Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിക്ക് സഖറിയ എന്ന പേരിടാൻ കാരണം; നിതിൻ പറയുന്നു

nithin-kasaba മമ്മൂട്ടി, നിതിൻ

നിതിൻ രൺജി പണിക്കറുടെ ഓർമയിൽ തിയറ്ററിൽ ചെന്നു കണ്ട ആദ്യ സിനിമ ഇൻസ്പെക്ടർ ബൽറാം. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി എത്തിയപ്പോൾ ആദ്യം വർക്ക് ചെയ്ത സിനിമ അച്ഛൻ രൺജി പണിക്കർ സംവിധാനം ചെയ്ത ഭരത് ചന്ദ്രൻ ഐപിഎസ്. ആദ്യമായി സംവിധാനം ചെയ്ത സിനിമ കസബ.

ഈ മൂന്നു സിനിമകളും തമ്മിൽ ഒരു ബന്ധവും ഇല്ലെങ്കിലും നിതിനെ സംബന്ധിച്ച് ഈ മൂന്നു സിനിമകളെയും കൂട്ടിയിണക്കുന്ന ഒരു കണ്ണിയുണ്ട്. പൊലീസ്. തന്റെ ആദ്യ ചിത്രത്തിൽ നായകനെ പൊലീസാക്കിയതു മനഃപൂർവം അല്ലെന്നാണു നിതിൻ പറയുന്നത്. യാദൃശ്ചികമായി ഒരു പൊലീസ് സിനിമയിൽ എത്തുകയായിരുന്നു. യവനിക മുതൽ ഫെയ്സ് ടു ഫെയ്സ് വരെ ഒട്ടേറെ സിനിമകളിൽ കരുത്തുറ്റ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടിയാണു കസബയിലെ സിഐ രാജൻ സക്കറിയ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

kasaba-varalaxmi

നീതിയും നിയമവും പാലിക്കുന്ന പൊലീസ് ഓഫിസർമാരെയാണു സിനിമയിൽ കൂടുതൽ കണ്ടിട്ടുള്ളത്. എന്നാൽ അങ്ങനെയല്ലാത്ത പൊലീസുകാരും സമൂഹത്തിലുണ്ട്. സിഐ രാജൻ സക്കറിയ അതുപോലൊരു കഥാപാത്രമാണ്. ‘മുപ്പതോളം സിനിമകളിൽ മമ്മുക്ക പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കഥാപാത്രങ്ങളുടെ അവതരണ രീതിയിൽ അദ്ദേഹം എന്നും വ്യത്യസ്തത പുലർത്തിയിട്ടുണ്ട്. ആവനാഴിയിലെയും ഇൻസ്പെക്ടർ ബൽറാമിലെയും ബൽറാം, ഓഗസ്റ്റ് ഒന്നിലെയും ഓഗസ്റ്റ് 15ലെയും പെരുമാൾ, സേതുരാമയ്യർ സീരീസിലെ സേതുരാമയ്യർ, ബ്ലാക്കിലെ ഷൺമുഖൻ, രൗദ്രത്തിലെ നരി എന്നിവയൊക്കെ പൊലീസ് കഥാപാത്രങ്ങളാണെങ്കിലും വ്യത്യസ്ത രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെ തന്നെ വ്യത്യസ്തമായ കസബയിലെ പൊലീസ് വേഷവും വ്യത്യസ്തമായിരിക്കുമെന്നാണുവിശ്വാസം’– നിതിൻ പറയുന്നു.

kasaba-mammootty

അലക്ഷ്യമായ രീതിയിൽ യൂണിഫോം ധരിക്കുന്ന, ചെറിയ നർമങ്ങളും അത്യാവശ്യം തോന്ന്യവാസവും കൈമുതലായ വ്യക്തിയാണു രാജൻ സക്കറിയ. അയാളുടെ നടപ്പിലും സംഭാഷണത്തിലും ചലനത്തിലും തന്നെയുണ്ടു വ്യത്യാസം. സിറ്റിയിൽ നിന്നു മാറി ഗ്രാമീണ പശ്ചാത്തലത്തിലാണു കസബ ഒരുക്കിയിരിക്കുന്നത്. എനിക്കു തോന്നുന്നു ആദ്യമായാണു മമ്മൂക്ക ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു പൊലീസ് കഥാപാത്രം ചെയ്യുന്നതെന്ന്. കൂടാതെ അന്വേഷണം ഫോക്കസ് ചെയ്തു മാത്രം മുന്നോട്ടു പോകുന്ന ഒരു സിനിമയല്ല ഇത്.

kasaba-stills

ഞാൻ ചെറുപ്പം മുതൽ കണ്ടു വളർന്നതും എനിക്ക് ഇഷ്ടപ്പെട്ടതുമായ ചിത്രങ്ങളാണ് അച്ഛന്റേത്. അച്ഛൻ ചെയ്ത പൊലീസ് സിനിമകളായ ഏകലവ്യനും കമ്മിഷണറും രൗദ്രവുമൊക്കെ ഏറെ ഇഷ്ടമായതു കൊണ്ടു തന്നെ അതിന്റെ സാമ്യം കടന്നു വരാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അച്ഛന്റെ സിനിമകളിൽ കാണുന്ന നായകൻമാരെ പോലെയല്ല കസബയിലെ നായകൻ. ആ സിനിമകളുടെ കഥ പറയുന്ന പാറ്റേണും പശ്ചാത്തലവും ഒന്നും ഈ സിനിമയിൽ ഇല്ല. അച്ഛന്റെ സിനിമകൾ എന്നും അതതു കാലത്തെ രാഷ്ട്രീയം ചർച്ച ചെയ്യുന്നവയായിരുന്നു.

kasaba-varalaximi-mammootty

എന്നാൽ കസബയിൽ രാഷ്ട്രീയമൊക്കെ കടന്നു വരുന്നുവെങ്കിലും അതൊക്കെ മറ്റൊരു രീതിയിലാണു സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. അച്ഛന്റെ സിനിമകളിൽ കാണുന്ന നെടുങ്കൻ ഡയലോഗുകളും ഈ സിനിമയിൽ ഇല്ല. ആദ്യാവസാനം ആക്‌ഷൻ മൂഡ് നിലനിർത്തുന്ന സിനിമയാണെന്ന സാമ്യം മാത്രമാണ് ഇതിന് അച്ഛന്റെ സിനിമയുമായി ആകെയുള്ള ബന്ധം. രസകരമായ ചെറിയ പഞ്ച് ഡയലോഗുകളാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.

kasaba-still

ജോഷിയുടെയും പ്രിയദർശന്റെയും മണിരത്നത്തിന്റെയും ഡെന്നീസ് ജോസഫിന്റെയും പത്മരാജന്റെയും ടി. ദാമോദരന്റെയും ഐ.വി.ശശിയുടെയും സിനിമകളെ ഇഷ്ടപ്പെടുന്ന നിതിൻ, പത്മരാജന്റെ അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമയിലെ മമ്മൂട്ടിയുടെ സഖറിയ എന്ന കഥാപാത്രത്തോട് തോന്നിയ ഇഷ്ടത്തെത്തുടർന്നാണു തന്റെ ആദ്യനായകനും അതേ പേരു നൽകിയത്.  

Your Rating: