Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടറിവിനേക്കാൾ നൊമ്പരമാണ് നഴ്സുമാരുടെ ജീവിതം: പാർവതി

parvathi-chakochan

കനിവിന്റെ മാലാഖമാരുടെ കഥയുമായി ഒരു സിനിമയെത്തുന്നു. നഴ്സുമാരുടെ ജീവിതം പറയുന്ന സിനിമ. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ. ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്സുമാരുടെ ജീവിതമാണു മഹേഷ് നാരായണന്റെ പുതിയ ചിത്രം.

parvathi-1

12 വർഷത്തിലേറെയായി മലയാള സിനിമയിൽ എഡിറ്ററുടെ വേഷത്തിൽ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ പേരിടാത്ത ചിത്രത്തിലൂടെ. അഭിനേതാക്കളായി കുഞ്ചാക്കോ ബോബൻ, പാർവതി, ഫഹദ് ഫാസിൽ, ആസിഫ് അലി, ജോജു, അലൻസിയർ തുടങ്ങിയ നീണ്ട താരനിരകളുമുണ്ട്.

parvathi-chakochan-2

തീർന്നില്ല വിശേഷണം. മലയാളത്തിൽ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നിൽക്കവെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസാണു ഈ സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ഒപ്പമുണ്ട്.

ഇറാഖിലെ തിക്രിത്തിൽ വിമതരുടെ പിടിയലായ ആശുപത്രിയിൽ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ജീവിതമാണു ചിത്രത്തിന്റെ പ്രമേയം. 2014ൽ വിമത അക്രമണത്തിൽ ആശുപത്രിയിൽ കുടുങ്ങിയ നാൽപ്പതിലേറെ നഴ്സുമാർ ഒരു മാസത്തിനു ശേഷമാണു നാട്ടിലെത്തിയത്.

parvathi-chakochan-1

പക്ഷെ കുടുംബത്തിലെ കഷ്ടപ്പാടുകളും പഠനത്തിന്റെ ലോൺ ഉൾപ്പെടെയുള്ള ഭാരങ്ങളും കാരണം പഴയ സ്ഥലത്തേക്കു തന്നെ മടങ്ങാനായിരുന്നു പലർക്കും താൽപര്യം. വാർത്തകളിലൂടെ അറിഞ്ഞ സംഭവങ്ങളെക്കാൾ വേദന നിറഞ്ഞതായിരുന്നു ഇവരുടെ ജീവിതമെന്നു നടി പാർവതി പറയുന്നു. സിനിമയുടെ ഭാഗമായി ഈ നഴ്സുമാരെ പലരെയും നേരിൽ കണ്ട് സംസാരിച്ചിരുന്നു. അവരുടെ ജീവിതവും മറ്റും സിനിമയിലൂടെ എത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.

parvathi-5

വിദേശത്തു നിന്നുവന്ന പല നഴ്സുമാർക്കും ഇപ്പോൾ ജോലി പോലുമില്ല. അവർക്കു ജോലിയും മികച്ച വേതനവും ഉറപ്പാക്കാനുള്ള ശ്രമം കൂടി ഈ സിനിമയോടൊപ്പം ഉണ്ടാകുമെന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞു. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമ ഒക്ടോബറിൽ ഷൂട്ടിങ് പൂർത്തിയാക്കും.