Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ മരണം: മെഥനോൾ സാന്നിധ്യം ബീയറിലും ഉണ്ടാകാമെന്ന് നിഗമനം

kalabhavan-mani-1

മെഥനോൾ സാന്നിധ്യം ബീയറിലും ഉണ്ടാകാമെന്ന് നിഗമനം. കലാഭവൻ മണിയുടെ മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോർഡ് രൂപീകരിക്കുന്നതിന് മുന്നോടിയായി നടന്ന കൂടിയാലോചനകൾക്കിടെയാണ് ഇത്തരമൊരു സൂചന അന്വേഷണസംഘത്തിന് ലഭിച്ചത്. വ്യാജചാരായം വഴിയാകാം മെഥനോൾ മണിയുടെ ശരീരത്തിൽ എത്തിയതെന്ന നിഗമനത്തിലായിരുന്നു ഇതുവരെ അന്വേഷണം.

കേരളത്തിലിതുവരെ ഉണ്ടായ വ്യാജമദ്യദുരന്തങ്ങളിൽ എല്ലാത്തിലും മെഥനോൾ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കലാഭവൻ മണിയുടെ ശരീരത്തിൽ മെഥനോൾ ഉണ്ടെന്നറിഞ്ഞയുടൻ പൊലീസ് വ്യാജമദ്യത്തിന്റെ ഉറവിടം അന്വേഷിച്ചത്. അതിന്റെ പേരി‍ൽ ചിലരെയെല്ലാം പിടികൂടിയെങ്കിലും, മണി ബീയറല്ലാതെ മറ്റൊരു മദ്യവും കഴിക്കില്ല എന്നാണ് സുഹൃത്തുക്കളും സംഭവദിവസം ഒപ്പമുണ്ടായിരുന്നവരും ആണയിട്ടത്. എന്നാൽ ശരീരത്തിൽ കീടനാശിനിയുടെ അംശവും കണ്ടതോടെ കേസ് കൂടുതൽ കുഴഞ്ഞു. ഒടുവിൽ ഓരോ വിഷ പദാർത്ഥത്തിന്റെയും അളവ് പരിശോധിക്കാൻ ഹൈദരാബാദിലെ കേന്ദ്രസർക്കാർ ലാബിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് അന്വേഷണസംഘം. ഈ ഫലം വരുന്നതിന് മുന്നോടിയായി മെഡിക്കൽ സംഘം രൂപീകരിക്കാനായി നടത്തിയ ചർച്ചകൾക്കിടെയാണ് മെഥനോള്‍ സംബന്ധിച്ച് പുതിയ സൂചന ലഭിച്ചത്.

ബീയറിലും തുഛമായ അളവിൽ മെഥനോൾ ഉണ്ടാകാം. ആരോഗ്യമുള്ള ശരീരത്തിൽ ഇത് തിരിച്ചറിയപ്പെടാനുള്ള ലക്ഷണം പോലും കാണിക്കണമെന്നില്ല, അത്ര പരിമിതമാകും. എന്നാൽ സംഭവദിവസം ഒറ്റ പകലും രാത്രിയും കൊണ്ട് പതിനഞ്ചോളം ബീയർ മണി കുടിച്ചതായാണ് അന്വേഷണ സംഘത്തിനുള്ള വിവരം. കരൾ രോഗം കണക്കിലെടുത്താണ് വീര്യം കുറഞ്ഞ മദ്യമായ ബീയർ കഴിച്ചതെങ്കിൽ പോലും അളവ് ഇത്രയധികമായപ്പോൾ അവയിൽ നിന്നെല്ലാമായി ശരീരത്തിൽ കടന്ന മെഥനോൾ ആരോഗ്യത്തെ ബാച്ചുവെന്നാണ് സൂചന.

പുറമെ, ഈ വിഷങ്ങളെയൊന്നും സംസ്കരിച്ച് പുറന്തള്ളാൻ കഴിയാത്ത സ്ഥിതിയിൽ കരൾ എത്തിപ്പെട്ടതും കാര്യങ്ങൾ വഷളാക്കി. ഈ നിഗമനം ഉറപ്പിക്കാനായാൽ പിന്നെ കീടനാശിനിയുടെ ഉറവിടം കണ്ടെത്തുകയാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. അതുപക്ഷെ ഇപ്പോൾ ലഭിക്കുന്ന സൂചന പോലെ തീരെ ചെറിയ അളവിലാണെന്ന് ഹൈദരബാദ് ലാബിലെ പരിശോധനയിൽ വ്യക്തമായാൽ, ഭക്ഷണത്തിലൂടെയും മറ്റും ഉള്ളിൽ പോയതാകാമെന്ന് നിഗമനത്തിന് സാധുതയേറും. ഇത്രയുമായാൽ മരണത്തിൽ മറ്റ് ദുരൂഹതയില്ല എന്ന നിലയിൽ അന്വഷണം അവസാനഘട്ടത്തിലേക്ക് നീങ്ങും.

related stories