Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിരാജും വിമലും വീണ്ടും ഒന്നിക്കുന്നു

prithvi-parvathy

അനശ്വരപ്രണയത്തിന്റെ നോവും മധുരവും ഒാർമപ്പെടുത്തി എന്ന് നിന്റെ മൊയ്തീൻ ടീം എത്തിയപ്പോൾ, ഷാർജ രാജ്യാന്തര പുസ്തകമേളയിലെ എക്സ്പോ സെന്ററിലെ ബാൾ റൂം ആരവങ്ങളും കൈയടികളും കൊണ്ട് ശബ്ദമുഖരിതമായി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മൊയ്തീനായും കാഞ്ചനമാലയായും ജീവിച്ച പൃഥ്വിരാജിനെയും പാർവതി മേനോനേയും, മനോഹര ചിത്രം മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ആർ.എസ്.വിമലിനെയും കണ്ടുംകേട്ടും മനം നിറഞ്ഞാണ് മടങ്ങിയത്.

രാത്രി ഒമ്പതരയോടെയാണ് എന്ന് നിന്റെ മൊയ്തീൻ ടീമിന്റെ പരിപാടി ആരംഭിച്ചത്. എന്നാൽ, ആളുകൾ ആറിന് തന്നെയെത്തി ബാൾ റൂമിൽ കടക്കാൻ വേണ്ടി കാത്തിരുന്നു. ഒന്‍പതോടെ എത്തിയ ടീം വിഐപി മജ് ലിസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ശേഷമാണ് വേദിയിലേയ്ക്ക് കയറിയത്. തങ്ങൾക്ക് ഇത്തരം മധുര വിജയം സമ്മാനിക്കാനിടയാക്കിയ ചിത്രത്തിലെ ജീവിക്കുന്ന നായിക കാഞ്ചനമാലയെ കാണാൻ അടുത്ത മാസം എല്ലാവരും മുക്കത്തേയ്ക്ക് പോകുമെന്ന് സംവിധായകൻ ആർ.എസ്.വിമലും നടി പാർവതി മേനോനും പറഞ്ഞു.

vimal

ചിത്രത്തിന് വേണ്ടി ഏറെ അധ്വാനിച്ചു. മാസങ്ങളോളം മുക്കത്ത് താമസിച്ചാണ് തിരക്കഥയൊരുക്കിയത്. എങ്കിലും ചിത്രം 90 ശതമാനം പൂർത്തിയാകുന്നതിനിടെ കാഞ്ചന അമ്മ തനിക്കെതിരെ കേസ് കൊടുത്തതായി ആർ.എസ്.വിമൽ പറഞ്ഞു. ജീവിതത്തിൽ മറ്റൊരു മഹാദുരന്തം സംഭവിക്കാൻ പോകുന്നു എന്ന് കരുതിയ കാലമായിരുന്നു അത്. ആ കേസ് കോടതിയിൽ നിലനിൽക്കുന്നുണ്ട്. അത് വലിയൊരു സംഭവമാക്കി മാറ്റാതെ കേസ് കോടതിയിൽ വാദിക്കുകയും ചിത്രം പുറത്തിറങ്ങുകയും വൻ ഹിറ്റാവുകയും ചെയ്തു. അത് മാത്രമായിരുന്നു ലക്ഷ്യം. പ്രശ്നം മാന്യമായി പരിഹരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ചിത്രം ആരംഭിച്ചതു മുതൽ ഇന്നുവരെ ആ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും എന്നെ വിട്ട് മാറിയിട്ടില്ല.

അതിനകത്ത് അമിതമായി ഒരു സിനിമയ്ക്ക് വേണ്ടി മായം ചേർക്കാനോ വെള്ളം ചേർക്കാനോ ശ്രമിച്ചിട്ടില്ല. അത്രമേൽ നീതി കാണിച്ചു. കാഞ്ചനെയും മൊയ്തീനെയും അറിയുന്നത് അവരുടെ പ്രണയത്തിലൂടെയാണ്. ലോകത്തെ അതിശയിക്കുന്ന രീതിയിൽ ഇരുവരും പ്രണയിച്ചു. ലോകം മൂക്കത്ത് വിരൽവയ്ക്കുന്ന തരത്തിലുള്ള പ്രണയകഥ രണ്ടേമുക്കാൽ സമയത്ത് പറയാനാണ് ശ്രമിച്ചത്. പൃഥ്വിരാജിനെ നായകനാക്കി അടുത്ത വർഷം പുതിയ ചിത്രം ആരംഭിക്കുമെന്നും വിമൽ പറഞ്ഞു.

prithviraj

ചിത്രം യാഥാർഥ്യത്തോട് നൂറു ശതമാനം നീതി പുലർത്തിയതായി ബി.പി.മൊയ്തീന്റെ സഹോദരൻ ബി.പി.റഷീദ് പറഞ്ഞു. ചില കാര്യങ്ങൾ സമയപരിമിതി മൂലം ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. ചിത്രം പുറത്തിറക്കാനുള്ള കഷ്ടപ്പാടുകൾ നേരിട്ട് കണ്ട് മനസിലാക്കിയ വ്യക്തിയാണ് ഞാൻ. ഇൗ ചിത്രം പ്രണയം മാത്രമല്ല, കാലഘട്ടം ആവശ്യപ്പെടുന്ന മതേതരത്വ സന്ദേശം കൂടി മുന്നോട്ടുവയ്ക്കുന്നു. കാഞ്ചനമാല കൂടി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു ഇൗ ചിത്രം. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ ശേഷമായിരുന്നു കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് പാർവതി മേനോൻ പറഞ്ഞു. കഥാപാത്രം നന്നായിട്ടുണ്ടെങ്കിൽ അതിന് നന്ദി പറയാനുള്ളത് സംവിധായകനോടാണ്. വളരെ വ്യക്തമായ തിരക്കഥയായിരുന്നു ചിത്രത്തിന്റെ ജീവൻ. ചിത്രത്തിന്റെ റിലീസിന് ശേഷം കാഞ്ചനയേടത്തിയെ ഫോണിൽ ബന്ധപ്പെട്ടു. അടുത്ത മാസം എല്ലാവരും ഒന്നിച്ച് അവരെ പോയി കാണും.

കഥ കേട്ടപ്പോഴേ കാമ്പുള്ളതാണെന്ന് തോന്നിയതിനാൽ സംവിധായകനോട് തിരക്കഥയുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. തിരക്കഥ മോശമായാലും ചിത്രം വിജയിപ്പിച്ചെടുക്കാമെന്ന് വിശ്വാസമുണ്ടായിരുന്നു. എന്നാൽ, അത് മോശമായില്ലെന്ന് മാത്രമല്ല, വളരെ മനോഹരമായ ചിത്രം പിറക്കുകയും ചെയ്തു. ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും പൃഥ്വിരാജ് നന്ദി പറഞ്ഞു.

എന്ന് നിന്റെ മൊയ്തീന്റെ തിരക്കഥ ചടങ്ങിൽ പ്രകാശനം ചെയ്തു. പുസ്തകമേളയുടെ തലവന്‍ അഹ്മദ് ബിൻ റികാദ് അല്‍ ആമിരി, ഷാർജ ബുക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻകുമാർ, രവി ഡീസി, ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.