Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയ ശ്രീനിവാസന്, ഞാനാണ് താങ്കൾ പരിഹസിച്ച ആ വ്യക്തി

mathew-sreenivasan

അവയവ ദാനത്തിനെതിരെ നടൻ ശ്രീനിവാസൻ നടത്തിയ പ്രസ്താവനക്കെതിരെ ഹൃദയം മാറ്റിവച്ച ശേഷം ജീവിതം നയിക്കുന്ന മാത്യു അച്ചാടന്റെ ഫെയ്സ്ബുക് പോസ്റ്റ്. അവയവ ദാനമെന്ന പുണ്യ പ്രവർത്തിയെ ഇകഴ്ത്തിയ ശ്രീനിവാസനു മറുപടി എന്ന രീതിയിലാണു മാത്യു അച്ചാടൻ പോസ്റ്റ് ഇട്ടിരിക്കുന്നത്. സ്വന്തമായി കാർ ഓടിക്കുന്ന വിഡിയോയും ഇതിനൊപ്പം മാത്യു പോസ്റ്റ് ചെയ്തിട്ടുണ്ട്.

മാത്യു എഴുതിയ കുറിപ്പിന്റെ പൂർണ രൂപം:

പ്രിയ ശ്രീനിവാസൻ ,

അവയവ ദാനമെന്ന ഏറ്റവും മഹത്തായ പുണ്യ പ്രവർത്തിയെ ഇകഴ്ത്തിക്കൊണ്ട് താങ്കൾ നടത്തിയ പ്രസ്താവന അറിഞ്ഞതുകൊണ്ടാണ് ഹൃദയവേദനയോടെ ഞാനീ കുറിപ്പ് ഇടുന്നത്. എയർ ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠശർമ്മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും എന്റെ നെഞ്ചിനുള്ളിൽ സ്പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയിൽ അന്ന് ഹൃദയം സ്വീകരിച്ചയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കൾ പരിഹസിച്ചത് എന്നെക്കുറിച്ചാണ്.

ഞാനാണ് അന്ന് ഹൃദയം സ്വീകരിച്ച മാത്യു അച്ചാടൻ. 15 മാസം മുമ്പ് നടക്കാനോ നിൽക്കാനോ കഴിയാതെ ഏത് നിമിഷവും ജീവൻ നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിഞ്ഞിരുന്ന ഞാൻ ഇപ്പോൾ നിങ്ങളെ ഓരോരുത്തരേയും പോലെ സാധാരണ ജീവിതം നയിക്കുകയാണ്. ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യുന്നു. അവയവ ദാനത്തിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിക്കുന്ന ഈ കാലത്ത് അതിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ താങ്കളെപ്പോലെ പൊതു ജന സ്വീകാര്യനായ ഒരാൾ പറയുന്നത് സങ്കടകരമാണ്.

അവയവം ദാനം ചെയ്ത് മാതൃക കാട്ടുന്നവരേയും അത് സ്വീകരിച്ച് ജീവിതം തിരികെപ്പിടിയ്ക്കുന്ന എന്നെപ്പോലുള്ളവരേയും അത് ഏറെ സങ്കടപ്പെടുത്തും. ഒരു നടൻ എന്ന നിലയിലും, എഴുത്തുകാരൻ എന്ന നിലയിലും താങ്കളെ എറെ ബഹുമാനിക്കുന്ന ഞങ്ങൾ മലയാളികൾ താങ്കളുടെ വാക്കുകൾക്ക് വലിയ പ്രധാന്യംകല്പിക്കുന്നുണ്ടെന്ന്മനസ്സിലാക്കുക.

കാര്യങ്ങൾ അന്വേഷിച്ചും, പഠിച്ചും, മനസ്സിലാക്കിയും പൊതു വേദികളിൽ അവതരിപ്പിക്കണമെന്നു താങ്കളെ പോലുള്ള ഒരാളോട് പറയേണ്ടി വരുന്നതിൽ എനിക്കു ഖേദമുണ്ട്.മരണത്തിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും അവന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ നാടാണിത്. ദയവു ചെയ്ത് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തല്ലേ... 

Your Rating: