Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തേമാരിയിലെ കഥാപാത്രം; സലിം അഹമ്മദ് മാപ്പു പറഞ്ഞു

salim-ahmed

പത്തേമാരി എന്ന സിനിമയിൽ ലാഞ്ചി വേലായുധന് മാനസീക വിഭ്രാന്തി സംഭവിക്കുന്നതായി ചിത്രീകരിച്ചതിൽ വിഷമമുണ്ടെന്ന് സിനിമയുടെ സംവിധായകൻ സലിം അഹമ്മദ്. ലാഞ്ചി വേലായുധൻ യഥാർഥത്തിൽ ജീവിച്ചിരുന്ന കഥാപാത്രമാണ്. ജീവിതത്തെ സധൈര്യം നേരിട്ട വ്യക്തിയാണ്. കേരളത്തിലെ പ്രവാസികൾ യതാർഥത്തിൽ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹമാണ് ആദ്യകാലങ്ങളിൽ പത്തേമാരിയിൽ കേരളത്തിലെ ജനങ്ങളെ ഗൾഫ് നാടുകളിൽ എത്തിച്ചത്. പക്ഷേ, ചിത്രത്തിൽ ഒരിടത്തും ‌അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല.

വേലായുധൻ ‌എട്ടു വർഷം മുമ്പ് മരിച്ചുപോയി. എന്നാൽ സിനിമയിൽ ഇദ്ദേഹത്തിന് മാനസീകാസ്വാസ്ഥ്യം പിടിപെടുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. അത് മനപൂർവമല്ല. സിനിമയായതു കൊണ്ട് അത്തരത്തിൽ കാണിക്കേണ്ടി വന്നു. എന്റെ റിസർച്ചിലൂടെ കണ്ടെത്തിയതാണ് വേലായുധൻ എന്ന കഥാപാത്രത്തെ. അദ്ദേഹത്തെ മോശമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് വേലായുധന്റെ കുടുംബക്കാർ എനിക്കെതിരെ കേസു നൽകിയിരുന്നു.

നാട്ടുകാർക്ക് അദ്ദേഹം സിനിമയിൽ കഥാപാത്രം മാത്രമാണങ്കിലും വീട്ടുകാർക്കങ്ങനെയല്ലല്ലോ? ‍ജനങ്ങളോ‌‍‍ട് വേലായുധന് മാനസീക വിഭ്രാന്തിയൊന്നും വന്നിട്ടില്ലെന്ന് തുറന്നു പറയണമെന്ന് അവർ എന്നോട് പറഞ്ഞിരുന്നു. സിനിമയിൽ വേലായുധനെ ചിത്രീകരിച്ച രീതി ഇഷ്ടപ്പെട്ടില്ലെന്നും മാനസീക വിഷമം ഉണ്ടാക്കിയെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. അവർ ഇതിനെതിരെ കേസ് നൽകിയിരുന്നു. അവർ പണമൊന്നും ആവശ്യപ്പെട്ടിരുന്നില്ല.

സിനിമയിൽ അദ്ദേഹത്തെ ചിത്രീകരിച്ചതനോട് വിയോജിപ്പു‌ണ്ടായിരുന്നുവെന്നേ ഉള്ളൂ. അവരുടെ മാനസീകാവസ്ഥ പരിഗണിച്ച് ഞാൻ പത്രസമ്മേളനത്തിൽ കുടുംബത്തോട് മാപ്പു ചോദിക്കുകയായിരുന്നു. കേസ് അവർ ഇന്ന് പിൻവലിച്ചു. ചാവക്കാട്, ഗുരുവായൂർ ഭാഗങ്ങളിൽ പ്രവാസികൾ അധികമുണ്ടാകാൻ കാരണം ഇൗ വേലായുധനാണ്. അദ്ദേഹത്തെ നമ്മുടെ പ്രവാസി ചരിത്രത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യം തന്നെയാണ്.

നടൻ സിദ്ദിഖായിരുന്നു ചിത്രത്തിൽ വേലായുധനായി വേഷമിട്ടത്.