Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില പത്തനാപുരം ട്രോളുകൾ

troll

മുൻപേ ഉറപ്പായിരുന്നു. എന്നാലും ഇത്രകണ്ടങ്ങ് കൈവിട്ടു പോകുമെന്ന് കരുതിയില്ല. കാര്യങ്ങൾ കൂടുതൽ വയലന്റ് ആയോ എന്നാണ് സംശയം. എന്താണന്നല്ലേ...

ഹായ് ഈ ചങ്ങാതി ചിരി നിർത്തുന്നില്ലെന്നേ...ആള് ജയിച്ചൂന്നറിഞ്ഞപ്പോൾ മുതൽ ഫേസ്ബുക്കിലും വാട്സ് ആപ്പിലും മാറി മാറി നോക്കി ചിരിയാണ്. ചിരി തൊണ്ടേൽ കുടുങ്ങി ചാകുമോന്നാ ഇപ്പോഴത്തെ സംശയം. കുറ്റംപറയാനാകില്ല. ട്രോളുത്സവവമെന്ന സാഗരത്തിൽ നോക്കി അന്തംവിട്ട കുട്ടിയെ എന്ത് പറയുവാനാണ്.

ganesh

കരഞ്ഞ് നെലവിളിച്ച് നെഞ്ചത്ത് കയ്യുംകൊടുത്തിരിക്കുന്ന ഭീമൻ, ഭീമനെ കെട്ടിപ്പിടിച്ച് കരയുന്ന അപ്പുക്കുട്ടൻ...

എന്തൊക്കെ കാണണം...എന്തിനെക്കുറിച്ചാണ് ആരെക്കുറിച്ചാണ് എവിടത്തെക്കുറിച്ചാണ് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കൊല്ലത്തെ പത്തനാപുരത്ത് സ്ഥാനാർഥി പ്രഖ്യാപനം കഴി​​ഞ്ഞപ്പോ‌ഴേ തുടങ്ങിയതാണ് ഈ ട്രോൾ കച്ചവടം. ദാ ഇതുവരെ നിന്നിട്ടില്ല. ചിലർക്കിതൊരു ഹരമായി മാറിക്കഴിഞ്ഞു. ഫേസ്ബുക്കിനും വാട്സ് ആപ്പിനും പത്തനാപുരം കാരണം കച്ചവടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് വേണം കരുതുവാൻ.

troll-bheeman

സിനിമയിൽ നിന്നിറങ്ങി അച്ഛന്റെ കൈപിടിച്ച് ഗണേഷ് ആദ്യം മത്സരിക്കാനെത്തിയപ്പോഴേ പത്തനാപുരം ഫേമസ് ആണ്. ഭീമൻ രഘുവിനെയും ജഗദീഷിനെയും തോൽപ്പിച്ച് നാലാമൂഴത്തിലും ജയിച്ച്, മുന്നേറ്റം തുടരുകയാണ് ഗണേഷ് കുമാർ. 24562 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ ഗണേഷ്കുമാർ ഇവിടെ വിജയിച്ചത്. ജഗദീഷ് 49867 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. ഭീമൻ രഘുവിന് 11700 വോട്ടും ലഭിച്ചു.
ഏതെങ്കിലും കവലയിൽ വച്ച് തമ്മിൽ കാണുമ്പോൾ കെട്ടിപ്പിടിച്ചുമ്മ വയ്ക്കുമെങ്കിലും മൂന്നു പേരും തമ്മിൽ ആവശ്യത്തിലധികം വാക്പോര് നടത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ‌ ഗണേഷിനെ പിന്തുണച്ച് മോഹന്‍ലാൽ എത്തിയതും അതിനെ തുടർന്ന് ജഗദീഷ് കരഞ്ഞതും, ലാൽ അല്ല ബച്ചൻ വന്നാലും ഇവിടെ താൻ തന്നെ ജയിക്കുമെന്ന് ഭീമൻ രഘു ഭീമനായി പറ​ഞ്ഞതും ട്രോളാക്കി മതിയാവും മുൻപേയാണ് ഫലമെത്തിയത്.

troll-jagadeesh

എന്റെ ജയം നിങ്ങളുടെ വിജയമാണ്, പിന്തുണച്ചവർക്ക് ഒത്തിരി ഒത്തിരി നന്ദി എന്നുമായിരുന്നു ഗണേഷിന്റെ പ്രതികരണം. ജനവിധി മാനിക്കുന്നുവെന്നും സുഹൃത്ത് ഗണേഷ് കുമാറിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മത്സരഫലം അറിഞ്ഞ ശേഷം ജഗദീഷ് പറഞ്ഞത്. ഭീമൻ രഘുവിന്‍റെ പ്രതികരണം വരാനിരിക്കുന്നതേയുള്ളൂ.

ഇൻ ഹരിഹർ നഗറിലെയും മഹേഷിന്റെ പ്രതികാരത്തിലെയും പിന്നെ ഭീമൻ രഘു ചിത്രങ്ങളിലെയും തട്ടുപൊളിപ്പൻ ഡയലോഗുകളും സീനുകളും ചേര്‍ത്ത ട്രോളുകൾ വിടർത്തിയ ചിരിപ്പൂരത്തിന് ആകാശത്തോളം പൊക്കമുണ്ട്....സംഗതി പൊളിച്ചടുക്കി എന്നു പറഞ്ഞാൽ മതിയല്ലോ....