Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മരുഭൂമിയിലെ ആന' ദോഹയിലിറങ്ങി

marubhoomiyile-aana

ദോഹഖത്തറിൽ ചിത്രീകരിക്കുന്ന മൂന്നാമത്തെ സിനിമയ്ക്കു തുടക്കമായി. ബിജു മേനോൻ നായകനായ 'മരുഭൂമിയിലെ ആന'യിലൂടെയാണ് ദോഹ വീണ്ടും മലയാള സിനിമയിൽ മുഖംകാട്ടുന്നത്. മോഹൻലാൽ നായകനായ രസം, കനൽ എന്നിവയാണ് ഇതിനു മുമ്പ് ദോഹയിൽ ചിത്രീകരിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു ദിവസത്തെ ചിത്രീകരണമാണ് നിശ്ചയിച്ചിരിക്കുന്നതെന്നു സംവിധായകനായ വി. കെ. പ്രകാശ് പറഞ്ഞു. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിലാണു സിനിമ ഒരുക്കുന്നത്. ഖത്തറിനു ശേഷം തൃശൂരിലും ഇരിങ്ങാലക്കുടയിലുമാണു ബാക്കി ചിത്രീകരണം. ഓണത്തിനു മുൻപായി റിലീസ് ചെയ്യാനാണു പദ്ധതി. മരുഭൂമിക്ക് സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനമുണ്ടെന്നും അതുകൊണ്ടാണ് ചിത്രീകരണത്തിനായി ഖത്തർ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ വ്യവസായി ഡേവിസ് എടക്കളത്തൂരും ഡേവിഡ് കാച്ചപ്പള്ളിയും ചേർന്നാണു ചിത്രം നിർമിക്കുന്നത്.

ബിജു മേനോനു പുറമേ, നായിക സംസ്‌കൃതി ഷേണായി, സനൂഷ, മേജർ രവി, പാഷാണം ഷാജി, പ്രേമം ഫെയിം കൃഷ്ണ ശങ്കർ തുടങ്ങിയവരാണ് ഖത്തറിലെ ചിത്രീകരണത്തിൽ പങ്കെടുക്കുന്നത്. ഖത്തറിലെ അഭിനേതാക്കളായ കെ. കെ. സുധാകരനും രാജേഷ് രാജനും ഇൗ ചിത്രത്തിൽ വേഷമുണ്ട്.

നിർമാതാവ് ഡേവിഡ് കാച്ചപ്പള്ളിയുടെ മകൻ അജയ് കാച്ചപ്പള്ളി ക്യാമറ കൈകാര്യം ചെയ്യുന്നു. വൈ. വി.രാജേഷാണ് കഥാകൃത്ത്. ഐസിസിയിൽ നടന്ന ചടങ്ങിൽ ചിത്രീകരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ബിജുമേനോൻ ആദ്യ ക്ലാപ്പടിച്ചു. പൂജയ്ക്ക് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി സുനിൽ തപ്യാൽ മുഖ്യാതിഥിയായിരുന്നു. മുൻ മന്ത്രി കെ. ഇ. ഇസ്മാഈൽ, ഐസിസി പ്രസിഡന്റ് ഗിരീഷ് കുമാർ, ചലച്ചിത്ര നിര്‍മാതാവ് രാജൻ തളിപ്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു. നിഷാദ് ഗുരുവായൂർ‌ ക്യു ബിസ് ഇവന്റ്‌സിനാണു ഖത്തറിലെ കോർഡിനേഷൻ ചുമതല.

ഫോട്ടോ– വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന എന്ന ചി ത്രത്തിന്റെ ചിത്രീകരണത്തിന് നടൻ ബിജു മേനോൻ ക്ലാപ്പടിച്ച് തുടക്കം കുറിക്കുന്നു.​

Your Rating: