Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ച് ആശുപത്രികള്‍ക്ക് 50 വീല്‍ചെയര്‍ നല്‍കി മോഹന്‍ലാല്‍ ഫാന്‍സ്

mohanlal-movie

സിനിമ റിലീസ് ദിവസം തിയറ്ററില്‍ പോയി കൂക്കിവിളിക്കലും പോസ്റ്റര്‍ ഒട്ടിക്കലും മാത്രമല്ല ഫാന്‍സുകാരുടെ ജോലിയെന്ന് തെളിയിക്കുകയാണ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍. അഞ്ച് ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ഉപകാരപ്പെടുംവിധം 50 വീല്‍ചെയര്‍ വിതരണം ചെയ്ത് പ്രിയ നടന്റെ പിറന്നാള്‍ ആഘോഷം ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വ്യത്യസ്ഥമാക്കി. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സാന്നിധ്യം കൂടിയായപ്പോള്‍ ചടങ്ങിന് ഇരട്ടി മധുരം.

മോഹന്‍ലാല്‍ ആരാധകരായ അസോസിയേഷന്‍ പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ചാണ് വീല്‍ചെയറുകള്‍ വാങ്ങിയത്. ഒരെണ്ണത്തിന് ആറായിരത്തില്‍പ്പര രൂപ ചെലവായതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, എസ്എടി, പാറശാല ഗവ ആശുപത്രി എന്നിവിടങ്ങളിലേക്ക് വീല്‍ചെയറുകള്‍ വീതിച്ചു നല്‍കി.

വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മോഹന്‍ലാലിന്റെ ആദ്യ സിനിമയുടെ സംവിധായകന്‍ അശോക് കുമാര്‍, കിരീടം ഉണ്ണി, അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍കുമാര്‍, ജില്ലാ പ്രസിഡന്റ് പ്രസാദ്, സെക്രട്ടറി അഡ്വ: സാജന്‍, ട്രഷരര്‍ കാര്‍ത്തിക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിബു ശശി, സുരേഷ് പള്ളിച്ചല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.