Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് യഥാർത്ഥ മഹേഷ്

fahad-thamban ഫഹദ്, തമ്പാൻ പുരുഷൻ

ഇടുക്കി കട്ടപ്പനയിലെ മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടാൽ ഏറ്റവും അധികം സന്തോഷിക്കുക ആലപ്പുഴയിലെ തുറവൂർ പഞ്ചായത്തിലെ തമ്പാൻ പുരുഷനായിരുന്നു. കാരണം യഥാർഥ മഹേഷ് അവിടെയായിരുന്നു, അല്ല അദ്ദേഹം തന്നെയായിരുന്നു. ഒരേ ഒരു വ്യത്യാസം മാത്രം സിനിമയിലേപ്പോലെ ലോലനായ മഹേഷായിരുന്നില്ല എന്നുമാത്രം. നാടിന്റെ മുക്കിലും മൂലയിലും വരെ സുപരിചിതനായിരുന്നു നാട്ടിൻ പുറത്തുകാരനായ ഇദ്ദേഹം. സിനിമയിലെ മഹേഷിന് കൂട്ടായി ഒരു നായ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ ഇദ്ദേഹത്തിന് തുണയായി മലമ്പാമ്പും കീരിയും ഉടുമ്പും മരപ്പട്ടിയും പ്രാവുകളുമൊക്കെയുണ്ടായിരുന്നു.

മഹേഷിന്റെ പ്രതികാരത്തിന്റെ കഥ

ശ്യാം പുഷ്ക്കരൻ എന്ന തിരക്കഥാകൃത്തിന്റെ അയൽവാസിയായിരുന്നു തമ്പാൻ പുരുഷൻ. ശ്യാമിന്റെ ചെറുപ്പത്തിൽ പുരുഷൻ ചേട്ടൻ അദ്ദേഹത്തോട് പറഞ്ഞ കഥയാണ് പിന്നീട് ഇടുക്കിയുടെ പശ്ചാത്തലത്തിൽ വികസിപ്പിച്ച് മഹേഷിന്റെ പ്രതികാരം എന്ന സിനിമയുണ്ടായത്. ദിലീഷിനോട് ഇക്കഥ പറഞ്ഞപ്പോഴാണ് ഇതിൽ ഒരു സിനിമ ഒളിഞ്ഞു കിടപ്പുണ്ടെന്നറിഞ്ഞത്. ദിലീഷിന്റെ നാടായ കോട്ടയത്തിന്റെ പശ്ചാത്തലത്തിൽ കഥവികസിപ്പിക്കാമെന്ന് പറഞ്ഞത് ദിലീഷ് തന്നെയാണ്. ശ്യാം പറഞ്ഞു.

പുരുഷനെന്ന തമ്പാൻ

തമ്പാൻ പുരുഷനെ തല്ലിയ ആളോട് അദ്ദേഹം പ്രതികാരം വീട്ടിയത് മൂന്നു വർഷങ്ങൾക്കു ശേഷമാണ്. തിരിച്ചിടിച്ചതിനു ശേഷമാണ് തമ്പാൻ പുരുഷൻ കാലിൽ ചെരുപ്പിട്ടത്. പ്രണയമെല്ലാം സിനിമയ്ക്കു വേണ്ടി സൃഷ്ടിച്ചതാണ്. സുഹൃത്തുക്കളായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതത്തിൽ എല്ലാം. നാട്ടിലെ എല്ലാകാര്യങ്ങൾക്കും അദ്ദേഹം മുമ്പന്തിയിൽ ഉണ്ടായിരുന്നു. കല്ല്യാണവും അടിയന്തിരവും തുടങ്ങി അടിപിടിക്കാര്യങ്ങളിൽ വരെ. നാട്ടിലെ പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന അദ്ദേഹത്തിനെ നാട്ടുകാർ സ്നേഹപൂർവം വിളിച്ച പേരാണ് തമ്പാനെന്ന്. കുരിയഞ്ചിറ പുരുഷൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്.

മഹേഷിന്റെ കഥയിലെ പോലെ നാട്ടിൽ ഒരു സ്ഥലത്തു അടിപിടി ഉണ്ടായപ്പോൾ പിടിച്ചു മാറ്റാൻ ചെന്നതായിരുന്നു പുരുഷനും. പക്ഷേ, കിട്ടിയത് പൊതിരെ തല്ലും. തിരിച്ചു തല്ലാനായില്ല. അന്ന് നാട്ടുകാരോടും കൂട്ടുകാരോടുമായി പറഞ്ഞു ഇനി തിരിച്ചടിച്ച ശേഷമേ ചെരിപ്പിടൂ എന്ന്. അടിച്ച ആൾ പിന്നീട് ഗൾഫിൽ പോയി. മൂന്നു വർഷങ്ങൾക്കു ശേഷം തിരിച്ചുവന്നു, തിരിച്ചടിച്ചു. എന്നിട്ട് ചെരുപ്പിട്ടു. ഇതെല്ലാം നടന്നത് തമ്പാൻ പുരുഷന്റെ വിവാഹശേഷമാണ്, അദ്ദേഹത്തിന്റെ ഭാര്യ ലതിക പറഞ്ഞു.

thamban

ഇദ്ദേഹത്തിന് മൃഗങ്ങളോട് വളരെ സ്നേഹമായിരുന്നു. മൃഗങ്ങളുടെ ഭാഷ കൃത്യമായി അറിയാമായിരുന്നു. ഒരിക്കൽ നാട്ടിൽ പെരുമ്പാമ്പിറങ്ങിയതറിഞ്ഞ് പുരുഷൻ അവിടെ എത്തി. അതിനെ പിടിച്ച് കഴുത്തിൽ ഇട്ട് മടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പാമ്പ് 21 മുട്ടയിട്ടു. പാമ്പിനെക്കൂടാതെ മരപ്പട്ടി. ഉടുമ്പ്, പരുന്ത് തുടങ്ങിയവയും ഇദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നു. ഒന്നിനെയും കൂട്ടിലിട്ടു വളർത്തില്ല. അഴിച്ചു വിട്ടേക്കും .ചിലത് കുറച്ചു ദിവസങ്ങൾക്കു ശേഷം തിരിച്ചു വരും ചിലത് ആ വഴി പോകും.

അടുത്തുള്ള തുറവൂർ അമ്പലത്തിലേക്ക് ‌ഇദ്ദേഹം പോകുന്നത് കയ്യിൽ നിറയെ അരിയും ഗോതമ്പുമായാണ്. ഇത് അന്നദാനത്തിനു വേണ്ടിയാണ്. മനുഷ്യർക്കല്ല, പ്രാവുകൾക്ക്. ഇദ്ദേഹത്തെ കാണുന്നതും പ്രാവുകൾ വന്ന് ചുറ്റും കൂടും. മടിയിലിരിക്കും.

ഒരിക്കൽ അർത്തുങ്കൽ പള്ളിയിൽ പെരുന്നാളിനു പോയപ്പോൾ അവിടെ മൃഗങ്ങളുടെ ഷോ നടക്കുകയായിരുന്നു. നോക്കിനിന്ന ഇദ്ദേഹത്തെ ഉടമസ്ഥൻ ആക്ഷേപിച്ചു. ഇതിൽ ദേഷ്യം തോന്നിയ അദ്ദേഹം മൃഗങ്ങളോടായി ചില ആംഗ്യങ്ങൾ കാണിച്ചു. അദ്ദേഹം തിരിച്ചു നടന്നു. നോക്കിയപ്പോൾ എല്ലാ മൃഗങ്ങളും ഇദ്ദേഹത്തിനു പിന്നാലെ ഉണ്ട്. അവസാനം ഉടമസ്ഥൻ വന്ന് കാല് പിടിച്ചതിനുശേഷമാണ് മൃഗങ്ങളെ തിരിച്ചു കൊണ്ടാക്കിയത്.

മഹേഷിന്റെ പ്രതികാരം എന്ന സിനിമകണ്ടാൽ ഏറ്റവും സന്തോഷിക്കുക തമ്പാൻ പുരുഷൻ തന്നെയായിരിക്കും. എന്നാൽ സ്വർഗത്തിലെ വെള്ളിവെളിച്ചത്തിൽ ഇത് കാണാനേ അദ്ദേഹത്തിന് യോഗമുള്ളൂ. മഹേഷിന്റെ പ്രതികാരം എന്ന സിനിമ ആരംഭിക്കുന്നത് തമ്പാൻ പുരുഷന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ്. കഴിഞ്ഞ വർഷം ഡിസംബർ 15 ന് രാത്രി ഒരു കണ്ടെയ്നർ വീട്ടിലേക്ക് പാഞ്ഞുകയറി അദ്ദേഹം മരണമടഞ്ഞു.

Your Rating: