കെ പലയിടത്തും പോയി പറഞ്ഞു നടന്നത്. ചേട്ടനോടൊപ്പം കലാപരിപാടികൾക്ക് പോയിരുന്നത് ജിന്റോയാണ്. അവസാനകാലത്ത് ചേട്ടനെക്കൊണ്ട് ഒന്നിനും സാധിക്കില്ല എന്നു വരുത്തി തീർക്കാൻ ചേട്ടനെ താങ്ങി പിടിച്ചിരിക്കുന്നതുപോലെയാണ് അവൻ സ്റ്റേജിൽ നിന്നത്. ഞങ്ങൾക്ക് ആരെയും കരിവാരിതേയ്ക്കണമെന്നില്ല. ഞങ്ങൾ ആരെക്കുറിച്ചും സോഷ്യൽമീഡയിയിലൂടെയോ അല്ലാതെയോ അപവാദങ്ങൾ പറഞ്ഞു പരത്തിയിട്ടുമില്ല. ഞങ്ങൾക്ക് ആകെയുള്ള ലക്ഷ്യം ചേട്ടന്റെ മരണത്തിനുപിന്നിലുള്ള ആളെ കണ്ടെത്തുകയാണ്. രാമകൃഷ്ണൻ പറഞ്ഞു.

related stories