Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമൽഹാസനെ അഭിനന്ദിച്ച് പിണറായി വിജയന്‍

makal-pinarayi

ഷെവലിയാര്‍ പുരസ്‌കാരത്തിന് അർഹനായ നടൻ കമൽഹാസനെ അഭിനന്ദിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഖ്യാത നടന്‍ കമലഹാസന് ഫ്രഞ്ച് സര്‍ക്കാര്‍ ഷെവലിയാര്‍ പട്ടം നല്‍കി ആദരിച്ചതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പരിഗണിച്ചാണ് ഫ്രാന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട ബഹുമതികളിലൊന്നിന് കമലഹാസന്‍ അര്‍ഹനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അഭിനന്ദനക്കുറിപ്പ് പോസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ കുറിപ്പ്–

‘വിഖ്യാത നടൻ കമലഹാസനെ ഫ്രഞ്ച് സർക്കാർ ഷെവലിയാർ പട്ടം നൽകി ആദരിച്ചുവെന്നത് വളരെയധികം സന്തോഷമുണ്ടാക്കി. ഇന്ത്യൻ സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേക്കുയർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് പരിഗണിച്ചാണ് ഫ്രാൻസിലെ ഏറ്റവും പ്രധാനപ്പെട്ട ബഹുമതികളിലൊന്നിന് കമലഹാസൻ അർഹനായത്. ഈ നേട്ടത്തിനു മുന്നിലും തനിക്കു ലഭിച്ച അവാർഡ് ആരാധകർക്കും, കാണികൾക്കും സമർപ്പിച്ച് കൂടുതൽ വിനയാന്വിതനാവുകയാണ് അദ്ദേഹം.

ഇന്ത്യൻ സിനിമയുടെ യശസ്സ് ലോകത്തിനു മുന്നിൽ ഉയർത്തിക്കാണിച്ച കമലഹാസനെ എല്ലാ മലയാളികളുടെ പേരിലും ഹൃദയപൂർവം അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു.’

പരമോന്നത ഫ്രഞ്ച് ബഹുമതിയായ ലീജിയണ്‍ ഓഫ് ഓണര്‍ പുരസ്‌കാരങ്ങളുടെ ഭാഗമാണ് ഷെവലിയര്‍. കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമാണ് ഷെവലിയര്‍ പുരസ്‌കാരം നല്‍കുന്നത്. ശിവാജി ഗണേശന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, നന്ദിതാ ദാസ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് നേരത്തെ ഷെവലിയര്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.