Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരങ്ങളില്ല; അവാർഡ് കിട്ടിയ കളിക്ക് തിയറ്റർ ഇല്ല

sanal സനല്‍കുമാർ ശശിധരൻ

നല്ല സിനിമകൾക്ക് മലയാളത്തിൽ ഇടംകിട്ടാൻ ഇനിയും കാലമേറെ കാത്തിരിക്കണം. സംസ്ഥാനസർക്കാന്റെ മികച്ച സിനിമയ്ക്കുളള പുരസ്കാരം നേടിയ ഒഴിവു ദിവസത്തെ കളിയ്ക്ക് കളിക്കാൻ ഒരു തിയറ്റർപോലും കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. പ്രേക്ഷകർ ഈ സിനിമ കാണാൻ എത്തില്ലെന്നാണ് സിനിമയെ തഴഞ്ഞുകൊണ്ട് വിതരണക്കാർ പക്ഷം ചേരുന്നത്. എന്നാൽ പ്രേക്ഷകർ പറയുന്നതോ അവർക്ക് വേണ്ടത് നല്ല സിനിമകളെന്നും. ഇതിൽ നട്ടം തിരിയുന്നത് വെള്ളംചേർക്കാതെ നല്ല സിനിമകൾ എടുക്കുന്ന സനല്‍കുമാർ ശശിധരനെപ്പോലുള്ള പ്രഗത്ഭരായ യുവസംവിധായകരാണ്. എന്താണ് മലയാളസിനിമ ഇവർക്ക് നൽകുന്നതെന്ന് അറിയണമെങ്കിൽ സംവിധായകന്റെ ഈ പോസ്റ്റ് വായിക്കണം.

സുഹൃത്തുക്കളെ ഒഴിവുദിവസത്തെ കളി ജൂൺ 17 നു തിയേറ്ററുകളിലെത്തുകയാണ്.

അധികം പരസ്യം ചെയ്യാനുള്ള പണമൊന്നുമില്ല കയ്യിൽ. പണം ചെലവാക്കി റിലീസ് ചെയ്യാമോ എന്ന ചോദ്യവുമായി ചില വിതരണക്കാരെയൊക്കെ സിനിമ കാണിച്ചിട്ടുണ്ട്. എല്ലാവരും ചിരിച്ചു കുലഞ്ഞ് കെട്ടിപ്പിടിച്ച് പോയതല്ലാതെ വിതരണം ചെയ്യാൻ ആരും ധൈര്യത്തോടെ മുന്നോട്ട് വന്നിട്ടില്ല. താരങ്ങളില്ലാത്ത സിനിമ കാണാൻ തിയേറ്ററിൽ ആളുകൾ വരില്ല എന്നതാണ് പറയുന്ന കാരണം. ഇതൊരു അന്ധവിശ്വാസമാണ്. തമിഴിലും തെലുങ്കിലും ഒക്കെ ഇറങ്ങുന്ന താരമൂല്യമില്ലാത്ത സിനിമകൾ ഡബ് ചെയ്ത് ഇറക്കുമ്പോൾ പോലും നല്ല സിനിമയാണെന്ന് കേട്ടാൽ കേരളത്തിൽ തിയേറ്ററുകൾ നിറയാറുണ്ട്. അത് ചൂണ്ടിക്കാട്ടിയാൽ പറയുന്ന മറുപടി, മലയാളികൾ തമിഴ് സിനിമയൊക്കെ താ‍രങ്ങളില്ലാതെ കാണുമെങ്കിലും മലയാളത്തിൽ അത് ചെയ്യില്ല എന്നാണ്. ഈ അന്ധവിശ്വാസത്തെ പൊളിക്കാതെ മലയാള സിനിമ മുന്നോട്ട് പോകില്ല. അതുകൊണ്ട് ബിഗ് ഡ്രീം റിലീസ് തന്നെയാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഒഴിവുദിവസത്തെ കളി കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായിരുന്നു. താരത്തിളക്കമുള്ള നിരവധിസിനിമകൾക്കൊപ്പം മത്സരിച്ചായിരുന്നു അത് മികച്ച സിനിമയായത്. മലയാളത്തിൽ അപൂർവമായി കണ്ടിട്ടുള്ള മേക്കിങ്ങ് രീതികൊണ്ടും തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്ന സിനിമാറ്റിക് അനുഭവം കൊണ്ടുമാണ് അങ്ങനെയൊരു നേട്ടം അത് കൈവരിച്ചത്. ആകെ 70 ഷോട്ടുകൾ മാത്രമുള്ള ഈ സിനിമയുടെ രണ്ടാം പകുതി മുഴുവൻ ഒറ്റഷോട്ടാണ്.

അഭിനേതാക്കൾ പുതുമുഖങ്ങളാണെന്ന് പറയുമ്പോൾ സിനിമ കണ്ടുകഴിഞ്ഞവർ അമ്പരക്കുന്നു. അവരൊക്കെ ശരിക്കും മദ്യപിച്ചിരുന്നോ? ആ ഷോട്ടെങ്ങനെ എടുത്തു? ശരിക്കും മഴയുണ്ടായിരുന്നോ? സ്ക്രിപ്റ്റില്ലാന്നു പറയുന്നത് വിശ്വസിക്കുന്നതെങ്ങനെ! തുടങ്ങി അവരുടെ അമ്പരപ്പുകൾ നിരവധിയാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളാണ് സിനിമയിലെങ്കിൽ പോലും ഒഴിവുദിവസത്തെ കളി നിലനിൽക്കുന്നത് അതിൽ നിറഞ്ഞു നിൽക്കുന്ന സിനിമാറ്റിക് എക്സ്പീരിയൻസ് കൊണ്ടാണ്. ഈ സിനിമ നിങ്ങളെ അമ്പരപ്പിക്കും. ഇതൊരു പരസ്യവാചകമല്ല. സംശയമുണ്ടെങ്കിൽ കണ്ടവരോട് ചോദിച്ചാൽ മതി.

നല്ല സിനിമയൊന്നും ഇവിടെ പ്രേക്ഷകർക്ക് വേണ്ട. അതുകൊണ്ടാണ് വളുപ്പ് കോമഡി പടങ്ങളിറങ്ങുന്നതെന്ന് പറയുന്നവർ ഏറെയാണ്. പ്രേക്ഷകരെ കുറ്റം പറയാൻ ഞാനൊരുക്കമല്ല. നല്ല സിനിമ തിയേറ്ററിലെത്തിക്കുകയും അത് പരസ്യവാചകങ്ങളിൽ മാത്രമല്ലാതെ ശരിക്കുള്ള നല്ല സിനിമ ആയിരിക്കുകയും അത് തിയേറ്ററിലെത്തി എന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്യാൻ കഴിഞ്ഞാൽ തിയേറ്ററിൽ ആളുവരും എന്നെനിക്കുറപ്പാണ്. പക്ഷെ പ്രേക്ഷകരെ കുറ്റം പറയുന്നവർ അവരുടെ വിശ്വാസം ശരിയാണെന്ന് സ്ഥാപിക്കുന്നത് സിനിമയെക്കുറിച്ചുള്ള വാർത്തകൾ മുക്കിവെച്ചുകൊണ്ടാണ്. സിനിമ തിയേറ്ററിലുള്ളപ്പോൾ അതേക്കുറിച്ച് സംസാരിക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കും. എന്ത് വളുപ്പുകണ്ടാലും മറ്റുള്ളവർക്ക് ഷെയർ ചെയ്ത് കൊടുക്കുന്നവർ പോലും തന്ത്രപൂർവം വാർത്തകൾ പൂഴ്ത്തും. സിനിമ പോയിക്കഴിഞ്ഞ ശേഷം വലിയവായിൽ പ്രേക്ഷകരെ കുറ്റം പറയും. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം.

ഇതുവരെ ഡെൽഹിയിലും ബോംബെയിലും ഉൾപ്പെടെ ആകെ പത്ത് പ്രദർശനങ്ങളിലായി ആയിരത്തോളം ആളുകൾ ഈ സിനിമ കണ്ടിട്ടുണ്ട്. അതിൽ തൊള്ളായിരം പേരും ഈ സിനിമ നല്ലതാണെന്ന് പറയുന്നു. എനിക്ക് പേഴ്സണൽ മെസേജ് അയച്ച് ഇതുപോലൊരു സിനിമ കണ്ടിട്ടില്ല എന്ന് പറയുന്നവരോട് ഞാൻ പറയുന്നത് നിങ്ങളത് ജനങ്ങളോട് പറയൂ എന്നാണ്. കൂടുതൽ പേരിലേക്ക് സിനിമ എത്തട്ടെ. തിയേറ്ററുകൾ നിറയട്ടെ. കൂടുതൽ ധൈര്യത്തോടെ വഴിമാറിസഞ്ചരിക്കാൻ എനിക്കും എന്റെ ഒപ്പം സിനിമയെടുക്കാൻ മുന്നോട്ട് വരുന്ന മറ്റുള്ളവർക്കും സാധിക്കുന്ന അന്തരീക്ഷമുണ്ടാവട്ടെ. പലരും അത് ചെയ്യാറില്ല. കാരണമറിയില്ല. സുഹൃത്തുക്കളേ ഉറക്കെ സംസാരിക്കൂ.

ജൂൺ 17 നു തിയേറ്ററുകളിൽ അതെത്തും. സുഹൃത്തുക്കളെ അറിയിക്കൂ. സ്വതന്ത്ര സിനിമയ്ക്ക് ഒരു കൈത്താങ്ങ് നൽകൂ.

ഒഴിവുദിവസത്തെ കളി ഒരു ആർട്ട് സിനിമയല്ല. ഇതൊരു കാട്ടു സിനിമയാണ്.

സ്നേഹത്തോടെ, സനൽ കുമാർ ശശിധരൻ.