Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പിളിയ്ക്ക് മഞ്ജു വാരിയറുടെ യാത്രാമൊഴി

ambily-manju മഞ്ജുവിനൊപ്പം അമ്പിളി

അന്തരിച്ച അമ്പിളി ഫാത്തിമയ്ക്ക് മഞ്ജു വാരിയറുടെ ഓര്‍മപ്പൂക്കൾ. തന്റെ അനുജത്തിയെപ്പോലെയായിരുന്നു മഞ്ജുവിന് അമ്പിളി. രോഗക്കിടക്കിയിലും അവളുടെ കൈത്താങ് ആകുവാൻ മഞ്ജു ഓടിയെത്തിയിരുന്നു. അമ്പിളിയ്ക്ക് ചികിത്സാസഹായവും അവളുടെ സ്വപ്നങ്ങൾക്കിലേക്കുള്ള യാത്രയിൽ എല്ലാപിന്തുണയും നൽകി ഒപ്പമുണ്ടായിരിക്കുമെന്ന് മഞ്ജു ഉറപ്പ് നൽകിയിരുന്നു. എന്നാൽ ജീവിതത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് പാതിവഴിയിൽ അമ്പിളി യാത്രയായപ്പോൾ അതൊരു തീരാവേദനായി എല്ലാവരെയുംപ്പോലെ മഞ്ജുവിനും...

മഞ്ജുവിന്റെ വാക്കുകളിലേക്ക്–

രണ്ടുനക്ഷത്രങ്ങള്‍ ആകാശത്തേക്ക് തിരിച്ചുപോകുന്നു. അമ്പിളി ഫാത്തിമയുടെ കണ്ണുകള്‍ അവിടെയെങ്ങോ ഇരുന്ന് നമ്മെ നോക്കി ചിരിക്കും. നിലാവുകാണുമ്പോഴൊക്കെ ഇനി നമുക്ക് അവളെ ഓര്‍ക്കാം..

ഒരുവര്‍ഷം മുമ്പ് ഒരുപത്രവാര്‍ത്തയിലാണ് ഞാന്‍ ആദ്യമായി അമ്പിളി ഫാത്തിമയെ കണ്ടത്. അന്നുമുതല്‍ സുഷിരം വീണ അവളുടെ ഹൃദയത്തിനും കിതച്ചുതളര്‍ന്ന ശ്വാസകോശത്തിനുംവേണ്ടി പ്രാര്‍ഥിക്കുന്ന ലോകത്തെ അനേകരില്‍ ഒരാളായി ഞാനും.

ദൂരെ ഒരാശുപത്രി മുറിയിലിരുന്നുകൊണ്ട് അമ്പിളി നമ്മെ നിശ്ചയദാര്‍ഢ്യമെന്തെന്ന് പഠിപ്പിച്ചു. പാവമായിരുന്നു അവള്‍. ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്ന ഒരു പെണ്‍കുട്ടി. മരുന്നുകളുടെ മണം മാത്രം നിറഞ്ഞ ജീവിതത്തിനിടയിലും മുല്ലപ്പൂക്കളെ സ്‌നേഹിച്ചവള്‍. തളിരിലയെന്നോണം ഞരമ്പുകള്‍ തെളിഞ്ഞുകിടന്ന കൈകളില്‍ നിറയെ സൂചികുത്തിയ പാടുകളായിരുന്നു. പക്ഷേ അവള്‍ക്ക് വേദനിച്ചില്ല. കാരണം അവള്‍ നക്ഷത്രവെളിച്ചമുള്ള കണ്ണുകള്‍ കൊണ്ട് ലോകത്തെ നോക്കി, പ്രകാശം പരത്തി..

അതിനിടയില്‍ അവള്‍ക്ക് വേദനിക്കാന്‍ സമയമുണ്ടായിരുന്നില്ല എന്നതാണ് സത്യം.ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കപ്പെട്ടപ്പോഴും മനസ്സുമാത്രം മാറ്റിവയ്ക്കാന്‍ അമ്പിളി അനുവദിച്ചില്ല. 85ശതമാനം മാര്‍ക്ക് നേടി പരീക്ഷ ജയിച്ചപ്പോള്‍ തോറ്റുപോയത് മറ്റുപലതുമാണ്.

മുല്ലവള്ളിയോളം മാത്രമുള്ള പെണ്‍കുട്ടിക്ക് തുടരെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളും അണുബാധകളും അതിജീവിച്ച് ലോകത്തിന് പലതും കാണിച്ചുകൊടുക്കാനായെങ്കില്‍ അവള്‍ക്ക് മുന്നില്‍ മരണവും തോല്കും,നിശ്ചയമായും..അതുകൊണ്ട് അമ്പിളി ഫാത്തിമ നമുക്കിടയില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാഞ്ഞുപോയെന്ന് മാത്രം. അവള്‍ നമ്മുടെ കണ്‍വെട്ടത്ത് തന്നെയുണ്ട്...നിലാവായും നക്ഷത്രമായും.