Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയയെ ഞാൻ ചതിച്ചിട്ടില്ല: ഫോട്ടോഗ്രാഫര്‍

ineya-actress

പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ക്കെതിരെ തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഇനിയ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. തന്‍റെ അനുവാദമില്ലാതെ മോശമായ ചിത്രങ്ങള്‍ എടുത്ത് മറ്റു വെബ്സൈറ്റുകള്‍ക്ക് നല്‍കി ചതിക്കുകയാണ് ഫോട്ടോഗ്രാഫര്‍ ചെയ്തതെന്ന് ഇനിയ ആരോപിച്ചിരുന്നു. നടിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഫോട്ടോഗ്രാഫര്‍ തന്നെ രംഗത്തെത്തി.

‘ ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എന്‍റെ തന്നെ സ്റ്റുഡിയോയില്‍വച്ച് ഇനിയ ഫോട്ടോഷൂട്ട് നടത്തിയത്. ഇനിയയുടെ അമ്മയും സഹോദരിയും അവര്‍ക്കൊപ്പം എത്തിയിരുന്നു. നാലഞ്ച് കോസ്റ്റ്യൂമകളില്‍ ഇനിയയുടെ ഷൂട്ട് നടത്തി.

ഫോട്ടോഷൂട്ടില്‍ സംതൃപ്തയാണെന്നും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഭാവിയില്‍ വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും ഇനിയ പറഞ്ഞിരുന്നു. അതിന് ശേഷം പല മാസികകളിലും ആ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളത്തിലെ ഒരു പ്രമുഖ ഫിലിംമാസികയ്ക്ക് വേണ്ടിയായിരുന്നു ആ ഫോട്ടോഷൂട്ട്. ഫോട്ടോഷൂട്ട് കഴിഞ്ഞ ഉടന്‍ തന്നെ മാഗസിന്‍റെ ഓഫീസില്‍ എത്തി മെമ്മറി കാര്‍ഡ് കൈമാറുകയും ചെയ്തു. ഫോട്ടോകള്‍ തരംതിരിക്കാതെയാണ് അവരെ ഏല്‍പ്പിച്ചത്. എഡിറ്റ് ചെയ്യാത്ത ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാഗസിന്‍ ജീവനക്കാരോട് പ്രത്യേകം പറയുകയും ചെയ്തിരുന്നു. അത് അവര്‍ അംഗീകരിക്കുകയും ചെയ്തു.

അതേ മാസികയ്ക്ക് ഇനിയ ഒരു അഭിമുഖം കൊടുക്കുകയും അവരുടെ കൈയ്യില്‍ ഇനിയയുടെ ചിത്രങ്ങള്‍ ഉണ്ടെന്ന് പറയുകയും ചെയ്തു. അതിനെതിരെ ഇനിയ പ്രതികരിച്ചതുമില്ല. എന്നാല്‍ മാസിക പ്രസിദ്ധീകരിച്ചത് ഇനിയയുടെ ഗ്ലാമറസ് ഫോട്ടോയാണ്.

എന്‍റെ ചോദ്യം ഇതാണ്. ഒരു സെലിബ്രിറ്റി ഫോട്ടോയുടെ അവസാന ഉത്തരവാദി ഒരു ഫോട്ടോഗ്രാഫര്‍ ആണോ? ഇത് പ്രസിദ്ധീകരിക്കാനുള്ള അനുവാദം നല്‍കേണ്ടത് ഞാനാണോ ? ആ മാസികയില്‍ നിന്നും ആരുംതന്നെ ഈ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതിനായി ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇനിയയെ കണ്ടിട്ടില്ല. ഈ ഫോട്ടോഷൂട്ടിന് ഒരുചില്ലിക്കാശു പോലും ഈ നിമിഷം വരെ എനിക്ക് കിട്ടിയിട്ടുമില്ല. ഈ പറയുന്ന മാസികയ്ക്കായി ഒരു വര്‍ഷമായി ഒരു ഫോട്ടോഷൂട്ടും ചെയ്തിട്ടുമില്ല.

എന്നാല്‍ രണ്ടുദിവസം മുന്‍പ് ഇനിയ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് കണ്ട് ഞാന്‍ ഞെട്ടി. എന്നെ കരിവാരിതേക്കുന്ന രീതിയിലുള്ള ആരോപണങ്ങളാണ് അതി്‍ എഴുതിയിരിക്കുന്നത്. ഞാനൊരു ചതിയന്‍ ഫോട്ടോഗ്രാഫര്‍ ആണെന്ന് ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. ഇതിന്‍റെ വാസ്തവമറിയാന്‍ ഇനിയയെ വിളിച്ചെങ്കിലും അമ്മയാണ് ഫോണ്‍ എടുത്തത്. എന്നാല്‍ എന്‍റെ വിശദീകരണം മനസ്സിലാക്കാന്‍ ശ്രമിക്കാതെ ആ ഫോട്ടോയ്ക്ക് വലിയൊരു നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് ഞാന്‍ എന്‍റെ വസ്തുതകളിലേക്ക് മടങ്ങിവരുകയും എന്ത് മാനദണ്ഡത്തിലാണ് എന്നോട് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് അവരോട് ചോദിക്കുകയും ചെയ്തു. ഇനിയയുടെ ആരോപണം എന്നെ മാനസികമായി ദ്രോഹിക്കുകയും ഞെട്ടലേല്‍പ്പിക്കുകയും ചെയ്തു. എന്‍റെ ഭാഗം വ്യക്തമാക്കുന്നതിനായാണ് ഈ പോസ്റ്റ് എഴുതിയത്. ഫോട്ടോഗ്രാഫര്‍ പറയുന്നു.