Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'രാജ്യം' കീഴടക്കാന്‍ പൃഥ്വി എത്തുന്നു

prthvi-projects-1

ഒരു സിനിമകഥ പോലെ ആരോഹണാവരോഹണങ്ങളും ട്വിസ്റ്റും സസ്‌പെന്‍സുമൊക്കെ നിറഞ്ഞതാണ് പൃഥ്വിരാജ് സുകുമാരന്റെ ചലച്ചിത്ര ജീവിതം. ചുുരുങ്ങിയ കാലയളവില്‍ തന്നെ മലയാളത്തിലെ മുന്‍നിരനായകന്‍മാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന അദ്ദേഹം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു. ഓഗസ്റ്റ് സിനിമാസ് എന്ന പ്രൊഡക്ഷന്‍ ഹൗസില്‍ നിര്‍മ്മാണ പങ്കാളിയുമാണ് അദ്ദേഹം. ഇതിനോടകം എട്ടോളം ചിത്രങ്ങള്‍ ഓഗസ്റ്റ് സിനിമാസിന്റേതായി പുറത്തുവന്നു കഴിഞ്ഞു. വ്യക്തിയെന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിയുടെ പുതിയമുഖത്തെയാണ് പോയവര്‍ഷങ്ങളിലൂടെ നമ്മള്‍ അനുഭവിച്ചറിഞ്ഞത്. വിമര്‍ശനങ്ങളെ പ്രതിഭകൊണ്ടും പ്രയത്‌നം കൊണ്ടും മറികടക്കാറുള്ള താരം എന്നും സ്വയം പരീക്ഷണങ്ങള്‍ക്കും തന്നിലെ നടനെ വിധേയനക്കാറുണ്ട്.

2017 പൃഥ്വിയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വര്‍ങ്ങളിലൊന്നാണ് എന്നതില്‍ സംശയമില്ല. ഈ വര്‍ഷം റിലീസിങിനു തയ്യാറെടുക്കുന്ന എസ്ര, മൈ സ്റ്റോറി, ടിയാന്‍ എന്നീ ചിത്രങ്ങളെല്ലാം പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളാണ്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന വിമാനം, ആടുജീവിതം, കര്‍ണ്ണന്‍ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി പൃഥിക്കു മാനസികമായും ശാരീരികമായും ഏറെ തയ്യാറെടുപ്പുകള്‍ വേണ്ടി വരും.

prithviraj-karnan

അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നു കരുതപ്പെടുന്നു. മുരളി ഗോപി തിരക്കഥയെഴുതി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് സ്വതന്ത്ര സംവിധായകനാകുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

ടിയാന്റെ ഹൊറര്‍ സ്‌റ്റോറി

2017-ല്‍ പ്രദര്‍ശനത്തിനു തയ്യാറെടുക്കുന്ന പൃഥിരാജ് ചിത്രങ്ങളെല്ലാം പുതിയ സംവിധായകര്‍ക്കൊപ്പമാണ്. 2016 ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു എസ്ര. സിനിമാ സമരമൂലം റിലീസ് മുടങ്ങിയ എസ്രയാകും 2017ലെ പൃഥിയുടെ ആദ്യ റിലീസ്. രാജീവ് രവിയുടെ സംവിധാന സഹായിയായിരുന്ന ജയകൃഷ്ണന്റെ (ജെകെ) പ്രഥമ ചലച്ചിത്ര സംവിധാന സംരഭമാണ് എസ്ര. ഹൊറര്‍ ത്രില്ലര്‍ ജോണറിലുള്ള ചിത്രം പ്രേക്ഷകര്‍ക്ക് ഒരു പുതിയ ചലച്ചിത്ര അനുഭവമാകുമെന്നതില്‍ സംശയമില്ല. പ്രണയത്തിനൊപ്പം കേരളത്തിലെ ജൂതമത സംസ്‌കാരത്തെയും അടയാളപ്പെടുത്തുന്ന ചിത്രത്തിലൂടെ ചലച്ചിത്ര ആസ്വാദകര്‍ക്കു മുന്നില്‍ പൃഥ്വിയുടെ വേറിട്ടൊരു മുഖത്തെ പരിചയപ്പെടുത്താനാണ് സംവിധായകന്റെ ശ്രമം. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്്് ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

prthvi-projects

അഞ്ജലി മേനോനു ശേഷം മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ഒരുങ്ങുകയാണ് റോഷ്‌നി ദിനകര്‍ എന്ന നവാഗത. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ റോഷ്‌നി സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറിയില്‍ ജെയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ മലയാളത്തിലെ ഹിറ്റ്‌മേക്കേഴ്‌സില്‍ ഒരാളായി മാറിയ അഞ്്ജലി
മേനോന്റെ ആദ്യ ചിത്രമായ മഞ്ചാടിക്കുരുവിലെ നായകനും പൃഥ്വിരാജാണെന്ന പ്രത്യേകതയുണ്ട്. കോസ്റ്റിയൂം ഡിസൈനറായി പേരെടുത്ത ശേഷം സംവിധാനത്തിലേക്കു ചുവടുമാറ്റി ചവിട്ടുന്ന റോഷ്‌നിയില്‍ നിന്നും പുതുമയുള്ളൊരു സിനിമ പ്രതീക്ഷിക്കാം. പോര്‍ച്ചുഗല്‍, ലിസ്ബണ്‍ എന്നിവയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എന്നു നിന്റെ മൊയ്തീന്റെ
സൂപ്പര്‍ഹിറ്റ് വിജയത്തിനു ശേഷം പാര്‍വ്വതിയും പൃഥിരാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

പൃഥ്വിരാജും സഹോദരന്‍ ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന ടിയാന്റെ ചിത്രീകരണം അതീവ രഹസ്യമായിട്ടാണ് പുരോഗമിച്ചത്. ജിയന്‍ കൃഷ്ണകുമാര്‍ എന്ന നവാഗത സംവിധായകനായി തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. തിരക്കഥാകൃത്തും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. ഹൈദരാബാദ്, പൂനൈ, മുംബൈ, നാസിക് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തനിക്കു വേണ്ടി എഴുതപ്പെട്ടവയില്‍ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രമെന്നു പൃഥ്വി തന്നെ വിശേഷിപ്പിച്ച കഥാപാത്രമാണ് ടിയാനിലെ അസ്‌ലാന്‍. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി ടിയാന്‍ മാറുമെന്നു പ്രതീക്ഷിക്കാം.

നജീബ്, സജിതോമസ്, കര്‍ണ്ണന്‍ ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്

നജീബിന്റെയും സജി തോമസിന്റെയും തീവ്രമായ ജീവിത അനുഭവങ്ങളെയും കര്ണ്ണനെന്ന ഇതിഹാസ കഥാപാത്രത്തെയും വെള്ളിത്തിരയിലേക്കു പകര്‍ത്താനുള്ള ഭാഗ്യവും പൃഥ്വിരാജിനെ തേടിയെത്തുന്നു. നക്‌സല്‍ വര്‍ഗീസ്, ജെ.സി. ഡാനിയേല്‍, ബി.പി. മൊയ്തീന്‍ എന്നീ റിയല്‍ ലൈഫ് കഥാപാത്രങ്ങളെ തീവ്രത നഷ്ടപ്പെടാതെ വെള്ളിത്തിരയിലേക്കു പകര്‍ത്തിയത്തിന്റെ ആത്മവിശ്വാസത്തോടെയാകും പൃഥ്വി ഈ കഥാപാത്രങ്ങളിലേക്കു പരകായ പ്രവേശനം നടത്തുക.

karnan

നജീബ് എന്ന പ്രവാസി മലയാളിയുടെ നരഗതുല്യമായ ജീവിതം മലയാളി അനുഭവിച്ചറിഞ്ഞത് ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിലൂടെയാണ്. നോവല്‍ പുറത്തിറങ്ങിയതു മുതല്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സമീപകാലത്താണ് അതൊരു പ്രൊജക്റ്റായി രൂപപ്പെടുന്നതെന്നു മാത്രം. ബ്ലെസിയിലൂടെയാണ് ആടുജീവിതത്തിനു ചലച്ചിത്ര രൂപം ലഭിക്കുന്നത്. ഒരേസമയം ഒന്നിലേറെ ഭാഷകളില്‍ ചിത്രീകരിച്ചു റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ത്രീഡിയിലാകും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുക. രണ്ടര വര്‍ഷത്തോളം ചിത്രീകരണം പ്രതീക്ഷിക്കുന്ന ചിത്രത്തിനു വേണ്ടി പൃഥ്വിരാജിനു തന്റെ ശരീരഭാരം കുറക്കുകയും കൂട്ടുകയും വേണം. വലിയ തയ്യാറെടുപ്പുകളോടെയാകും രാജു നജീബമായി മാറുക.

എന്നു നിന്റെ മൊയ്തീനു ശേഷം ആര്‍.എസ്. വിമലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രാഹ്മാണ്ട ചിത്രമാണ് കര്‍ണ്ണന്‍. പുരാണ കഥാപാത്രമായ കര്‍ണ്ണനു വീരപരിവേഷം നല്‍കുന്ന ചിത്രത്തിന്റെ തിരക്കഥയും വിമലിന്റേതാണ്. ആടുജീവിതം പോലെ കര്‍ണ്ണനും ഒരു രാജ്യന്തര നിലവാരമുള്ള സിനിമയായിട്ടാകും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുക. രണ്ടു വര്‍ഷത്തോളം സമയം ചിത്രത്തിന്റെ ഷൂട്ടിങിനും വേണ്ടി വരുമെന്നു പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ചു കഴിഞ്ഞു. ബാഹുബലി കണ്ട് കോരിത്തരിച്ച മലയാളികള്‍ക്കു വൃത്യസ്തമായ ഒരു ചലച്ചിത്ര അനുഭവം സമ്മാനിക്കാനുള്ള തീവ്ര ശ്രമത്തിലാണ് വിമലും പൃഥ്വിയും അണിയറ പ്രവര്‍ത്തകരും.

വിമാനം നിര്‍മ്മിച്ച ബധിരനു മൂകനുമായ ഇടുക്കികാരന്‍ സജി തോമസിന്റെ ജീവിതം പ്രതീക്ഷകളറ്റുപോയ ഒട്ടേറെപേര്‍ക്ക് പ്രചോദനമാകും എന്നതില്‍ തര്‍ക്കമില്ല. പരിമിതകളെ നിശ്ചയദാര്‍ഡ്യം കൊണ്ടും പ്രയത്‌നം കൊണ്ടും മറികടന്ന അത്ഭുത പ്രതിഭയാണ് സജി. അദ്ദേഹത്തിന്റെ ജീവിതം ഒരേ സമയം രണ്ടു വ്യത്യസ്ത സിനിമകള്‍ക്കാണ് പ്രചോദനമാകുന്നത്. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന എബിക്കൊപ്പം പൃഥ്വിരാജ് ചിത്രം വിമാനത്തിനും സജിയുടെ ജീവിതം പ്രചോദനമേകുന്നു. രണ്ടു സിനികളുടെ പ്ലോട്ട് ഒന്നാണെങ്കിലും തിരക്കഥയും ആഖ്യാനവും വ്യത്യസ്തമാണ്. മാധ്യമ പ്രവര്‍ത്തകനായ പ്രദീപ് നായരാണ് തിരക്കഥയെഴുതി വിമാനം സംവിധാനം ചെയ്യുന്നത്. എന്നും വ്യത്യസ്തവും പരീക്ഷണ സ്വാഭവുമുള്ള സിനിമകളെ പ്രോത്സാഹിപ്പിച്ചിട്ടുള്ള മാജിക് ഫ്രെയിമിസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമാനത്തിനു വേണ്ടി പൃഥ്വിരാജിനു ഭാരം കുറക്കുകയും കൂട്ടുകയും ചെയ്യേണ്ടി
വരും.

മോഹന്‍ലാലിനെ നായകനാക്കി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫറിനു വേണ്ടിയും പ്രേക്ഷകര്‍ കട്ട വെയിറ്റിങിലാണ്. മോഹന്‍ലാലിന്റെ സാന്നിധ്യത്തിനൊപ്പം പൃഥ്വിരാജിലെ സംവിധായകനെ അനുഭവിച്ചറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മുരളി ഗോപിയുടേതാണ് തിരക്കഥ. 2018-ല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.