Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്റെ തിരക്കഥ ആസിഫ് അലി അടിയന്തരത്തിന് വെച്ചിരിക്കും’

sarath-chandran-asif ശരത് ചന്ദ്രന്‍ വയനാട്, ആസിഫ് അലി

ആസിഫ് അലിയ്‌ക്കെതിരെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകുമായ ശരത് ചന്ദ്രന്‍ വയനാട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ കൈയ്യില്‍ നിന്നും വാങ്ങിയ തിരക്കഥ നടന്‍ തിരികെ നല്‍കിയിട്ടില്ലെന്നും ഫോൺവിളിച്ചിട്ട് പോലും എടുക്കാൻ കൂട്ടാക്കുന്നില്ലെന്നും ശരത് ആരോപിക്കുന്നു.

തന്റെ തിരക്കഥ ആസിഫ് ഏതെങ്കിലും അടിയന്തരത്തിന് വച്ചിരിക്കുകയായിരിക്കുമെന്നും കെഎസ്ആർടിസി ബസിൽ ദോശ പൊതിഞ്ഞ് തനിക്ക് തിരികെ തന്നാൽ ഭാഗ്യമെന്ന് കണക്കാക്കുന്നുവെന്നും ശരത് ചന്ദ്രൻ മനോരമ ഓൺലൈനോട് പറഞ്ഞു.

രണ്ടു വർഷം മുൻപാണ് തിരക്കഥയുമായി ആസിഫ് അലിയെ സമീപിക്കുന്നത്. ഇതു താൻടാ പൊലീസ് എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ച് തൊടുപുഴയിലായിരുന്നു കൂടിക്കാഴ്ച. കഥ കേട്ട് ആസിഫിന് ഇഷ്ടമാകുകയും തിരക്കഥ ചേട്ടൻ ഇവിടെവച്ചിട്ട് പൊയ്ക്കോളാനും പറഞ്ഞു. കഥ ഇഷ്ടമായതുകൊണ്ടാണ് തിരക്കഥ മുഴുവൻ വായിക്കണമെന്നും പറഞ്ഞു. ഇതുകൂടാതെ ആസിഫിന്റെ കാരക്ടറിന്റെ വൺലൈനും ഞാൻ പറഞ്ഞുകൊടുത്തു. പിന്നീട് ആഴ്ചകൾക്ക് ശേഷം ഞാൻ വിളിച്ചു. ആസിഫ് ഫോൺ എടുത്തില്ല. അത് മാസങ്ങൾ പിന്നിട്ടു. ഇപ്പോൾ രണ്ടു വർഷത്തോളമായി. ഞാൻ തളര്‍‌ന്നു.

Asif Ali | I Me Myself | Manorama Online

എന്റെ സ്വപ്നപദ്ധതിയായിരുന്നു ഈ പ്രോജക്ട്. കുയിൽ‌ എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. മഴയും കാടും മഞ്ഞുമൊക്കെ വിഷയമാകുന്ന ദേശീയതലത്തിൽപോലും ശ്രദ്ധിക്കാനിടയാകുന്ന തിരക്കഥയായിരുന്നു ഈ സിനിമയുടേത്. ഉയരങ്ങളില്‍ എത്തിയപ്പോള്‍ ആസിഫ് വന്ന വഴി മറക്കുകയാണ്. ഇത് ശരിയായ കീഴ്‌വഴക്കമല്ല. നൂറുദിവസം ഓടിയ പടം പോലും അയാൾക്കില്ല.

ഭരതനെപ്പോലുള്ള സംവിധായകർക്കൊപ്പം അമ്പത് സിനിമകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. തിരക്കഥ എഴുതിയിട്ടുണ്ട്. സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിൽ ഒരു മേൽവിലാസം ഉണ്ട്. എന്നിട്ടും എനിക്ക് ആപ്പ് അടിക്കുന്നു. അതിൽ സങ്കടമുണ്ട്.

വയനാട്ടിൽ ഇഞ്ചിയോ ചേനയോ വാഴയോ നട്ടോ ജീവിച്ച് ഇതിനിടയിൽ വീണുകിട്ടുന്ന സമയത്ത് സിനിമ ചെയ്യുന്ന കലാകാരനാണ് ഞാൻ. അല്ലാതെ മുഴുനീള സിനിമാക്കാരനല്ല. വെറും അമ്പത് രൂപ കൊടുത്താൽ വയനാട്ടിലേക്ക് വരുന്ന ഏതെങ്കിലും പാണ്ടി ലോറിയിലോ കെഎസ്ആർടിസി ബസിലോ ശരത് ചന്ദ്രൻ വയനാടിന്റെ തിരക്കഥ എന്നെഴുതി കൊടുത്തയച്ചാൽ അതെനിക്ക് കിട്ടും. ആ തിരക്കഥ അയാൾ ഇനി ഏതെങ്കിലും അടിയന്തരത്തിന് വച്ചിരിക്കുകയായിരിക്കും. കെഎസ്ആർടിസി ബസിൽ ദോശ പൊതിഞ്ഞ് തനിക്ക് തിരികെ തന്നാൽ ഭാഗ്യം.

ആശയദാരിദ്യമില്ലാത്തതുകൊണ്ട് ചത്തുകിടന്ന് പുറകെ നടക്കണ്ട ആവശ്യം എനിക്കില്ല. എന്നാൽ എനിക്ക് വന്ന ഈ അനുഭവം സിനിമയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരും ഒരു പാഠമായി എടുക്കണം. ഒരു മുതിർന്ന ചലച്ചിത്രപ്രവർത്തകനായ എനിക്ക് ഈ അവസ്ഥയാണെങ്കിൽ സാധാരണക്കാരനോ?

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒന്നര വർഷത്തോളമായി ചികിത്സയിലായിരുന്നു. ഇതിനിടെ പലർ വഴിയും അയാളെ വിളിച്ചു. അപ്പോൾ അത് കാരവാനിലുണ്ട് അവിടെയുണ്ടൊന്നെക്കെ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ആസിഫ് അലിയുടെ മാനേജറെ വിളിച്ചു. അവരും ഫോൺ എടുക്കുന്നില്ല. പണ്ടൊരു സിനിമുടെ പേരില്‍ കേസ് കൊടുത്ത് പൊല്ലാപ്പായ അവസ്ഥ എനിക്ക് നേരിട്ട് അനുഭവമുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ സംഘടനയോട് പരാതി പറയാൻ പോയില്ല.

മറ്റൊരു നടന്മാരില്‍ നിന്നുപോലും എനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഭൂമി ഉരുണ്ടതായതുകൊണ്ട് അയാളെ എവിടെയെങ്കിലും വച്ച് കാണുമായിരിക്കും. അപ്പോൾ ചോദിക്കാം. ശരത് പറഞ്ഞു.

സദാനന്തന്റെ സമയം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് ശരത് ചന്ദ്രന്‍ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് അന്നൊരിക്കല്‍, ശീലാബതി, നന്മ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ശരത് ചന്ദ്രന്‍ സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ്. അതേ തിരക്കഥ തന്നെ പൂര്‍ത്തിയാക്കി തിയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

Your Rating: