Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങളിനി പ്രേമിക്കുന്നില്ല സാർ !

premam-cinema

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരുഗ്രൻ കഥാപാത്രമുണ്ട്, എട്ടുകാലി മമ്മൂഞ്ഞ്. നാട്ടിലേതു പെണ്ണിനു ‘വയറ്റിലുണ്ടായാലും’ സ്വന്തം നെഞ്ചിൽത്തട്ടി മമ്മൂഞ്ഞ് അഭിമാനത്തോടെപറയും– ‘അത് ഞമ്മളാണ്...’

അതായത്, ആ ഗർഭത്തിനു കാരണക്കാരൻ അദ്ദേഹമാണെന്ന്. ഏകദേശം അതേ അവസ്ഥയിലാണിപ്പോൾ പ്രേമം എന്ന സിനിമ. നാട്ടിൽ എന്തു പ്രശ്നമുണ്ടായാലും ഓരോരുത്തരും വിളിച്ചുപറയുന്നു: ‘അതിനു കാരണം പ്രേമം ആണ്...’

വന്നുവന്ന് സംസ്ഥാനത്തെ പൊലീസ് മേധാവി പോലും അങ്ങനെ പറയുമ്പോൾ പാവം പ്രേമത്തിന്റെ അണിയറക്കാർ, ‘പകച്ചു’ പോയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ! പ്രേമം പിള്ളേരെ കള്ളുകുടിക്കാനും പുകവലിച്ച് ഇടിയുണ്ടാക്കാനും പ്രേരിപ്പിക്കുമെന്നായിരുന്നു ആദ്യത്തെ പരാതി. ഭാഗ്യത്തിന് അതിന് ഉപോദ്ബലകമായ തെളിവുകളൊന്നും ആർക്കും ഹാജരാക്കാനായില്ല. (പ്രേമം തലയ്ക്കുപിടിച്ച ചെറുക്കന്മാർ ട്യൂഷനു പോകുന്ന പെൺപിള്ളേരുടെ പിന്നാലെ പതിവായിപ്പാട്ടും പാടി പോവുകയും അവന്മാരെ പൊലീസ് വന്ന് അടിച്ചോടിച്ച് സീൻ കോൺട്ര ആക്കിയതും വിസ്മരിക്കുന്നില്ല) പിന്നെ ചിലർ പറഞ്ഞു പ്രേമം പിള്ളേരെ വഴി തെറ്റിക്കുമെന്ന്. കാരണം ഗുരുവെന്നാൽ ദൈവമാണ്.

ആ ദൈവത്തെക്കയറി ലൈനിടാൻ പഠിപ്പിക്കുന്ന ചിത്രം തെറ്റായ സന്ദേശമല്ലേ നൽകുന്നത്? സ്വാഭാവികമായ സംശയം. പക്ഷേ പറഞ്ഞയാൾ സ്വന്തം ഭൂതകാലത്തിലേക്കൊന്നു തിരിഞ്ഞുനോക്കിയപ്പോൾ പണ്ട് സ്വന്തം സിനിമയിലെ വിദ്യാർഥിനി തന്നെ മാഷിനെ ലൈനിടുന്നതായി തെളിഞ്ഞുവന്നു. അതോടെ ആ ആരോപണവും സ്ഫുടം.

പിന്നെയും വന്നു കൊച്ചുകൊച്ച് ആരോപണങ്ങൾ–പിള്ളേര് വല്ല്യോരെ കണ്ടാൽ ബഹുമാനിക്കാതെ മീശ പിരിയ്ക്കുന്നു, താടി വളർത്തുന്നു, കൂളിങ് ഗ്ലാസ് വച്ച് സ്കൂളിൽ വരുന്നു, ചന്ദനക്കളർ മുണ്ടുടുത്ത് പ്രിൻസിപ്പലിന്റെ മുറിയിലേക്കു കയറി ചീത്ത പറയുന്നു..ഇതെല്ലാം പക്ഷേ വെറും ബാലചാപല്യങ്ങളായി മുദ്രകുത്തപ്പെട്ടു. ഫ്രഷേഴ്സ് ഡേയ്ക്ക് പ്രേമം സ്റ്റൈലിൽ മുണ്ടും ഷർട്ടുമിട്ട് വന്നതിന്റെ പേരിൽ തൊടുപുഴയിലെ ഒരു കോളജിൽ നിന്ന് വിദ്യാർഥികളെ കൂട്ടസസ്പെൻഡ് ചെയ്തതോടെ സംഗതി കുറച്ചു സീരിയസായി. അതിനിടെ ഓണാഘോഷമെത്തി. സകലസ്കൂളിലും കോളജുകളിലും പിള്ളേരായ പിള്ളേരൊക്കെ നിവിൻ പോളി സ്റ്റൈലിൽ കറുത്തഷർട്ടുമിട്ട് കറുത്തകരയുള്ള മുണ്ടുമുടുത്ത് കൂളിങ് ഗ്ലാസും വച്ച് വിലസുകയാണ്.

എന്തിനേറെപ്പറയണം വിമെൻസ് കോളജിൽ വരെ പെൺകുട്ടികൾ കസവുസാരി ഉപേക്ഷിച്ച് കറുത്ത ഷർട്ടിന്റെയും മുണ്ടിന്റെയും പിന്നാലെ പോയി. ഒരു കാര്യം ഉറപ്പാണ്, ഇന്നേവരെ പ്രേമം പോലെ യാതൊരു സിനിമയും ക്യാംപസ് ഫാഷനെ ഇതുപോലെ സ്വാധീനിച്ചിട്ടില്ല. പക്ഷേ ആ സ്വാധീനം വസ്ത്രധാരണത്തിലേയുള്ളു–പ്രേമം തലയ്ക്കുപിടിച്ച് ആരും അടിച്ചുഫിറ്റായി ക്ലാസിലിരുന്നില്ല (പ്രേമം ഇറങ്ങുന്നതിനു മുൻപേത്തന്നെ അത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്), ടീച്ചറേ നീങ്ക റൊമ്പ അഴകാറ്ക്ക്...എന്ന് ജീവനിൽ കൊതിയുള്ള ഒരു നിവിൻ പോളി ഫാനും പറഞ്ഞിട്ടുമുണ്ടാകില്ല. പിന്നെ കോളജിൽ അടിയുണ്ടാക്കുന്നതും സ്റ്റേജിനടിയിൽ തോട്ട വയ്ക്കുന്നതുമൊക്കെ പ്രേമമിറങ്ങുന്നതിനും ദശാബ്ദങ്ങൾക്കും മുൻപേ സിനിമയിൽ കണ്ടിട്ടുള്ളതാണ്. ഇനി പെൺപിള്ളേരുടെ പിന്നാലെ നടക്കുന്നത് ‘കുറ്റ’മാണെങ്കിൽ കേസ് മുൻകാല പ്രാബല്യത്തോടെ പ്രേംനസീർ കാലം മുതൽക്കേ റജിസ്റ്റർ ചെയ്യേണ്ടി വരും.

തൊട്ടതിനും പിടിച്ചതിനുമൊക്കെ അങ്ങനെ പ്രേമത്തെ ചീത്ത വിളിച്ച് വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളവെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച ദാരുണ സംഭവം. തിരുവനന്തപുരത്തെ സിഇടി കോളജിലെ ഓണാഘോഷത്തിനിടെ തസ്നി ബഷീർ എന്ന പെൺകുട്ടി വാഹനമിടിച്ചു മരിച്ചു. അതും അതേ കോളജിൽ പഠിക്കുന്ന വിദ്യാർഥികളോടിച്ച ജീപ്പിടിച്ച്. ആ പെൺകുട്ടിയ്ക്ക് സംഭവിച്ച ദുരന്തത്തിനു മുന്നിൽ കേരളത്തിലെ ഓരോരുത്തരും കണ്ണീർപ്പൂക്കളർപ്പിക്കുകയാണ്. ഒരു അച്ഛനും അമ്മയ്ക്കും അതുപോലൊരു ദുരന്തം നൽകല്ലേയെന്ന് ഏവരും പ്രാർഥിക്കുന്നത് ആത്മാർഥതയോടെയാണ്. ആ മരണത്തിന് കാരണക്കാരായവർക്ക് പരമാവധി ശിക്ഷ കിട്ടണമേയെന്ന പ്രാർഥനയും ഇതോടൊപ്പമുണ്ട്. പക്ഷേ അതിനെയെല്ലാം നിസ്സാവരവൽകരിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഡിജിപി സെൻകുമാറിന്റെ പ്രസ്താവന. പ്രേമം പോലുള്ള സിനിമകൾ ക്യാംപസിൽ പ്രശ്നങ്ങളുണ്ടാക്കാൻ ഇടയാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സിഇടി സംഭവത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഈ വാക്കുകളെന്നും ഓർക്കണം. പക്ഷേ സിഇടിയിൽ യഥാർഥത്തിൽ എന്താണു സംഭവിച്ചത്? അവിടെ തെറ്റുകാരായത് ആരാണ്? പൊലീസിന്റെ അനാസ്ഥയെന്ന ഏറ്റവും ഗുരുതരമായ കുറ്റത്തെ പ്രേമമെന്ന സിനിമയുടെ മേലാപ്പിട്ട് മൂടാനായിരുന്നു ‍ഡിജിപിയുടെ ശ്രമമെന്ന് ഏതാനും ചില കാര്യങ്ങൾ പരിശോധിച്ചാൽത്തന്നെ മനസിലാകും.

തസ്നിയുടെ മരണത്തിനു കാരണമായ കെബിഎഫ് 7268 നമ്പർ ജീപ്പ് വർഷങ്ങളായി ക്യാംപസിലുണ്ട്. ജീപ്പിൽ കോടാലിയും കുറുവടിയുമൊക്കെ വെൽഡ് ചെയ്ത് ചേർത്ത് ഭംഗിയാക്കിയാണ് യാത്ര. പകൽ ഈ ജീപ്പ് എവിടെയായിരിക്കുമെന്ന് ആർക്കും ഒരു പിടിയുമില്ല, രാത്രിയിൽ മെൻസ് ഹോസ്റ്റലിലും പരിസരങ്ങളിലും സ്ഥിരം കാണാമെന്നും വിദ്യാർഥികൾ പറയുന്നു. ഒന്നരവർഷം മുൻപ് കോളജിനകത്ത് രണ്ട് രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾ ഏറ്റുമുട്ടിയപ്പോൾ ഒരുവിഭാഗത്തിനു വേണ്ടി ‘ശക്തമായി’ നില കൊണ്ട ജീപ്പാണിത്. അന്ന് ആയുധബലവും അംഗബലവും കൂട്ടാനായി സഹായിച്ചത് ഈ ജീപ്പ് സർവീസാണ്.

പക്ഷേ മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ അന്ന് ജീപ്പ് പൊലീസ് പിടിച്ച് സ്റ്റേഷനിലിട്ടു. ഒരുമാസത്തോളം അവിടെ കിടന്നു. പിന്നീട് ആരുടെയൊക്കെയോ രാഷ്ട്രീയ സ്വാധീന ശക്തിയിൽ ആ ജീപ്പ് പുഷ്പം പോലെ തിരികെ സിഇടിയിലെത്തി. അന്ന് ആ ജീപ്പ് പിടിച്ചെടുത്തിരുന്നെങ്കിൽ തസ്നിക്കിന്ന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ജീപ്പ് പിടിച്ചെടുത്ത സംഭവം നടക്കുമ്പോൾ പ്രേമം സിനിമയെപ്പറ്റി അൽഫോൺസ് പുത്രൻ ആലോചിച്ചു തുടങ്ങിയിട്ടു പോലുമുണ്ടാകില്ലെന്നും ഓർക്കണം. പക്ഷേ ജീപ്പ് കൊലപാതകിയായപ്പോൾ കുറ്റം പൊലീസിനല്ല, പ്രേമത്തിനായി.

ഏതാനും വർഷങ്ങളായി ശ്രീകാര്യത്തെ നാട്ടുകാരുടെയും കോളജിലെ വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ഉറക്കം കളയുന്ന ഗുണ്ടാവിളയാട്ടക്കഥകൾ സിഇടിയിൽ നിന്നുയർന്നു വരുന്നു. ഹോസ്റ്റൽ വിദ്യാർഥികളെ ഗുണ്ടകൾ തല്ലിയതിനു പിറകെ പൊലീസ് ഇടപെട്ട് ജലപീരങ്കി വരെ പ്രയോഗിക്കേണ്ടി വന്നു. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുകയും ചെയ്തു. അന്ന് നടന്ന സർവകക്ഷിയോഗത്തിൽ മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഇടപെട്ടാണ് കുട്ടിനേതാക്കളെ പരസ്പരം കൈകൊടുപ്പിച്ച് എല്ലാം ഒന്നു ശാന്തമാക്കിയത്. എന്നിട്ടും പലപ്പോഴും സംഘർഷത്തിന്റെ നിഴൽ സിഇടിയ്ക്കു മേൽ വീണു. പക്ഷേ രാജ്യത്തെ പ്രധാനകമ്പനികളിലേക്ക് സിഇടിയിൽ നിന്നുള്ള മിടുക്കരുടെ റിക്രൂട്ട്മെന്റ് കനത്തതോടെ ആ സംഘർഷങ്ങളുടെ ചീത്തപ്പേരും ഒരുവിധം അവസാനിച്ചതായിരുന്നു. അതിനിടെയാണ് പുതിയ സംഭവം.

സ്വകാര്യ സെക്യൂരിറ്റി ഗാർഡുമാരാണ് സിഇടിയുടെ കാവൽ. ക്യാംപസിനകത്തേക്ക് വാഹനങ്ങൾ കയറ്റാൻ അനുവാദവുമില്ല. 2002ൽ അമിതാശങ്കർ എന്ന വിദ്യാർഥിനി ഇവിടെ ബൈക്കിടിച്ച് മരിച്ചതിനെത്തുടർന്നായിരുന്നു നിരോധനം. മുൻകാലങ്ങളിലെ അനുഭവമനുസരിച്ച് ആഘോഷവേളകളിൽ സംഘർഷസാധ്യതയുണ്ടായിട്ടും സിഇടിയുടെ പരിസരത്ത് നിരീക്ഷണത്തിനു പോലും പൊലീസിനെ നിയോഗിച്ചിരുന്നില്ല. നേരത്തെയുണ്ടായ ധാരണ പ്രകാരം ക്യാംപസിനകത്ത് അനാവശ്യമായി പൊലീസ് കടക്കുന്നത് തടഞ്ഞിരുന്നു. പക്ഷേ ക്യാംപസിനു പുറത്ത് പൊലീസ് നിന്നാൽ മതിയായിരുന്നു–കൊലയാളി ജീപ്പും, ‘ചെകുത്താനെ’ന്ന ലോറിയും ഗേറ്റിൽവച്ചു തന്നെ തടയാമായിരുന്നു. അഞ്ചുപേർ കയറേണ്ട ജീപ്പിൽ ഇരുപതു പേരും ലോറിയിൽ നൂറിലേറെ പേരും കയറി വരുന്നത് തടയാൻ പൊലീസിന് വേറെ വകുപ്പുകൾ പോലും ആലോചിക്കേണ്ട.

ഇതൊന്നും ചെയ്യാതെ ‘കോളജല്ലേ എല്ലാം മുറപോലെ നടക്കട്ടെ..’യെന്നു കയ്യും കെട്ടിയിരുന്ന് കണ്ടിട്ട് ഒടുക്കം ഒരു സിനിമയുടെ പേരിൽ പ്രശ്നത്തെ നിസ്സാരവത്കരിക്കുമ്പോൾ എന്തു പറയാനാണ്? അതും പൊലീസ് സേനയുടെ തലവൻ തന്നെ. പ്രേമം സിനിമയെയല്ല താൻ വിമർശിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഡിജിപിയിൽ നിന്ന് ഇങ്ങനെയൊരു ബാലിശമായ അഭിപ്രായം ആരും പ്രതീക്ഷിക്കുന്നില്ലെന്നോർക്കണം.

സിനിമ ജനങ്ങളെ സ്വാധീനിക്കുന്നുണ്ടെങ്കിൽ ഇതിനോടകം ആ സ്വാധീനശക്തിയാൽ ഏറ്റവും മികച്ച ഗുണമുണ്ടാകുമായിരുന്നത് പൊലീസിനായിരിക്കും. കാരണം സകല പൊലീസുകാർക്കും മാതൃകയാക്കാവുന്ന വിധം, പ്ഫ പുല്ലേ...എന്നും ഗർജിച്ചു കൊണ്ട് ക്യാംപസിനകത്തു കയറി തോന്ന്യാസം കാണിക്കുന്ന വില്ലനെ കുത്തിനു പിടിച്ച് പൊക്കുന്ന ഭരത് ചന്ദ്രൻ ഐപിഎസ് മുതൽ ഒട്ടേറെ പൊലീസ് സിംഹങ്ങൾ സിനിമയിൽ നിറഞ്ഞാടിയിട്ടുണ്ട്. ആ കഥാപാത്രങ്ങൾക്കൊന്നും പൊലീസിനെ സ്വാധീനിക്കാനാകുന്നില്ലെങ്കിൽ പിന്നെങ്ങനെ പഞ്ചാരയടിച്ച് നടക്കുന്ന പാവം ജോർജിനും കോയക്കും ശംഭുവിനുമൊക്കെ ക്യാംപസിനെ സ്വാധീനിക്കാൻ പറ്റും? ബുദ്ധി പണയം വച്ചല്ലല്ലോ ആരും സിനിമ കാണുന്നത്.