Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറവൂർ ഭരതൻ (86) അന്തരിച്ചു

paravoor-bharathan

ചലച്ചിത്ര നടൻ പറവൂർ ഭരതൻ (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു. 1951ൽ രക്തബന്ധം എന്ന സിനിമയിൽ ചെറിയ വേഷത്തിലാണ് അഭിനയജീവിതം തുടങ്ങിയത്. 2009വരെ സിനിമാ ലോകത്ത് സജീവമായിരുന്നു. ആയിരത്തിലേറെ ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യകാല സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച അദ്ദേഹം പിന്നീട് കോമഡി വേഷത്തിലേക്കു മാറി. അദ്ദേഹം അഭിനയിച്ച ചെമ്മീൻ എന്ന ചിത്രത്തിന്റെ അൻപതു വർഷം പിന്നിടുന്ന ദിവസമാണ് ഭരതന്റെ അന്ത്യമെന്നത് യാദൃശ്ചികമാണ്. ഭാര്യ തങ്കമണി.

മലയാള സിനിമയുടെ എന്നത്തെയും കാരണവരായി അവരോധിച്ചിരിക്കുന്ന തിക്കുറിശ്ശിയുടെ തൊട്ടു പിന്നാലെയാണ് ഭരതനും മലയാള സിനിമയിലെത്തിയത്, സ്വന്തം ശൈലിയുമായി. വടക്കൻ പറവൂരിനടുത്ത് മൂത്തകുന്നം കരയിൽ വാവക്കാട് 1928ല്‍ ഒരു സാധാരണ തെങ്ങുചെത്ത് തൊഴിലാളിയുടെ മകനായിട്ടായിരുന്നു ഭരതന്‍റെ ജനനം. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയപ്പോള്‍ ആ ബാല്യം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം കയര്‍ തൊഴിലാളിയായ അമ്മ കുറുമ്പക്കുട്ടിയുടെ ചുമതലയായി. എന്നാല്‍ സ്കൂള്‍ തലത്തില്‍ തന്നെ ഭരതനിലെ അഭിനയ ചാതുര്യം മറനീക്കി പുറത്തുവന്നിരുന്നു.

സ്കൂളില്‍ ഒരു തെങ്ങുകയറ്റത്തൊഴിലാളിയെ മോണോ ആക്ടിലൂടെ അവതരിപ്പിച്ച ഭരതന്‍ സ്വയം അറിയാതെ നാടക വേദിയിലേക്കുള്ള സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മോണോ ആക്ട് കണ്ട കെടാമംഗലം സദാശിവന്‍ ഭരതന് ആദ്യ അവസരം നല്‍കി. അങ്ങിനെ അന്ന് ഒരു നാടകത്തില്‍ കെട്ടിയ ജന്മി വേഷം പിന്നീട് സിനിമയിലേക്കുള്ള ആദ്യ ചവിട്ടുപടിയായി എന്നു കരുതാം.

നാടകം ഭരതന് ജീവിതമായിരുന്നു, സിനിമ ജീവിത വ്രതവും. 'മാറ്റൊലി" എന്ന നാടകത്തിലെ നായിക ഭരതന്‍റെ ജീവിത സഖിയായതും മറിച്ചൊരു കാരണം കൊണ്ടാവില്ല. സിനിമയില്‍ പേര് വളരുന്നതിനൊപ്പം തന്‍റെ നാടിന്‍റെ പേരും വളരുന്നത് സാകൂതം നോക്കികാണുന്ന നടനാണ് പറവൂര്‍ ഭരതന്‍. 1940കളുടെ മധ്യത്തോടെ ആ പ്രദേശത്തുള്ള അമേച്വർ നാടകസമിതിയികളിലെ ഒരു സ്ഥിരം സാന്നിധ്യമായി ഈ നടൻ മാറി. ജോസ് പ്രകാശിന്റെ നാടകസമിതിയിലും അദ്ദേഹം അഭിനയിച്ചു. ഈ നാടകബന്ധങ്ങളാണ് ഭരതനെ സിനിമയിലെത്തിച്ചത്.

1964ൽ എം.കൃഷ്ണൻനായർ സംവിധാനം ചെയ്ത കറുത്ത കൈയിലെ മുഴുനീള വില്ലൻ വേഷം ആണ് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ആദ്യ വഴിത്തിരിവ്. പഞ്ചവർണത്തത്ത പോലെ എന്ന പ്രശസ്തമായ ഗാനം പാടി അഭിനയിച്ചത് ഭരതനായിരുന്നു. പിന്നീട് പലതരത്തിലുള്ള റോളുകളും അദ്ദേഹത്തെ തേടിയെത്തി. ഹാസ്യറോളുകൾ മുതൽ വില്ലൻ വേഷങ്ങളും സ്വഭാവനടന്റെ റോളുകളും ഒക്കെ അദ്ദേഹം ചെയ്തു. ചങ്ങാതിക്കൂട്ടമാണ് അവസാന ചലചിത്രം. പരേതന്റെ വിലാപം എന്ന ടെലിഫിലിമിലാണ് അവസാനമായി അഭിനയിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.