Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായിച്ചറിയണം സലിം കുമാറിന്റെ ഈ ജീവിതാനുഭവം

salim-kumar

1987 ൽ മാല്യങ്കര എസ്എൻ കോളജിൽനിന്ന് പ്രീഡിഗ്രി പാസായെങ്കിലും എനിക്ക് തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. അച്ഛന്റെ മരണത്തോടെ സാമ്പത്തികമായി കടുത്ത പ്രതിസന്ധി. ജോലി ചെയ്യാതെ ജീവിക്കാനാവാത്ത അവസ്ഥ. ‘‘ജോലി ചെയ്യാതെ എങ്ങനെയെങ്കിലും ജീവിക്കാൻ നോക്കെടാ’’ എന്ന് കൂട്ടുകാരുടെ വക ഉപദേശവും. അങ്ങനെ ചില ചില്ലറ സ്റ്റേജ് പ്രോഗ്രാമുകളുമായി ഞാൻ നാട്ടിൽത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. അതിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഏറെക്കുറെ തട്ടിമുട്ടിപ്പോയത് ആറുവർഷം. അപ്പോഴാണ് ഡിഗ്രിക്ക് ചേരണം എന്ന ആഗ്രഹം ഉണ്ടായത്.

ഉപരിപഠനം നടത്തി കോളജ് അധ്യാപകൻ ആകണം എന്ന ആഗ്രഹം കൊണ്ടായിരുന്നില്ല ആ തോന്നൽ. കോളജിൽ പഠിച്ചാൽ, യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാം. യൂത്ത് ഫെസ്റ്റിവലിൽ സമ്മാനം കിട്ടിയാൽ നാലാൾ അറിയും. അതിന്റെ ക്രെഡിറ്റിൽ കലാഭവനിൽ ചേരാം. കലാഭവനിൽ ചേർന്നാൽ പിന്നെ നിറയെ പരിപാടികൾ. കഷ്ടപ്പാട് മാറും. ഭാഗ്യമുണ്ടെങ്കിൽ സിനിമയിലും എത്താം. ഇതായിരുന്നു എന്റെ പദ്ധതി. പദ്ധതിയല്ല, സ്വപ്നം എന്നു പറയാം. ഒന്നുമില്ലാത്തവർക്ക് എന്തും സ്വപ്നം കാണാമല്ലോ; അങ്ങനെയൊരു സ്വപ്നം.

അങ്ങനെ ഡിഗ്രിക്ക് ചേരാൻ തീരുമാനം ഉറപ്പിച്ചു. എറണാകുളത്തെ ഏതെങ്കിലും കോളജിൽ ചേരണം. എങ്കിലേ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പറ്റൂ. അങ്ങനെ മഹാരാജാസ് കോളജിൽതന്നെ ചേരാമെന്ന് തീരുമാനിച്ചു. പക്ഷേ, കോളജിൽ അഡ്മിഷൻ ക്ലോസ് ചെയ്തു എന്നുകേട്ടു. അങ്ങനെയിരിക്കെ ഒരു ദിവസം കെ.എൻ.ഭരതൻ എന്ന പുതിയ പ്രിൻസിപ്പൽ കോളജിൽ ചുമതലയേറ്റ വാർത്ത മനോരമ പത്രത്തിൽ കണ്ടു. പറവൂർ അടുത്തുള്ള ചേന്ദമംഗലമാണ് സാറിന്റെ വീടെന്നും വാർത്തയിലുണ്ട്. അടുത്ത ഞായറാഴ്ച വാടകയ്ക്ക് എടുത്ത സൈക്കിളും ചവിട്ടി ഞാൻ പ്രിൻസിപ്പലിന്റെ വീട്ടിലേക്കു വിട്ടു. വിയർ‌ത്തു കുളിച്ച് വീട്ടിലെത്തുമ്പോൾ മുറ്റത്ത് ഒരാൾ തെങ്ങിന് തടം എടുത്തുകൊണ്ട് നിൽപ്പുണ്ട്.

‘‘ഭരതൻ സാറുണ്ടോ.....’’ ആകാംക്ഷയോടെ ഞാൻ ചോദിച്ചു. ‘‘അവിടെയിരിക്കൂ...ഇപ്പോൾ വരും...’’ എന്നു പറഞ്ഞ് ആ മനുഷ്യൻ എനിക്കൊരു കസേര കാണിച്ചുതന്നു. ഞാൻ കുറച്ചുനേരം അങ്ങനെ ഇരുന്നു. ആരെയും കാണുന്നില്ല. പുറത്തേക്കു നോക്കിയപ്പോൾ തെങ്ങിനു തടം എടുത്തുകൊണ്ടിരുന്ന ജോലിക്കാരനും അപ്രത്യക്ഷനായിരിക്കുന്നു. പെട്ടെന്നാണ് അകത്തെ വാതിൽ തുറക്കപ്പെടുന്നത്. ഞാനൊന്ന് അദ്ഭുതപ്പെട്ടു. ഈ ഇറങ്ങിവരുന്നയാളല്ലേ, അൽപം മുൻപ് തെങ്ങിന് തടം എടുത്തുകൊണ്ടുനിന്നത്.

‘‘എന്താ വേണ്ടത്....’’ അദ്ദേഹം ചോദിച്ചു ‘‘ഭരതൻ സാറിനെ കാണണം.....’’ ‘‘ഞാൻ തന്നെയാണ് ഭരതൻ സാർ...പറഞ്ഞോളൂ....’’

ഒരു സിനിമയുടെ ക്ലൈമാക്സിലെന്നതുപോലെ അദ്ദേഹം തന്റെ ഡയലോഗ് തട്ടിവിട്ടു. ഒരു പൊട്ടിച്ചിരി ഉള്ളിലടക്കിക്കൊണ്ട് ഞാൻ കുറച്ച് സർട്ടിഫിക്കറ്റുകൾ എടുത്ത് സാറിനെ കാണിച്ചു. എല്ലാം മാല്യങ്കര കോളജിൽ പഠിക്കുന്ന കാലത്ത് കിട്ടിയതാണ്.

‘‘സാർ ഞാൻ സലിംകുമാർ. ആർടിസ്റ്റാണ്. മിമിക്രിക്ക് കിട്ടിയ സമ്മാനങ്ങളാണിത്..... എനിക്ക് മഹാരാജാസിൽ ഡിഗ്രിക്ക് ചേരണമെന്നുണ്ട്....’’ തെല്ലും ചമ്മലില്ലാതെ ഞാനെന്റെ ആഗമനോദ്ദേശ്യം അദ്ദേഹത്തെ അറിയിച്ചു. എന്റെ സർട്ടിഫിക്കറ്റുകൾ മാറിമാറിനോക്കിയിട്ട് അദ്ദേഹം പറഞ്ഞു ‘‘താൻ ആളു കൊള്ളാമല്ലോ....തനിക്ക് അഡ്മിഷിൻ തരേണ്ടതാണല്ലോ.....’’

കണ്ടാൽ ഒരു ലുക്കില്ലെങ്കിലും ഞാനൊരു സംഭവമാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. പ്രിൻസിപ്പലിന്റെ ലുക്കില്ലെങ്കിലും അദ്ദേഹം ഒരു സംഭവമാണെന്ന് എനിക്കും മനസ്സിലായി. അതുകേട്ടപ്പോഴേ എനിക്കു സന്തോഷമായി. ആ സന്തോഷത്തിന്റെ ആത്മവിശ്വാസത്തിൽ ഞാൻ ഒരു വാഗ്ദാനം കൂടി പ്രിൻസിപ്പലിനു നൽകി. ‘‘സാർ, എനിക്ക് അഡ്മിഷൻ തന്നാൽ അടുത്ത യൂണിവേഴ്സിറ്റി കലോൽസവത്തിൽ മിമിക്രിക്ക് ഫസ്റ്റ് പ്രൈസ് ഗ്യാരന്റി.....’’ അക്കാലത്ത് കലോൽസവത്തിൽ സെന്റ് തെരേസാസുമായുള്ള മഹാരാജാസിന്റെ മൽസരം കണക്കിലെടുത്താണ് ‍ഞാൻ ഈ തുറുപ്പു ഡയലോഗ് പുറത്തെടുത്തത്. അത് അദ്ദേഹത്തിനങ്ങ് സുഖിക്കുകയും ചെയ്തു. എന്റെ മുഖത്തേക്ക് ഒന്നു സൂക്ഷ്മമായി നോക്കിയിട്ട് സാർ ഒരു തീർപ്പു പറഞ്ഞു. ‘‘ഒരു കാര്യം ചെയ്യ്; താൻ നാളെ കോളജിലേക്കു വാ....എന്താ ചെയ്യാൻ പറ്റുകാന്ന് ഞാനൊന്ന് നോക്കട്ടെ...’’ അങ്ങനെ പിറ്റേന്ന് ഞാൻ കോളജിലേക്കു ചെന്നു.

ഭരതൻസാർ ആരാണെന്ന് അതിനുമുൻപേ ഞാൻ മനസ്സിലാക്കിയിരുന്നു. ഒരു തലമുറയെ കൊടുങ്കാറ്റുപോലെ സ്വാധീനിച്ച അധ്യാപകൻ. ആ തണലിൽ വളർന്നവരും വിജയിച്ചവും ഒരുപാട്. ആ വ്യക്തിപ്രഭയിൽ ആവേശരായും ആകൃഷ്ടരായും ആരാധനമൂത്തും ക്യാംപസിൽ ജീവിച്ചവർ ഒരുപാട്. ആ മനുഷ്യനാണ് എന്നെ ക്ഷണിച്ചിരിക്കുന്നത്. ഞാനൊരു സംഭവമാണേ.......! ബിഎ മലായളത്തിനാണ് ഞാൻ സീറ്റ് ചോദിച്ചിരിക്കുന്നത്. അതുകൊണ്ട് വകുപ്പധ്യക്ഷനായ കെ.ജി.ശങ്കരപ്പിള്ള സാറിനെ ഓഫിലേക്കു വിളിപ്പിച്ചു. എന്റെ സർട്ടിഫിക്കറ്റുളൊന്നും തന്നെ നോക്കാതെ ശങ്കരപ്പിള്ള സാർ കാര്യം പറഞ്ഞു.

‘‘സമയം കഴിഞ്ഞു. ഇനി സീറ്റ് ഇല്ല’’

അദ്ദേഹത്തിന്റെ കവിതപോലെ ആറ്റിക്കുറുക്കിയ മറുപടി. ‘‘നിങ്ങളുദ്ദേശിക്കുന്നതുപോലെയല്ല, ഇയാൾ ഒരു അസാമാന്യ ആർട്ടിസ്റ്റാ. ഈനിമിഷം വേണമെങ്കിൽ സാറിന്റെ പടംവരച്ചുതരും.’’ ഭരതൻ സാർ

കുറച്ച് കയ്യിൽനിന്നിട്ട് ഒറ്റയടി. ഞാൻ അന്തം വിട്ടുപോയി. പടംവരയ്ക്കുകയോ.....! ജീവിതത്തിൽ ഇന്നുവരെ ബ്രഷും ചായവും കൈകൊണ്ടു തൊട്ടിട്ടില്ല.

‘‘സാർ, ആർടിസ്റ്റ് എന്ന് ഞാൻ ഉദ്ദേശിച്ചത്. ഈ മിമിക്രി’’ ‘‘അതെ അതെ....ഇയാൾ അസ്സലായിയിട്ട് മിമിക്രിയും ചെയ്യും....’’ ഞാൻ തിരുത്തുന്നതിനുമുൻപേ ഭരതൻ സാർ സംഗതി ക്ലിയർ ചെയ്തുകൊടുത്തു.

ഏതായാലും പടംവരയ്ക്കാൻ ശങ്കരപ്പിള്ള സാർ പറഞ്ഞില്ല. അല്ലായിരുന്നെങ്കിൽ ഞാൻ അപ്പോൾതന്നെ ഒരു പടമായേനെ. അങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിലും അഡ്മിഷൻ കിട്ടിയില്ല.

ഒടുവിൽ ഭരതൻ സാർ തന്നെ ഒരു ഉപാധി കണ്ടുപിടിച്ചു. എന്നെ ഈവനിങ് കോളജിൽ ചേർക്കാമെന്ന് തീരുമാനിച്ചു. കലോൽസവത്തിൽ ഒരു ഫസ്റ്റ് കിട്ടുന്ന കാര്യമല്ലേ...! പക്ഷേ, ഒരു പ്രശ്നം. പകൽ എന്തെങ്കിലും ജോലിചെയ്യുന്നുണ്ടെന്ന് സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളജിൽ കൊടുക്കണം. ‘‘ഏതെങ്കിലും ബാർബർ ഷാപ്പിൽ മുടി മുറിക്കുന്നുണ്ടെന്ന സർട്ടിഫിക്കറ്റ് മതി. അല്ലെങ്കിൽ ഹോട്ടലിൽ ചായ അടിക്കുന്നുണ്ടന്ന്...’’ സാർ തന്നെ മാർഗവും പറഞ്ഞുതന്നു.

പക്ഷേ, പടംവരയ്ക്കാൻ അറിയും എന്നു പറഞ്ഞതുപോലെ മുടിമുറിക്കാൻ അറിയുമെന്നു പറഞ്ഞാൽ പെട്ടുപോകും എന്ന് എനിക്കുമനസ്സിലായി. നാളെ ആരെങ്കിലും മുടിമുറിച്ചുകാണിക്കെടാ എന്നു പറഞ്ഞാൽ സംഗതി മാറും. അതുകൊണ്ട് പ്രത്യേകിച്ച് വൈദഗ്ധ്യം ആവശ്യമില്ലാത്ത ഒരു തൊഴിൽ കണ്ടുപിടിച്ചു. ആലുവയിൽ ശാരിക എന്ന പേരിൽ ഒരു നാടക ട്രൂപ്പുണ്ട്. ഇടയ്ക്ക് ഞാൻ അവരുടെകൂടെ മിമിക്രി കാണിക്കാൻ പോകാറുമുണ്ട്. അങ്ങനെ ശാരികയുടെ മാനേജരാണ് ഞാൻ എന്ന ഒരു കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളജിൽ കൊടുത്തു. അങ്ങനെ മഹാരാജാസ് എന്ന കേരളത്തിന്റെ മഹാകലാലയത്തിൽ ഞാനും വിദ്യാർഥിയായി. ഞാൻ അവിടെ ചേർന്നത് അറിഞ്ഞിട്ടാണോ എന്നറിയില്ല, എംജി യൂണിവേഴ്സിറ്റി ഈവനിങ് കോളജുകൾ ആ വർഷം അവസാനിപ്പിച്ചു. അങ്ങനെ ഈവനിങ് കോളജ് ചരിത്രത്തലെ അവസാന വിദ്യാർഥിയായി ഞാൻ വിദ്യാഭ്യാസം തുടങ്ങി. പ്രതീക്ഷിച്ചതുപോലെ എംജി യൂണിവേഴ്സിറ്റി കലോൽസവത്തിൽ മിമിക്രിക്ക് ഞാൻ ഫസ്റ്റ് അടിച്ചു. സെക്കൻഡ് ഗിന്നസ് പക്രു (അന്ന് ഉണ്ടപക്രു), തേഡ് ടിനി ടോം.

ഞാൻ വാക്കുപാലിച്ചതിൽ ഭരതൻ സാറിന് സന്തോഷമായി. കോളജ് യൂണിയൻ പ്രതിനിധികൾക്കും സന്തോഷമായി. ചെയർമാൻ നേരിട്ടുവന്ന് എന്നെ അഭിനന്ദിച്ചു. എന്നെ അഭിനന്ദിച്ച ശേഷം അദ്ദേഹം സ്ലോമോഷനിൽ നടന്ന് പ്രിൻസിപ്പലിന്റെ മുറിയിലേക്കു കയറി ഒരാവശ്യവും അറിയിച്ചു. ‘‘സലിം കുമാറിനെ ഡേ കോളജിലേക്കുമാറ്റണം.’’

ചെയർമാനെ ഇഷ്ടമായിരുന്നതുകൊണ്ടും എന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നതുകൊണ്ടും ഭരതൻ സാർ ആ ആവശ്യം അംഗീകരിച്ചു. അന്ന് സ്ലോമോഷനിൽ നടന്നുപോയ ആ ചെയർമാനാണ് ഇപ്പോൾ മലയാളിയുടെ പ്രിയങ്കരനായ അമൽനീരദ്. അങ്ങനെ ഡേ കോളജിൽ പഠിച്ചുകൊണ്ട് രണ്ടാം വർഷവും ഞാൻ മിമിക്രിയിൽ ഫസ്റ്റ് അടിച്ചു. ആ വർഷം ട്രോഫികളും കയ്യിലേന്തി നഗരം ചുറ്റി പ്രദക്ഷിണം വച്ച് ഞങ്ങൾ കോളജിൽ എത്തുമ്പോൾ, എന്നെത്തേടി ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു. കൊച്ചിൻ കലാഭവനിലെ കെ.എസ്.പ്രസാദ്. എന്നെ കലാഭവനിലേക്ക് ക്ഷണിക്കാൻ വന്നതാണ് അദ്ദേഹം. ഒരു മിമിക്രിക്കാരൻ കരയാൻ പാടില്ല, എങ്കിലും സന്തോഷം കൊണ്ട് എന്റെ കണ്ണുനിറ‍ഞ്ഞുപോയി.

ഞാൻ വെറുതെ കണ്ട ഒരു സ്വപ്നം ഇതാ യാഥാർഥ്യമാകാൻ പോകുന്നു. ഞാൻ കോളജ് ഓഫിസിന്റെ മുൻപിലേക്കു നടന്നു. പക്ഷേ, അപ്പോൾ അവിടെ ഭരതൻ മാഷ് ഇല്ലായിരുന്നു. അദ്ദേഹം വിരമിച്ചിരിക്കുന്നു. അവിടെയുണ്ടായിരുന്നെങ്കിൽ എന്തു ചെയ്യുമെന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. മൂന്നാം വർഷവും ഞാൻ മഹാരാജാസിനുവേണ്ടി മൽസരിച്ചു. ആവർഷം സെക്കൻഡായിപ്പോയതുകൊണ്ടാവും നാലാം വർഷം പഠിക്കാനുള്ള ഒരു ചാൻസുകൂടി അവർ എനിക്കുതന്നു. അറ്റൻഡൻസ് ഷോർട്ടേജ് മൂലം പരീക്ഷ എഴുതാൻ പറ്റില്ല എന്നൊരു തന്ത്രം.

അപ്പോഴേക്കും എനിക്കു പ്രോഗ്രാമുകളുടെ തിരക്കായി. പഠനം മടുക്കുകയും ചെയ്തു. ഞാൻ മെല്ലെ മഹാരാജാസ് വിട്ടു. കോളജിന്റെ പടിയിറങ്ങിയപ്പോൾ ഒരു വിഗ്രഹം ഞാൻ കൂടെ കൊണ്ടുപോരുന്നു; ഭരതൻമാഷ് എന്ന വിഗ്രഹം.

ഗഹനമായ ക്ലാസുകൾ എടുത്തിരുന്ന ശങ്കരപ്പിള്ള സാറിനെയും വിദ്യാർഥികളുടെ തോളിൽ കയ്യിട്ട് നടന്നിരുന്ന സി.ആർ.ഓമനക്കുട്ടൻ സാറിനെയും മറന്നുകൊണ്ടല്ല ഭരതൻ മാഷിനെപ്പറ്റി എഴുതുന്നത്. കാരണം, അന്ന് പ്രിൻസിപ്പലിന്റെ സ്ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ നിങ്ങളറിയുന്ന സലിം കുമാർ ഉണ്ടാകുമായിരുന്നില്ല. ഒരു അവാർഡ് വാങ്ങുമ്പോൾ, നാലുപേർ ഞാനെന്ന നടനെപ്പറ്റി നല്ലതുപറയുമ്പോൾ ഞാൻ അത് ഭരതൻ മാഷിന് സമർപ്പിക്കും. ഇതൊക്കെയെന്ത്........എന്ന് നിങ്ങൾക്ക് ചിലപ്പോൾ തോന്നുമായിരിക്കും. പക്ഷേ സലിംകുമാറിന് ഇതാണ് എല്ലാം. 

Your Rating: