Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനം ആരുപറത്തും; പൃഥ്വിയോ വിനീതോ?

prithvi-vineeth

മൂകനും ബധിരനുമായ സജി തോമസ് എന്ന വിമാനനിർമാതാവിന്റെ അദ്ഭുതകഥ സിനിമയാക്കാനുള്ള സംവിധായകരുടെയും നടന്മാരുടെയും മൽസരം കോപ്പിറൈറ്റ് നിയമയുദ്ധത്തിലെത്തിയിരിക്കുകയാണ്.സംവിധായകൻ പ്രദീപ് എം.നായർ, നടൻ പൃഥ്വിരാജ് തുടങ്ങിയവർ ഒരുഭാഗത്തും നടൻ വിനീത് ശ്രീനിവാസൻ, സംവിധായകൻ ശ്രീകാന്ത് മുരളി, എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം എന്നിവർ മറുഭാഗത്തുമായാണ് അങ്കം. എന്നു നിന്റെ മൊയ്തീൻ, പ്രേമം തുടങ്ങിയ സിനിമകൾക്കുശേഷം മലയാളത്തിൽ വീണ്ടുമൊരു കോപ്പിറൈറ്റ് വിവാദമുണ്ടായിരിക്കുകയാണ്, സജി തോമസിന്റെ പേരിൽ. സജിയുടെ കഥ സിനിമയാക്കാനുള്ള അവകാശം നേരത്തേ സ്വന്തമാക്കിയെന്നതിനാൽ കോടതിവിധി അനുകൂലമായിരിക്കുമെന്ന് ഉറപ്പാണെന്നു സംവിധായകൻ പ്രദീപ് എം.നായർ പറയുന്നു.

സജിയുടെ കഥ വാർത്തയായപ്പോൾ മാത്രമാണു സന്തോഷ് ഏച്ചിക്കാനവും കൂട്ടരും സജിയെത്തേടിയെത്തിയത്. അതിനും മുൻപുതന്നെ സജിയെയും സജിയുടെ ഗുരുവായ എ.കെ.ജെ.നായരെയും കണ്ടു സിനിമയുടെ കാര്യം ധരിപ്പിച്ചിരുന്നു. നായകന്റെ ഡേറ്റ് കിട്ടാത്തതിനാൽ മാത്രമാണു സിനിമ ആദ്യം അനൗൺസ് ചെയ്യാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോപ്പിറൈറ്റ് ഉള്ള പ്രമേയത്തിൽ മറ്റൊരാൾ സിനിമ ചെയ്യുന്നത് വലിയ ബജറ്റിൽ ചെയ്യാനിരിക്കുന്ന നല്ലൊരു സിനിമയെയും സജിയുടെ ജീവിതത്തെയും തകർക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

idukki-news.jpg.image.784.410 സജി തോമസ് വിമാനം പറത്തിയതിനെക്കുറിച്ചും സജിയുടെ ജീവിതംസിനിമയാകുന്നതിനെക്കുറിച്ചും മലയാള മനോരമയിൽ വന്ന റിപ്പോർട്ടുകൾ

എന്നാൽ, സിനിമ ആദ്യം അനൗൺസ് ചെയ്തതും തിരക്കഥ തയാറാക്കിയതും തങ്ങളാണെന്നു വിനീത് ശ്രീനിവാസൻ ടീം വിശദീകരിക്കുന്നു. ഓട്ടിസം ബാധിച്ച യുവാവ് വിമാനമുണ്ടാക്കുന്നതാണു കഥയെന്നും ഇതിനു സജിയുടെ ജീവിതവുമായി സാമ്യമൊന്നുമില്ലെന്നും തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.

സജി ഇതുവരെ ആത്മകഥ എഴുതിയിട്ടില്ലെന്നതിനാൽ അദ്ദേഹത്തിന്റെ ജീവിതത്തിന് ആർക്കും കോപ്പിറൈറ്റ് അവകാശപ്പെടാനാകില്ല. സജി വിമാനം പറത്തിയ വാർത്ത വന്നതിനുശേഷം അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കാനായി ആദ്യം ബന്ധപ്പെട്ടതു തങ്ങളാണ്. താൻ നേരത്തേ എഴുതിയ കഥയുമായി സാമ്യമുള്ള ജീവിതകഥയാണു സജിയുടേത്. ഇക്കാര്യവും സിനിമ ചെയ്യാൻ പോകുന്നതുമെല്ലാം സജിയെ അറിയിച്ചിരുന്നതുമാണ്. ആദ്യ സംവിധായകൻ വിനു ആനന്ദ് ഇടയ്ക്കുവച്ചു പിന്മാറിയതോടെയാണു പ്രോജക്ട് അൽപം നീണ്ടത്. അതിനിടയിൽ സജിയും കുടുംബവും പൃഥ്വിരാജ് ചിത്രത്തിനു കോപ്പിറൈറ്റ് നൽകി. ശ്രീകാന്ത് മുരളിയുടെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ പ്രാഥമിക ജോലികൾ‌ പുരോഗമിക്കുകയാണ്. വിവാദമായതോടെ കോടതിയിൽ സ്വന്തം ഭാഗം വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സജിയിൽനിന്നു കോപ്പിറൈറ്റ് കിട്ടിയതിനാൽ, അടുത്ത മാസം കർണാടകയിൽ പൃഥ്വിരാജ് നായകനാകുന്ന തന്റെ സിനിമയായ ‘വിമാന’ത്തിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണു സംവിധായകൻ പ്രദീപ് എം.നായർ. തങ്ങളുടെ സിനിമയോടു സാമ്യമുള്ള കഥയിൽനിന്നു വിനീത് ശ്രീനിവാസൻ ടീം പിന്മാറണമെന്നാണ് വിമാനം സിനിമക്കാരുടെ ആവശ്യം.മലയാള സിനിമയിൽ എന്നു നിന്റെ മൊയ്തീൻ സിനിമയാക്കാൻ കാഞ്ചനമാലയ്ക്കു കൊടുത്തതിനെക്കാൾ കൂടിയ തുകയ്ക്കാണു പൃഥ്വിരാജ് ചിത്രത്തിന്റെ നിർമാതാക്കൾ സജി സിനിമയുടെ കോപ്പിറൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. അഡ്വാൻസ് തുക ഇതിനോടകംതന്നെ സജി കൈപ്പറ്റുകയും ചെയ്തു. കോപ്പിറൈറ്റ് തങ്ങൾക്കായിരുന്നിട്ടുകൂടി വിനീത് ശ്രീനിവാസനും ശ്രീകാന്ത് മുരളിയും സന്തോഷ് ഏച്ചിക്കാനവും സിനിമയിൽനിന്നു പിന്മാറാത്തതിനാലാണു താൻ ഫെഫ്കയെ സമീപിച്ചതെന്നു പ്രദീപ് എം.നായർ പറയുന്നു.

2014 ഏപ്രിലിലാണു ബധിരനും മൂകനുമായ തൊടുപുഴ തട്ടക്കുഴ സ്വദേശി സജി തോമസ് സ്വന്തമായി വിമാനമുണ്ടാക്കി തമിഴ്നാട്ടിലെ അംബാസമുദ്രത്തിലെ റൺവേയിൽ പറപ്പിച്ചത്. സജിയുടെ അത്ഭുതകഥ മലയാള മനോരമ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഏപ്രിൽ 19നാണു സന്തോഷ് ഏച്ചിക്കാനവും സംവിധായകൻ വിനു ആനന്ദും തൊടുപുഴയിലെത്തിയതെന്നു സജിയുടെ ഭാര്യ മരിയ പറയുന്നു. സന്തോഷ് നേരത്തേ എഴുതിയ കഥയുമായി സജിയുടെ ജീവിതകഥയ്ക്കു സാമ്യമുണ്ടെന്നും ഇതു സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും ഇരുവരും സജിയുടെ കുടുംബത്തെ അറിയിച്ചു. എന്നാൽ, അതിനുശേഷം ഒരു വർഷത്തോളം സന്തോഷും വിനു ആനന്ദും സിനിമയുടെ കാര്യത്തിൽ പുരോഗതിയുണ്ടാക്കിയില്ലെന്നു മരിയ ആരോപിച്ചു.

പ്രദീപ് എം.നായരും സജിയുടെ ഗുരു എ.കെ.ജെ.നായരും വർഷങ്ങൾക്കു മുൻപുതന്നെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നുവെന്നും പിന്നീട് അറിഞ്ഞു. അതിനാലാണു പൃഥ്വിരാജ് ചിത്രത്തിനു കോപ്പിറൈറ്റ് എഴുതി നൽകിയത്. സജിയെ പൃഥ്വിരാജ് നേരിട്ടു കാണുകയും ചെയ്തതോടെ സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും അവർ പറയുന്നു. ഈയിടെ ഡിസ്കവറി ചാനൽ സജിയുടെ കഥ സംപ്രേഷണം ചെയ്തതോടെയാണ് ഒരിക്കൽ മുടങ്ങിയ വിനീത് ശ്രീനിവാസൻ പ്രോജക്ടിനു വീണ്ടും ജീവൻ വച്ചതെന്നും അതിനു മുൻപുതന്നെ പൃഥ്വിരാജ് ചിത്രത്തിനു കോപ്പിറൈറ്റ് നൽകിയതാണെന്നും മരിയ പറഞ്ഞു. 

Your Rating: