Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയെ പ്രശംസിച്ച് മഞ്ജു വാരിയർ

jayasurya-manju

ദേശീയ പുരസ്കാരം നേടിയ ജേതാക്കളെ പ്രശംസിച്ച് മഞ്ജു വാരിയർ. മികച്ച നടനും നടിക്കുമുള്ള പുരസ്കാരം സ്വന്തമാക്കിയ അമിതാഭ് ബച്ചനെയും കങ്കണ റനൗത്തിനെയും പ്രത്യേക ജൂറി പരമാർശം നേടിയ ജയസൂര്യയെയും മഞ്ജു അഭിനന്ദിച്ചു. ജയസൂര്യയ്ക്ക് ലഭിച്ച അംഗീകാരം ആ നടനിലെ അപാരമായകഴിവുകള്‍ വെളിപ്പെടുത്തുന്നതാണെന്നും അടുത്ത ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും മഞ്ജു പറയുന്നു.

മഞ്ജുവിന്റെ വാക്കുകളിലേക്ക്–ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ആഹ്ലാദം പലതരത്തില്‍ വന്നുതൊടുന്നു. ആദ്യത്തേത് അമിതാഭ് ബച്ചന്‍ എന്ന മഹാപ്രതിഭയ്ക്ക് വീണ്ടും ലഭിച്ച അംഗീകാരമാണ്. ബച്ചന്‍ സാറിന് അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കിടുന്നതിനായി പല മാധ്യമസുഹൃത്തുക്കളും എന്ന അന്വേഷിച്ചിരുന്നു എന്നത് വിസ്മയകരമായ അറിവാണ്.

മുംബൈയ്ക്കും തിരുവനന്തപുരത്തിനുമിടയിലെ യാത്രയുടെയും ഷൂട്ടിങ്ങിന്റെയും തിരക്കിനിടയില്‍ പെട്ടുപോയ ദിവസമായിരുന്നു ഇന്നലെ. ഫോണ്‍ബന്ധം ഏതാണ്ട് നിലച്ചുപോയ അവസ്ഥയായിരുന്നു. അതുകൊണ്ട് എനിക്ക് ആ നിമിഷം നഷ്ടമായി.

ബച്ചന്‍ സാര്‍ ബഹുമാനിതനാകുന്ന വേളയില്‍, ഒരുപാട് പേര്‍, അദ്ദേഹത്തോടൊപ്പം ചില പരസ്യചിത്രങ്ങളില്‍ മാത്രം അഭിനയിച്ച എന്നെത്തേടുന്നുവെന്നത് ആ മനുഷ്യന്റെ വലിപ്പം കുറേക്കൂടി ആഴത്തില്‍ എന്നെ ബോധ്യപ്പെടുത്തുന്നു.

കല്ലിന് മുല്ലപ്പൂമണമുണ്ടാകുന്നതുപോലെയും കാറ്റ്, കടന്നുപോകുന്ന വഴികളെയെല്ലാം വീശിത്തണുപ്പിക്കുന്നതുപോലെയുമുള്ള കാഴ്ചയാണത്. അഭിനന്ദിക്കുകയെന്ന അപരാധത്തിന് മുതിരാതെ സിനിമയില്‍ ഭാരതം എഴുതിവച്ച ഇതിഹാസത്തിന് മുന്നില്‍ ആദരവോടെ ഒരിക്കല്‍ കൂടി ശിരസ്സ് താഴ്ത്തുന്നു.

ഏത് അഭിനേത്രിക്കും അസൂയയുണ്ടാക്കുന്ന മികവാണ് കങ്കണയുടേത്. രാജ്യം അതിനെ അംഗീകരിച്ചിരിക്കുന്നു. ജയസൂര്യയ്ക്ക് ലഭിച്ച അംഗീകാരം ആ നടനിലെ അപാരമായകഴിവുകള്‍ വെളിപ്പെടുത്തുന്നതാണ്. അടുത്ത ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനാകുന്നതിന്റെ സന്തോഷം കൂടി പങ്കുവയ്ക്കട്ടെ.

ശ്രീ. എം.ജയചന്ദ്രന്‍,സലിംഅഹമ്മദ്, മമ്മൂക്ക നേതൃത്വം നല്കിയ പത്തേമാരി സംഘം,ഡോ.ബിജു, ഗൗരവ് മേനോന്‍ എന്ന കൊച്ചുമിടുക്കന്‍,വിനോദ്മങ്കര, സഞ്ജയ്കുര്യന്‍,പ്രൊഫ.അലിയാര്‍, ജസ്റ്റിന്‍ ജോസഫ്, ക്രിസ്റ്റോടോമി, മറ്റ് പുരസ്‌കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും നേടിയ മലയാളിസുഹൃത്തുക്കള്‍..എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം...ഇനിയും വലിയനേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു...

Your Rating: