സ്റ്റൈൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം. ചിത്രത്തിലെ ഒരു ആക്ഷൻരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. കൊല്ലം തങ്കശ്ശേരി കടൽപാലത്തിൽ വെച്ച് കാറും ബൈക്കും തമ്മിലുള്ള ചേയ്സ് രംഗം ചിത്രീകരിക്കുന്നതിടയിലായിരുന്നു അപകടം.
ബൈക്കിൽ യാത്ര ചെയ്യുന്ന ഉണ്ണി ഒരു കാറിനെ പിന്തുടരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. തലനാരിഴയ്ക്കാണ് ഉണ്ണി മുകുന്ദനും ടൊവീനോയും രക്ഷപ്പെട്ടത്. അപകടത്തിൽ ആർക്കും പരുക്കില്ലെങ്കിലും ഇതിനായി പ്രത്യേകം തയ്യാറാക്കിയ കാറിന് കേടുപാടുകൾ സംഭവിച്ചു.
ആക്ഷൻ രംഗങ്ങൾക്ക് ഒരുപാട് പ്രാധാന്യം കൊടുത്ത് ഒരുക്കുന്ന ചിത്രമാണ് സ്റ്റൈൽ എന്നും, ഭാഗ്യം കൊണ്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഉണ്ണി മുകുന്ദൻ മനോരമ ഓൺലൈനോട് പറഞ്ഞു.
ഇതിഹാസ എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ബിനു എസ് ആണ് സ്റ്റൈൽ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ ഒരു കാർ മെക്കാനിക്കിന്റെ വേഷത്തിൽ എത്തുന്നു. ടൊവീനോ തോമസ്, പ്രിയ, ബാലു എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ.