Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീണ്ട മൂന്നരവർഷം; ബാഹുബലി ജീവിതത്തിന് വിടപറഞ്ഞ്് പ്രഭാസ്

prabhas-anushka

613 ദിവസങ്ങൾ, പ്രോജക്ടിനായി മാറ്റിവച്ചത് മൂന്നരവർഷം. അവസാനം പ്രഭാസ് ബാഹുബലിയുടെ കുപ്പായം ഊരി. ജനുവരി ആറിനാണ് ബാഹുബലി: ദ കണ്‍ക്ലൂഷനിലെ തന്റെ അവസാനരംഗം പ്രഭാസ് അഭിനയിച്ചു തീർത്തത്.

സംവിധായകൻ രാജമൗലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. പ്രഭാസിനെപ്പോലെ ഈ പ്രോജക്ടിൽ വിശ്വാസമർപ്പിച്ചവർ ആരുമില്ലായിരുന്നെന്ന് രാജമൗലി വ്യക്തമാക്കി. കരിയറിലെ മൂന്നരവർഷം ഒരു സിനിമയ്ക്കായി മാറ്റിവച്ച ഡാർലിങ് പ്രഭാസിന് നന്ദി അറിയിച്ചാണ് രാജമൗലി ട്വിറ്റർ സന്ദേശം അവസാനിപ്പിച്ചത്.

ചെന്നൈയിൽ ജനിച്ച, എൻജിനിയറിങ് ബിരുദധാരിയായ പ്രഭാസ് 2002ൽ ഈശ്വർ എന്ന ചിത്രത്തിലൂടെയാണു അരങ്ങേറുന്നത്. വർഷം എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളർന്ന പ്രഭാസ് രാജമൗലിയുടെ തന്നെ ചത്രപതിയിലെ അഭയാർഥി വേഷത്തിലൂടെയാണ് സൂപ്പർതാരമായി മാറുന്നത്. തന്റെ സ്വപ്ന സിനിമയിലെ നായകനാക്കി പ്രഭാസിനെ മാറ്റാൻ രാജമൗലിക്കു പ്രേരണയായതും ആ അനുഭവ പരിചയമാണ്. പക്ഷേ, അതിനു വേണ്ടിയുള്ള പ്രഭാസിന്റെ സമർപ്പണവും അസാമാന്യമായിരുന്നു.

ബാഹുബലിയാകാൻ താരം ഒത്തിരിയേറെ കഷ്ടപ്പെട്ടു. ശരീരം മാറ്റിമറിച്ചു. ആയോധനകല അഭ്യസിച്ചു. അധ്വാനത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും ഫലം തന്നെയാണ് സിനിമയുടെ വിജയം. ശരീരത്തിന് ഭാരം കൂട്ടാന്‍ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്നത്. പ്രത്യേക ജിം. അങ്ങനെ അക്ഷരാർഥത്തിൽ പ്രഭാസ് ബാഹുബലിയായി മാറുകയായിരുന്നു.

2013 ജൂലൈയിൽ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം ഇതുവരെ മറ്റൊരു സിനിമയുടെയും ഭാഗമായില്ല പ്രഭാസ്. ബാഹുബലിയെ മനസ്സിലാവാഹിച്ചുള്ള ഒരുക്കങ്ങൾ ചിത്രീകരണത്തിനും ആറു മാസം മുൻപേ തുടങ്ങിയിരുന്നു. 84 കിലോ ശരീരഭാരം ആറ് മാസം കൊണ്ട് സെഞ്ചുറി കടത്തി 102ൽ എത്തിച്ചു.

ദുർമേദസ് ഒട്ടും കൂടാതെ വടിവൊത്ത രീതിയിൽ മസിലുകൾ പെരുപ്പിച്ച് നേടിയ ഈ കായിക ക്ഷമതയ്ക്കായി ഒന്നര കോടിയോളം രൂപയുടെ ജിംനേഷ്യം ഉപകരണങ്ങളാണത്രേ പ്രഭാസിന്റെ വീട്ടിലെത്തിച്ചത്. മൂന്നൂറു ദിവസത്തോളം നീണ്ട ഷൂട്ടിങ്. മഹാസംഭവമായി മാറിയ ഒന്നാം ഭാഗം ബാക്കിയാക്കിയ സസ്പെൻസ് രണ്ടാം ഭാഗത്തിനു മേൽ ഇപ്പോൾ പ്രതീക്ഷകളുടെ ഇരട്ടിഭാരമായി മാറുന്നു.

ബാഹുബലിയിലെ കഥാപാത്രം പ്രഭാസിന് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കൊടുത്തു. പരസ്യവരുമാനത്തിലും താരത്തിന് മൂല്യം കൂടി. ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലും പ്രഭാസ് സ്വീകാര്യനായി. ഇതിനിടെ ചില ബോളിവുഡ് പ്രോജക്ടുകളും താരത്തെ േതടിയെത്തി.

ആകെ 613 ദിവസങ്ങളാണ് ഈ മൂന്നര വർഷത്തിനിടെ പ്രഭാസ് ബാഹുബലി സീരീസിന് വേണ്ടി ചെലവഴിച്ചത്. 2017 ഏപ്രില്‍ 28നാണ് ബാഹുബലി ദ് കണ്‍ക്ളൂഷന്‍ തിയറ്ററുകളിലെത്തുന്നത്.

Your Rating: