Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂ‌‌‌‌ക്ഷിക്കുക തിയറ്ററിനുള്ളിൽ ഇനി അതിരുവിടരുത്

night-vision ഇരുട്ടിൽ നൈറ്റ് വിഷൻ ക്യാമറ പകർത്തിയ വ്യക്തതയുള്ള ദൃശ്യം

അവൾ ഗോവണിക്കു താഴെ മറഞ്ഞു നിന്നു. അവൻ ക്യൂവിൽ കാത്തു നിന്നു ടിക്കറ്റെടുത്തു. ആരും കാണാതിരിക്കാൻ ഇരുവരും തിടുക്കപ്പെട്ടു തിയറ്ററിനുള്ളിൽ കയറി. അടുത്തടുത്ത സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു. പരസ്യങ്ങൾക്കു ശേഷം പടം തുടങ്ങി. ആദ്യ സെറ്റ് ലൈറ്റുകൾ അണഞ്ഞു. അഞ്ചു മിനിറ്റ്.

തിയറ്ററിനുള്ളിലെ ബാക്കി വെളിച്ചവും കെട്ടു. അന്ധകാരം. അവന്റെ കൈകൾ പതുക്കെ അവളിലേക്കു നീണ്ടു... ‘നിർത്തെടാ...!!!!’ നിർത്ത്. കാലം മാറി. തിയറ്ററിനുള്ളിൽ പ്രണയം പഴയതു പോലെ അതിരുവിടരുത്. അടുത്തിരിക്കുന്നവർ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെങ്കിലും ഏതു കുറ്റാക്കൂരിരുട്ടിലും നിങ്ങളെ കാണുന്ന ഒരാൾ മുകളിലുണ്ടെന്ന് ഓർക്കുക; ക്യാമറ!

ഇരുട്ടിലും പകലിലെന്ന പോലെ എല്ലാം ഒപ്പിയെടുക്കുന്ന ക്യാമറ സകല തിയറ്ററുകളിലും സ്ഥാനം പിടിക്കുകയാണ്. സ്ക്രീനിലെ പ്രണയ ലീലകൾ സീറ്റിലും കാട്ടിയാൽ അവയെല്ലാം കണ്ട് അകത്ത് ആളിരിക്കുന്നെന്ന കാര്യം മറക്കരുത്. ഇൗ സീനെങ്ങാനും മൊബൈൽ ഫോണിൽ പകർത്തി നെറ്റിലിട്ടാൽ എട്ടിന്റെ പണി കിട്ടും.

നാട്ടിൻപുറത്തെ തിയറ്ററുകൾ പോലും ആധുനികവൽക്കരിച്ചതോടെയാണു നൈറ്റ് വിഷൻ ക്യാമറകൾക്കു തിയറ്ററിനുള്ളിലേക്കു ടിക്കറ്റു കിട്ടിയത്. നമ്മൾ സ്ക്രീനിൽ നോക്കുമ്പോൾ ക്യാമറകൾ നമ്മളെ നോക്കുന്നുവെന്ന് ആരും മറക്കരുത്. തിയറ്ററിനുള്ളിലെ സിഗരറ്റു വലി, സീറ്റു വലിച്ചു കീറൽ, കാലെടുത്തു സീറ്റിനു മുകളിൽ വയ്ക്കൽ, മദ്യപിച്ച് അലമ്പുണ്ടാക്കൽ തുടങ്ങിയവ കണ്ടെത്താനാണു ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതെങ്കിലും വിവേചന ബുദ്ധിയില്ലാത്ത ക്യാമറ എല്ലാം പകർത്തും. തിയറ്ററിലെ ഇരുട്ടു സീനുകൾ എത്രമാത്രം വ്യക്തതയോടെ ക്യാമറ പകർത്തുമെന്നതിന് ഇതോടൊപ്പമുള്ള ചിത്രം തന്നെ സാക്ഷി.

ക്യാമറകൾ സ്ഥാപിക്കാനായി മാത്രം ഇപ്പോൾ ലക്ഷങ്ങളാണു തിയറ്ററുകാർ മുടക്കുന്നത്. നവീകരണ പാക്കേജിൽ മിക്ക തിയറ്ററുകാരും ക്യാമറ വയ്ക്കലും ഉൾപ്പെടുത്തിയിട്ടുണ്ട്. അവ പകർത്തുന്ന ദൃശ്യങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കുകയും ചെയ്യും. തിയറ്റർ മാത്രമല്ല, ഇന്റർനെറ്റ് കഫേ, കോഫി ഷോപ്പ്, ഐസ്ക്രീം പാർലർ, പാർക്ക് തുടങ്ങി ഒരു കാലത്തു കമിതാക്കളുടെ ഇഷ്ട ഇടങ്ങളായ എല്ലായിടങ്ങളിലും ഇന്നു ക്യാമറയുണ്ട്. സദാ സമയവും കയ്യിൽ മൊബൈൽ ക്യാമറയുമായി നടക്കുന്ന നമുക്ക് പൊതുഇടങ്ങളിൽ ക്യാമറ വയ്ക്കുന്നതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു വാദിക്കാനും കഴിയില്ലല്ലോ, അല്ലേ?