Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഖിലിന്റെ മനോധൈര്യത്തിന് എന്റെ കൂപ്പുകൈ: സത്യൻ

sathyan-image

കോഴിക്കോടുള്ള അഖിൽ രാജ് എന്ന യുവാവ്. കഥകളും കവിതകളുമൊക്കെ എഴുതുന്ന ഒരു 27കാരൻ. സെറിബ്രൽ പാൾസി ബാധിച്ച അഖിലിനെക്കുറിച്ച് ഞാനറിയുന്നത് വടകരക്കാരിയായ ഹർഷ എന്ന പെൺകുട്ടി പറഞ്ഞിട്ടാണ്. അഖിലിന് ഇത്തരമൊരു അസുഖമുണ്ടെന്നും അവൻ പറയുന്നതൊന്നും നമുക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കില്ലെന്നും എന്നാൽ അവന്റെ ബുദ്ധി വളരെ ഷാർപ്പാണെന്നും ഹർഷ പറഞ്ഞിരുന്നു.

എന്നെക്കാണണമെന്നുള്ളത് അവന്റെ വലിയ സ്വപ്നമായിരുന്നു. എന്റെ സിനിമകളൊക്ക അവൻ വളരെ ഗൗരവമായി വീക്ഷിക്കാറുണ്ടായിരുന്നു. അവനെ അന്തിക്കാട്ടേക്കു കൊണ്ടുവരട്ടേ എന്നാണ് ഹർഷ ചോദിച്ചത്. ഞാനാണ് പറഞ്ഞത് വയ്യാത്ത അവനെ ബുദ്ധിമുട്ടിക്കേണ്ട. ഞാൻ അങ്ങോട്ടു വന്നോളാമെന്ന്. അവനോടുള്ള സ്നേഹം ആണ് എന്നെ അവിടെ എത്തിച്ചത്. പലരും എന്നെ കാ‌ണണമെന്ന് പറയാറുണ്ടെങ്കിലും അത് എന്തെങ്കിലും ലാഭേച്ഛ വച്ചായിരിക്കും പക്ഷേ അഖിലിന് അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. അവന്റെ തിരക്കഥ സിനിമയാക്കണമെന്നൊന്നും അവൻ ഒരിക്കലും ആവശ്യപ്പെട്ടില്ല. അവന്റെ തിരക്കഥകളൊക്കെ ഞാൻ വായിക്കണമെന്നത് അവന് വലിയ ആഗ്രഹമായിരുന്നു.

Director Sathyan Anthikkad visits Akhil's home| Manorama News

വളരെ ബുദ്ധിമാനാണ് അഖിലെന്ന് എനിക്ക് മനസിലായി. എന്റെ സിനിമകളിൽ സ്ഥിരമായി കാണാറുള്ള ഒരു താടിക്കാരനെക്കുറിച്ച് അവൻ പറഞ്ഞു. അതാരാണെന്ന് ചോദിച്ചു? എന്റെ‌ സുഹൃത്തും സ്റ്റിൽ ഫോട്ടോഗ്രാഫറായ മോമിയാണത്. അദ്ദേഹത്തെ അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അച്ചുവിന്റെ അമ്മയിൽ ഉർവശി മീരാജാസ്മിനെ കാത്ത് ബുക്സ്റ്റാളിന് പു‌റത്തു നിൽക്കുമ്പോൾ എത്തിനോക്കുന്ന ഒരു താടിക്കാരനുണ്ട്. അതാണ് മോമി. അതുവരെ അഖിൽ നിരീക്ഷിച്ച് വച്ചിട്ടുണ്ട്..

akhil-sathyan

അവന്റെ തിരക്കഥകളും വാങ്ങി ഞാൻ പോന്നു. ഇതവരെ വായിച്ചിട്ടില്ല. കാരണം പുതിയ ഒരു ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുകയാണ് ഞാൻ. ഒരെണ്ണം എഴുതാൻ തുടങ്ങിയാൽ മറ്റൊരു തിരക്കഥയും ഞ‍ാൻ അത് തീരുന്നതു വരെ വായിക്കാറില്ല. അതു പണ്ടേ ഉള്ള ശീലമാണ്. അവന്റെ കഥ സിനിമയാക്കണമെങ്കിൽ ഒരപാട് പരിമിതികളുണ്ട്. അടുത്ത സിനിമയുടെ ഇടവേളയിൽ ഞാനത് വായിക്കും, തെറ്റുകൾ തിരുത്തും. ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം ജനിതക ദോഷമില്ലാത്ത കുട്ടിയെ ലഭിക്കുന്നതാണ്. അവർ നല്ലവരായി വളരുന്നോ എന്നുള്ളതെല്ലാം രണ്ടാമത്തെ കാര്യമാണ്. അത്തരം കുട്ടികളെ കാണുമ്പോൾ സന്തോഷമാമോ സങ്ക‌ടമാണോ തോന്നുകയെന്ന് എനിക്ക്പറയാൻ കഴിയില്ല.

