Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാസബോംബിട്ടതുപോലെ എൻഡോസൾഫാൻ ദുരിതമേഖല: മോഹൻലാൽ

mohanlal-story

കളിയും ചിരിയും നിറമുള്ള സ്വപ്നങ്ങളും മണമുള്ള പുസ്തകങ്ങളും വർണം നിറഞ്ഞ ഉടുപ്പുകളുമാണു കുട്ടിക്കാലം. ഇതൊന്നുമില്ലാത്ത കുട്ടിക്കാലത്തെക്കുറിച്ച് ആലോചിക്കാനേ വയ്യ. എന്നാൽ, ഇതൊന്നുമില്ലാതെ സ്വന്തം കട്ടിലും കിടപ്പുമുറിയും മാത്രമായി ജീവിക്കുന്ന കുട്ടികളെക്കുറിച്ചോർക്കുമ്പോൾ നെഞ്ചു പൊള്ളുന്നു. അവരുടെ അച്ഛനമ്മമാരെക്കുറിച്ചോർക്കുമ്പോൾ നടുങ്ങിപ്പോകുന്നു. ഇതെല്ലാം നാം അവർക്കു നൽകിയ ദുരന്തമാണെന്നറിയുമ്പോൾ അവരുടെ മുന്നിൽ തല കുനിഞ്ഞുപോകുന്നു.

കാസർകോട്ടെ നൂറുകണക്കിനു കുട്ടികളും മുതിർന്നവരും വൈകല്യം ബാധിച്ചു കിടക്കുകയാണ്. അവരിൽ പലരും ആയുസ്സു മുഴുവൻ കട്ടിലിൽ കിടക്കാൻ വിധിക്കപ്പെട്ടവരാണ്. ചിലർ വീൽ ചെയറിൽ കഴിയാൻ വിധിക്കപ്പെട്ടവർ. എത്രയോ പേർ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും പരസഹായം വേണ്ടവർ. പലർക്കും ചുറ്റും നടക്കുന്നതൊന്നും അറിയില്ല. ഇവരിൽ പലരും ഈ ദുരിതവുമായി എത്രയോ വർഷം ജീവിക്കേണ്ടിവരുമെന്നുകൂടി അറിയുമ്പോൾ നെഞ്ചിലെ വേദന കൂടിക്കൂടി വരുന്നു.

എൻഡോസൾഫാൻ എന്ന കീടനാശിനി അറിയാതെ തളിച്ചു പോയതല്ല. ദുരന്തം ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിട്ടുപോലും നാം അതവിടെ തളിച്ചുകൊണ്ടിരുന്നു. രോഗത്തിന്റെ വേരുകൾ പടരുന്നുണ്ടെന്നറിഞ്ഞിട്ടും നാം നിയമത്തിന്റെ പഴുതുകളിലൂടെ തർക്കിച്ചുകൊണ്ടിരുന്നു.

അവസാനം വർഷങ്ങൾ നീണ്ട യുദ്ധത്തിലൂടെ എൻഡോസൾഫാൻ വേണ്ടെന്നു വയ്ക്കുമ്പോഴേക്കും എത്രയോ കുട്ടികളുടെ തലച്ചോറിലും ദേഹത്തും ദുരന്തത്തിന്റെ ഭീകരത പടർന്നു കയറിക്കഴിഞ്ഞിരുന്നു. രാസബോംബിട്ടതുപോലെയാണു കാസർകോട്ടെ എൻഡോസൾഫാൻ ദുരന്ത മേഖല. ജനിക്കുന്ന കുഞ്ഞുങ്ങളിൽപ്പോലും രാസജനിതക വൈകല്യമുണ്ട്. നമുക്കാർക്കും ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകില്ല. തലമുറകൾക്കായി നാം നൽകിയ ദുരന്തമാണിത്. എന്തു പ്രായശ്ചിത്തം ചെയ്താണ് നാം ഈ ദുരന്തത്തിന്റെ കടം തീർക്കുക.

ഈ കുട്ടികൾക്കു സാധാരണ കുട്ടികളുടെ ജീവിതം സമ്മാനിക്കാൻ നമുക്കു പരിമിതികളുണ്ട്. എന്നാൽ അവർക്കുള്ള ഏറ്റവും നല്ല ജീവിതം സമ്മാനിക്കാൻ നമുക്കു കഴിയണം. അക്ഷരവും പൂക്കളും നിറങ്ങളുമുള്ള ജീവിതം. നവരാത്രി എന്നത് ആഘോഷത്തിന്റെ കാലമാണ്. തിന്മയ്ക്കു മുകളിൽ നന്മയുടെ യുദ്ധവിജയത്തിന്റെ ആഘോഷം. തിന്മയുടെ രാക്ഷസീയ രൂപങ്ങളെ അഗ്നിക്കു സമ്മാനിച്ചുകൊണ്ടാണ് ഉത്തരേന്ത്യയിൽ നവരാത്രി പൂർത്തിയാകുന്നത്. ഇതു നന്മയുടെ കാലമാണ്, വിദ്യയുടെ കാലമാണ്. എൻഡോസൾഫാൻ ദുരന്തത്തിനിരയായ ഓരോ ജീവനും വേണ്ടി നമുക്കു കഴിവുള്ളതെല്ലാം ചെയ്യാം.

ഈ ജീവിതങ്ങൾക്കുവേണ്ടി മനോരമ നല്ലപാഠത്തിന്റെ കീഴിൽ ഒട്ടേറെ കുട്ടികൾ കൈകോർത്തിരിക്കുന്നു. ചോക്കലേറ്റും കളിപ്പാട്ടങ്ങളും വാങ്ങാനായി കാത്തുവച്ച പണംപോലും ഈ കുട്ടികൾ കാസർകോട്ടെ കുട്ടികൾക്കു സമ്മാനിക്കുകയാണ്. നമുക്ക് ഇതു മാതൃകയാക്കാം. ഏതെങ്കിലും ഒരു ചെറിയ സുഖം ത്യജിച്ചിട്ടെങ്കിലും ചെറിയൊരു തുക സമ്മാനിക്കാം. തുള്ളി തുള്ളിയായി പെയ്യുന്ന ഈ കാരുണ്യത്തിന്റെ മഴച്ചാറ്റൽ പെരുമഴയായി മാറണം. അതിന്റെ പ്രളയത്തിൽ പൊള്ളുന്ന ഓരോ മനസ്സും തണുക്കണം.

ഇതു നമ്മുടെ പ്രായശ്ചിത്തം കൂടിയാണ്. അവരുടെ ജീവിത ദുരന്തത്തിലെ പൊള്ളുന്ന ദിനങ്ങൾക്കു മുന്നിൽ നമ്മുടെ സ്നേഹത്തിന്റെ തണൽ വരിച്ചു കൊടുക്കാം. വീടിന്റെ മേൽക്കൂരയിലേക്കു നോക്കി കിടക്കാൻ വിധിക്കപ്പെട്ട ജീവിതങ്ങളുടെ മനസ്സിലെങ്കിലും നമുക്കു നിറമുള്ള കാഴ്ചകൾ നിറയ്ക്കാം. ഈ നവരാത്രിയിൽ നമുക്ക് അവരുടെ ജീവിതത്തിൽ ഒരു തിരിയെങ്കിലും തെളിയിക്കാം. അതു വലിയ വെളിച്ചമായി അവിടെ മുഴുവൻ നിറയട്ടെ. നല്ല പാഠത്തിനു കീഴിൽ അണിനിരക്കുന്ന കുറെ കുട്ടികൾക്ക് ഇത്രയും വലിയൊരു സംരംഭത്തിനു തുടക്കമിടാമെങ്കിൽ വലിയവരായ നമ്മുടെ കടമ അതിലും എത്രയോ വലുതാണെന്നും നാം തിരിച്ചറിയണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.