Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്കിൽ അസോസിയേഷന്റെ ഓഫിസിൽ കട തുറന്ന് സിഡി വിൽക്കും. രഞ്ജിത്ത്

ranjith

ലീല സിനിമ പ്രദർശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിൽ ഒരു കടയിട്ട് ഈ സിനിമയുടെ സിഡി ഞാൻ വിൽക്കുമെന്ന് സംവിധായകനായ രഞ്ജിത്ത്. നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ ദിവസവേതനം ഫെഫ്ക വർധിപ്പിച്ചതിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സിനിമ പണിമുടക്ക് പ്രഖ്യാപിച്ചതു വകവയ്ക്കാതെ ‘ലീല’യുടെ ഷൂട്ടിങ് ആരംഭിച്ചതിനാലാണു നടപടി.

‘സിനിമാനിർമാതാക്കളുടെ സമരം തുടരുമ്പോൾ എന്റെ സിനിമയുടെ ചിത്രീകരണം തുടർന്നു എന്നത് സത്യമാണ്. അക്കാരണത്താൽ എന്നെ അവരുടെ അസോസിയേഷനിൽ നിന്നും പുറത്താക്കി. എന്തായാലും ഏപ്രിൽ മാസം ലീല റിലീസ് ചെയ്യാനാണ് എന്റെ തീരുമാനം. തിയറ്ററുകളിൽ എന്റെ സിനിമ പ്രദർശിപ്പിക്കരുതെന്ന തീരുമാനം അവർ എടുത്തതായി അറിഞ്ഞു. എന്നോട് ഈ വിവരം അറിയിച്ച തിയറ്റർ ഉടമകളുടെ പേര് വെളിപ്പെടുത്താൻ സാധിക്കില്ല. രഞ്ജിത് പറഞ്ഞു.

എന്തായാലും ഇതിനെതിരെ പ്രതികരിക്കാൻ തന്നെയാണ് തീരുമാനം. ഞാൻ പ്രേക്ഷകർക്കു വേണ്ടിയാണ് സിനിമയെടുക്കുന്നത്. എന്റെ സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിൽ ഒരു കടയിട്ട് ഈ സിനിമയുടെ സിഡി ഞാൻ വിൽക്കും. രഞ്ജിത്ത് പറഞ്ഞു.

‘തൊഴിലാളി വിരുദ്ധ സമരങ്ങളോടു യോജിപ്പുണ്ടായിരുന്നില്ല. ഒത്തുതീർപ്പ് ചർച്ച പോലും നടത്താതെ സമരം നടത്തിയതും ശരിയായില്ല. സംഘടനയിലെ നേതാക്കളുടെ സിനിമയുടെ ഷൂട്ടിങ്ങില്ലെങ്കിൽ സമരം എന്ന രീതി പലപ്പോഴും ആവർത്തിക്കപ്പെടുന്നുണ്ട്. സംഘടനയിൽ നിന്ന് എന്നെ പുറത്താക്കിയതായി പത്രവാർത്തയിലൂടെ അറിഞ്ഞു. വിതരണവും സ്വയം ഏറ്റെടുത്ത് വിഷുവിന് ശേഷം ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി തിയറ്ററുകളെ സമീപിച്ചപ്പോഴാണ് ഈ സിനിമയുമായി സഹകരിക്കാൻ പ്രശ്നങ്ങളുണ്ടെന്ന് അറിയിപ്പു ലഭിച്ചത്’. രഞ്ജിത് പറഞ്ഞു.

എന്നാൽ രഞ്ജിത്തിനെതിരായ നടപടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിന്റെ തീരുമാന പ്രകാരമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. സുരേഷ്കുമാർ പറഞ്ഞു. രഞ്ജിത്ത് സിനിമ സമരത്തിൽ സംഘടനാ തീരുമാനം ലംഘിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സിനിമ റിലീസ് ചെയ്യുന്നതു കൂടിയാലോചനകൾക്കു ശേഷം മതി എന്നാണു തീരുമാനിച്ചിരിക്കുന്നത്. സിനിമ വരുമായിരിക്കും. എന്നാൽ സംഘടനാ അംഗമെന്ന നിലയിൽ അദ്ദേഹം വിശദീകരണം നൽകേണ്ടിവരും. രഞ്ജിത്തിനെ ഇതുവരെ സംഘടനയിൽ നിന്നു പുറത്താക്കിയിട്ടില്ല - സുരേഷ്കുമാർ പറഞ്ഞു.