Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷിനെയും ബിജുവിനെയും പ്രശംസിച്ച് സത്യൻ

nivin-sathyan-fahad

ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരവും നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവും മോഹിപ്പിക്കുന്ന രണ്ട് സിനിമകളാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാന്റെ ചാർലി എന്ന മനോഹരസിനിമയിലൂടെയാണ് 2016ന്റെ വാതിൽ തുറന്നതെന്നും ഇപ്പോളിതാ മറ്റു രണ്ടു ചിത്രങ്ങൾ കൂടി മോഹിപ്പിച്ച് നമ്മുെട മുന്നിൽ എത്തിയിരിക്കുന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം– "മഹേഷും ബിജുവും" മോഹിപ്പിക്കുന്ന രണ്ട് സിനിമകൾ

'ചാർളി' എന്ന മനോഹര ചിത്രത്തിലൂടെയാണ് 2016 ന്റെ വാതിൽ നമ്മുടെ മുന്നിൽ തുറന്നത്. ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരവും ആക്ഷൻ ഹീറോ ബിജുവും മോഹിപ്പിച്ചു കൊണ്ട് കടന്നു വന്നിരിക്കുന്നു. മലയാള സിനിമയുടെ വ്യത്യസ്ത മുഖങ്ങളാണ് രണ്ടും.

'മഹേഷ്‌' ഒരു ബഷീർ കഥ പോലെ സുന്ദരമാണ്. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും നന്ദി. യാതൊരു വിധ ജാഡയുമില്ലാതെ, പലപ്പോഴും സിനിമയാണെന്ന് പോലും തോന്നിപ്പിക്കാതെ പ്രസാദ മധുരമായൊരു ചിത്രം സമ്മാനിച്ചതിന്. ശുദ്ധമായ നർമ്മം അതിന്റെ പൂർണതയോടു കൂടി ആവിഷ്കരിച്ചതിന്. ഫഹദ് ഫാസിൽ മുതൽ ശവപ്പെട്ടിയിൽ കിടക്കുന്ന അമ്മൂമ്മ വരെ അനായാസമായി അഭിനയിച്ചിരിക്കുന്നു - അതൊരു ചെറിയ കാര്യമല്ല.

'ആക്ഷൻ ഹീറോ ബിജു' മുൻവിധികൾക്കപ്പുറത്തുള്ള സിനിമയാണ്. തിരക്കഥയിലും അവതരണത്തിലും ഇത്രയേറേ പുതുമ മലയാളത്തിൽ അധികമൊന്നും കണ്ടിട്ടില്ല. മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയായി മോഹൻലാൽ വന്നപ്പോൾ നമുക്ക് ആ കഥാപാത്രത്തെ കണ്ണടച്ച് വിശ്വസിക്കാൻ തോന്നിയിരുന്നു. എത്ര വലിയ മനോരോഗമാണെങ്കിലും ഇയാൾ മാറ്റിയെടുക്കും എന്ന വിശ്വാസം. ഇൻസ്പെക്ടർ ബിജുവിനോടും ആ ഇഷ്ടം നമുക്ക് തോന്നും. സാക്ഷാൽ രമേശ്‌ ചെന്നിത്തല മുന്നിൽ വന്നാലും പറയാനുള്ളത് ബിജു പറയും; ചെയ്യും എന്ന വിശ്വാസം. അത് നിവിൻ പോളിയുടെയും ഏബ്രിഡ് ഷൈനിന്റെയും മിടുക്കാണ്.

അഭിനന്ദനങ്ങൾ - മഹേഷിന്റെയും ബിജുവിന്റെയും പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.