അഖിൽ സാക്ഷരതാ മിഷന്റെ സഹായത്തോ‌െട പ്ലസ് വണിന് പഠിക്കുകയാണ്. എന്താണ് എന്നെക്കാണാൻ നിന്നെ പ്രേരിപ്പിച്ചതെന്ന് ഞാൻ അഖിലിനോട് ചോദിച്ചു. ഒരാളുടെ കലാസൃഷ്ടികൾ കാണുമ്പോൾ അദ്ദേഹം എത്തരക്കാരനാണെന്ന് നമുക്ക് മനസിലാക്കാൻ കഴിയില്ലേ സാർ എന്നാണ് അവൻ എന്നോട് ചോദിച്ചത്. സാറിന്റെ സിനിമകളിൽ നിന്ന് സാറിന്റെ സ്വഭാവം എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. ഞാനിതെപ്പോഴും പറയുന്ന കാര്യമാണ്. പക്ഷേ മുതിർന്ന ശേഷമാണ് എനിക്കത് മനസിലായത്. അവന് യാതൊരു ആവശ്യങ്ങളുമില്ല. അവൻ പറഞ്ഞു സാർ എനിക്ക് വേണ്ടി യാതൊന്നും ചെയ്യണ്ട.

സാധാരണ ഇൗ അസുഖം ബാധിച്ചവർ നടക്കാറില്ല. എന്നാൽ ഇവൻ വീട്ടിലൊക്കെ 10 അടി നടക്കും. മനസിന്റെ ബലമാണ് അതിന് കാരണം. ഇന്നസെന്റിന്റെ കാൻസർ മാറാൻ കാരണം ഇന്നസെന്റിന്റെ‌ മനസിന്റെ ബലമാണ്. ഞാൻ അവന് കുറച്ച് പുസ്തകങ്ങൾ സംഘടിപ്പിച്ചു നൽകാനുള്ള ഏർപ്പാട് ചെയ്തു.

ഒരു ബസിൽ യാത്ര ചെയ്യുന്നതിൽ നിന്നാണ് അവന്റെ തിരക്കഥ തുടങ്ങുന്നത്. ഞാൻ അവനോട് ചോദിച്ചുനീ എങ്ങനെയാണ് ബസ് യാത്രയെക്കുറിച്ച് എഴുതുന്നതെന്ന്? അവൻ പറഞ്ഞു ചെറുപ്പത്തിൽ അച്ഛന്റെ കൂടെ ബസിൽ യാത്ര ചെയ്തിട്ടുണ്ടെന്നാണ്. അവൻ ഏകെ മകനാണ്. അമ്മയാണ് കാര്യങ്ങൾ നോക്കുന്നത്. അവന്റെ അമ്മ എന്നെ ഒരു പേപ്പർ കട്ടിംങ്് കാണിച്ചു തന്നു, വടകര ലോക്കൽ എഡീഷനിൽ വന്നിട്ടുള്ളത്. അഖിൽ കാത്തിരിക്കുന്നു തിരക്കഥയുമായി അന്തിക്കാടിനെ എന്നുള്ള തലക്കെട്ടിലെ വാർത്ത.

അന്തിക്കാട് ഒാട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള സ്കൂളിൽ ഞാൻ പോവാറുണ്ട്, ഇത്തരം കുട്ടികളുടെ മാതാപിതാക്കളെ ഞാൻ ബഹുമാനിക്കുന്നു. അവരുടെ മനസിന്റെ ധൈര്യത്തെ അംഗീകരിക്കുന്നു. ഒപ്പം അവർക്ക് വേണ്ടി പ്രാർഥിക്കുന്നു.