Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ അഭിനയം ഒരു മാജിക്: സത്യൻ അന്തിക്കാട്

mammootty-sathyan

മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് ഒരുക്കിയ പത്തേമാരി സിനിമയെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്. മലയാളസിനിമയുടെ പത്തേമാരി മുന്നോട്ട് കുതിക്കുകയാണെന്നും ചിത്രം കാണാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും തോന്നിയെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം– പത്തേമാരി റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുന്നു. ഇന്നലെയാണ് കാണാൻ സാധിച്ചത്. സന്തോഷവും അഭിമാനവും തോന്നി. കാറും കോളും കടൽക്ഷോഭങ്ങളുമൊക്കെ മറികടന്ന് മലയാള സിനിമയുടെ പത്തേമാരി മുന്നോട്ടു കുതിക്കുകയാണ്‌. ആശങ്കകളൊന്നും വേണ്ട. നല്ല സിനിമകൾ ഇവിടെ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും. പത്തേമാരിയുടെ അവസാന രംഗം കഴിഞ്ഞപ്പോൾ തിയറ്ററിലുയർന്ന കരഘോഷം അത് തെളിയിക്കുന്നുണ്ട്. 'പ്രേമത്തിനും' 'മൊയ്തീനും' പിന്നാലെ ജിവിതത്തിന്റെ മറ്റൊരു നേർക്കാഴ്ച.

മമ്മൂട്ടി വീണ്ടും നമ്മുടെ കണ്ണു നനയിക്കുന്നു.അഭിനയിക്കുക എന്ന തോന്നലുണ്ടാക്കാതെ സങ്കടത്തിന്റെ ഒരു വലിയ കടൽ നമ്മുടെ ഹൃദയത്തിൽ നിറക്കുന്നു. അതൊരു മാജിക്കാണ്. അഭിനയ വിദ്യാർത്ഥികൾക്ക് കണ്ടു പഠിക്കാൻ ഒരു പാഠം !സലിം അഹമ്മദിനും പത്തേമാരിയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ സ്നേഹം; അഭിനന്ദനം. സത്യൻ പറഞ്ഞു.