Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക കോട്ടയത്തെത്തി, പ്രിയമുത്തശ്ശിക്ക് വിട ചൊല്ലാൻ

priyanka-chopra.jpg.image.784.410 കോട്ടയം പരുത്തുംപാറയിലെ ബന്ധുവീട്ടിൽ മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്കാരച്ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കുന്ന ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മാതാവ് മധു അശോക് ചോപ്ര, മാതൃസഹോദരി കിരൺ തുടങ്ങിയവർ സമീപം

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്‌കാരം പൊൻകുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിൽ നടത്തി. പ്രിയങ്ക ചോപ്ര, സഹോദരൻ സിദ്ധാർഥ് ചോപ്ര എന്നിവരുൾപ്പെടെ അടുത്ത ബന്ധുക്കളെല്ലാം പൊൻകുന്നത്ത് സംസ്‌കാര ചടങ്ങിന് എത്തിയിരുന്നു.

പ്രിയങ്കയുടെ മാതാവ് മധു അശോക് ചോപ്രയുടെ മാതാവാണ് മേരി അഖൗരി. കഴിഞ്ഞ ദിവസം മുംബൈയിൽ നിര്യാതയായ മേരി ജോൺ കുമരകം കവളപ്പാറ കുടുംബാംഗമാണ്. സംസ്‌കാരം സ്വദേശത്തു നടത്തണമെന്ന് ഇവർ നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്നലെ പരുത്തുംപാറയിലെ ബന്ധുവീട്ടിൽ എത്തിച്ച മൃതദേഹം ശുശ്രൂഷകൾക്കുശേഷം വൈകിട്ട് അഞ്ചിനു പൊൻകുന്നം സെന്റ് തോമസ് യാക്കോബായാ പള്ളിയിൽ എത്തിക്കുകയായിരുന്നു.

കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് സംസ്‌കാര ശുശ്രൂഷകൾക്കു നേതൃത്വം നൽകി. വൈദികരായ ഫാ. ബെന്നെറ്റ് കുര്യാക്കോസ്, ഫാ. ജിനൊ വർഗീസ്, ഫാ. ഡോ.ബിനോയ് തോമസ് എന്നിവർ സഹകാർമികത്വം വഹിച്ചു. ബിഹാറിലെ എംഎൽസി ആയിരുന്ന പരേതനായ ഡോ. അഖൗരിയുടെ ഭാര്യയാണ് മേരി ജോൺ. മേരി ജോണും ബിഹാറിലെ എംഎൽസി ആയിരുന്നിട്ടുണ്ട്.

മക്കളും പ്രിയങ്ക ചോപ്ര ഉൾപ്പെടെയുള്ള പേരക്കുട്ടികളും ഭർത്താവ് അഖൗരിയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മുംബൈ, ബിഹാർ എന്നിവിടങ്ങളിൽ നിന്നു സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. 

Your Rating: