Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയനും പറഞ്ഞു, രാജീവ് ആണ് താരം

rajeev-pillai

ബാറ്റുയർത്തിപ്പിടിച്ചു വിയർത്തു കു‌ളിച്ചു വരുന്ന രാജീവ് പിള്ളയെ വരവേൽക്കാൻ പ്രിയദർശനടക്കം എല്ലാവരും എഴുനേറ്റുനിന്നു കയ്യടിച്ചു. ഒാരോരുത്തരെയും കെട്ടിപ്പെടിച്ചു രാജീവ് പിള്ള അകത്തേക്കു പോയി. തിരിച്ചു പോരുമ്പോൾ ബസിനകത്തുംവച്ചും എല്ലാവരും രാജീവിനെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

സിനിമയിലെ താരമൂല്യംവച്ചു നോക്കിയാൽ രാജീവിനെ പ്രിയദർശനെപ്പോലെ ഒരാൾ ഇത്രയേരെ ബഹുമാനിച്ചുകൊള്ളണെന്നില്ല. . എന്നാൽ ക്രിക്കറ്റിന്റെ മാസ്മര ലോകത്തിൽ മലയാള സിനിമയിൽ പുതിയ താരമൂല്യമുയരുകയാണ്. രാജീവിനു സിനിമയിലൂടെ കിട്ടിയതിനു തുല്യമായ താരമൂല്യമാണു ക്രിക്കറ്റു നൽകിയത്. മദൻ മോഹൻ എന്ന യുവ ക്രിക്കറ്റ് താരം പൂർത്തിയാക്കിയത് 14 സിനിമകളാണ്. ഷഫീഖ് റഹ്മാൻ എന്ന നടനു ക്രിക്ക​റ്റിലൂടെ കിട്ടുന്നതു പുതിയ ജീവനാണ്.

അമ്മ കേരള സ്ട്രൈക്കേഴ്സ് എന്നതു മലയാള സിനിമയിലെ പുതിയ കുടുംബമാകുകയാണ്. താരങ്ങൾ തമ്മിലുള്ള ആത്മബന്ധം അത്രേയറെ വലുതായിരിക്കുന്നു. ആദ്യ സീസണിലെ അതേ ടീമാണ് ഇത്തവണ ഇറങ്ങിയത് എന്നതിനാൽ പഴയ കഥകളും സന്തോഷവും അതേപടി തിരിച്ചെത്തി. മണിക്കുട്ടനെപ്പോലുള്ള ആളുകൾക്കു കഥകൾ പ​റഞ്ഞു തീരാൻ സമയമില്ല. ബിനീഷ് കോടിയേരിയുടെ പ്രകടനം ഗ്രൗണ്ടിലും പുറത്തും ഒരുപോലെയാണ്. ഏതു സമയവും അക്രമിച്ചു കളിക്കുക എന്നതാണു ബിനീഷിന്റെ രീതി. കോടിയേരി ബാലകൃഷ്ണന്റെ മകനു മിക്ക സമയത്തും രക്തം തിളക്കുകയാണ്. കഴിഞ്ഞ തവണ നിർഭാഗ്യംകൊണ്ടു ബിനീഷ് പുറത്തായപ്പോൾ തകർന്നതു ടീമിന്റെ മനസ്സുകൂടിയാണ്.

നിശബ്ദമനായ അരുൺ ബെന്നിയെന്ന താരത്തെ എല്ലാവരും ചേർന്നു നിർത്തിപ്പൊരിക്കുമ്പോഴും കോച്ചായ ചന്ദ്രസേനൻ എന്ന പഴയ ക്രിക്കറ്റ് താരത്തെ തലങ്ങും വിലങ്ങും തമാശകൊണ്ടു പ്രഹരിക്കുമ്പോഴും അമ്മ കേരള സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ആഘോഷമാക്കുകയാണ്. കഴിഞ്ഞ തവണ വിമാനത്തിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ചു ടീമിനെ ഇറക്കിവിട്ടാണു വിമാനം പറത്തിയത്. ഇത്തവണ വിമാനത്തിൽ എയർഹോസ്റ്ററസ് ചോദിക്കുമ്പോൾ പോലും വളരെ പതുങ്ങിയ ശബ്ദത്തിലാണ് മറുപടി പറയുന്നത്. താരങ്ങളിൽ പലർക്കും അന്യഭാഷാ ചിത്രങ്ങളിലേക്കു കൂടി അവസരം വന്നുകൊണ്ടിരിക്കുന്നു. . സിസിഎല്ലിലെ സൗഹൃദമാണ് ഇതിനു വഴിയൊരുക്കുന്നത് .

ലിസി പ്രിയദർശനായിരുന്നു ടീം ഉടമകളിൽ ഒരാൾ. ലിസിയൊരു ശക്തിയായിരുന്നു. ഗ്രൗണ്ടിൽ അലറി വിളിക്കുകയും തർക്കിക്കുകയും ശാസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ലിസി ഇത്തവണ വ്യക്തിപരമായ കാരണ​ങ്ങളാൽ ടീമിനോപ്പമില്ല. തന്റെ ഓഹരിയുടെ ഒരു ഭാഗവും ലിസി വിട്ടു കഴിഞ്ഞു. പ്രിയദർശന്റെ സ്വപ്നമായിരുന്നു ഈ ടീം. ഉടമയല്ലെങ്കിൽപ്പോലും ആദ്യ മത്സരത്തിനു പ്രിയൻ എത്തി. ഒരു മാസം നീളുന്ന പരിശീലനവും ഒരു മാസം നീളുന്ന മത്സരവും കഴിഞ്ഞു വേദനയോടെയാണ് ടീം പിരിഞ്ഞിരുന്നതെന്നു മാനേജർകൂടിയായ ഇടവേള ബാബു പറഞ്ഞു. ഇത്തവണ പരിശീലനമില്ലാതെയാണ് ടീം ഇറങ്ങിയത്.

ഇത്തവണ ആദ്യ മത്സരത്തിൽ ചാംപ്യന്മാരായ തെലുങ്കു വാരിയേഴ്സിനോടു കേരളം തോറ്റു. രണ്ടാമത്തെ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ കർണ്ണാടകയെ 31നു കൊച്ചിയിൽ നേരിടുന്നു. സിസിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടം കണ്ട സ്ഥലമാണു കൊച്ചി.

അടുത്ത വർഷത്തോടെ അമ്മ പൂർണ്ണമായും സിസിഎൽ ഏറ്റെടുത്തു നടത്താൻ തുടങ്ങും. താരങ്ങളുടെ പെ‍ൻഷനും മറ്റുമുള്ള തുക കണ്ടെത്താനുള്ള വഴിയായി സിസിഎല്ലിനെയും അമ്മ മാറ്റുകയാണ്. അതിനായി ഇത്തവണതന്നെ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. അമ്മയുടെ നടത്തിപ്പുകാരായ നടൻ രാജ്കുമാറും ജെയ്സൺ പുലിക്കോട്ടിലും ടീമിനെ പുതിയ ഉയരങ്ങളിലെത്തിക്കാനായി അമ്മയുടെ സഹായം തേടിയിട്ടുണ്ട്.