Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണമാണ്, മര്യാദ മറക്കരുത്

delfie ചിത്രത്തിന് കടപ്പാട് ഫേസ്ബുക്ക്

കലാഭവൻ മണിയുടെ മരണവാർത്തയറിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അതിനുശേഷം ചാലക്കുടിയിലേക്കും പുരുഷാരം പ്രവഹിച്ചിരുന്നു. മണിയോടുള്ള സ്നേഹത്തിന്റെ സൂചനയായിരുന്നു ഒഴുകിയെത്തിയ ജനങ്ങൾ. ജനകൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പണിപ്പെട്ടു. മണിയുടെ ഭൗതിക ശരീരവുമായെത്തിയ ആംബുലൻസ് 50 മീറ്റർ പിന്നിടാൻ എടുത്തെത് 20 മിനുട്ട്. മണിയോടുള്ള സ്നേഹം മനസ്സിലാക്കാം പക്ഷെ അതിന്റെ ഇടയ്ക്ക് കണ്ട ചില കാഴ്ച്ചകളെ ഹീനമെന്നേ പറയാൻ പറ്റൂ.

മണിയുടെ മരണവാർത്തയറിഞ്ഞ് നെഞ്ചുപൊട്ടി ആശുപത്രിയിലെത്തിയ സഹപ്രവർത്തകരെ മനുഷ്യരെന്ന് പോലും പരിഗണിക്കാതെ കൗതുകവസ്തുക്കളെന്നപോലെ ആർത്തുവിളിച്ചു പുരുഷാരം. കരഞ്ഞ് കണ്ണുകലങ്ങിയവർക്ക് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്ന ചെറുപ്പക്കാർ. പ്രാണൻവിട്ട ശരീരത്തോട് യാതൊരുവിധ സ്നേഹവും കാണിക്കാതെ താരശരീരങ്ങളെക്കണ്ട് ആർത്തിയോടെ വളഞ്ഞ ജനക്കൂട്ടം. ചാലക്കുടിയിലേക്ക് അവസാനമായി മണി വന്നതോടെ ജനക്കൂട്ടം ഇരമ്പിയാർത്തു. മുനിസിപ്പൽ ഓഫീസിന്റെ ഗേറ്റുകൾ തകർത്തുവന്ന ജനം മണിയെ കിടത്തിയ ഫ്രീസർ ആ ശരീരമടക്കം മറിച്ചിട്ടു.

തീർന്നില്ല. ഇനിയുമുണ്ട് മലയാളിയുടെ പാപക്കറപുരണ്ട സെൽഫി ഭ്രാന്തുകൾ. മണിയുടെ ഭൗതിക ശരീരം വീട്ടിലേക്ക് എത്തിക്കുമ്പോഴും ചിതയിലേക്ക് എടുക്കുമ്പോഴും കൂപ്പുകൈകളല്ല എങ്ങും കണ്ടത്. ഓരോരുത്തരുടെയും കൈയ്യിൽപൊക്കിപ്പിടിച്ച സെൽ‌ഫോണുകൾ, മിന്നിമറയുന്ന ഫ്ലാഷ് ലൈറ്റുകൾ. അതെല്ലാം സഹിച്ചാലും കത്തിയമരുന്ന ചിതയ്ക്ക് മുന്നിൽ നിന്നും സെൽഫിയെടുക്കാനുള്ള ശ്രമത്തെ എങ്ങനെ കണ്ടില്ലെന്ന് കരുതി സഹിക്കാനാവും. എല്ലാത്തിനും ഒരുപരിധി ഇല്ലേ? ഇത്രയും വകതിരിവില്ലാതെ പ്രവർത്തിക്കാൻ എങ്ങനെ മലയാളിക്ക് സാധിക്കുന്നു.

ഒന്നുമില്ലെങ്കിലും നമ്മളെയൊക്കെ സിനിമയിലൂടെയും ജീവിതത്തിലൂടെയും ഒരുപാട് സന്തോഷിപ്പിച്ചതല്ലേ, ചിരിപ്പിച്ചതല്ല, കണ്ണുനനയിച്ചതല്ലേ? മലയാളികളെ നെഞ്ചോട് ചേർത്തുനിർത്തിയതല്ലേ? അൽപ്പം കൂടി മാന്യമായ അന്ത്യയാത്ര മണിക്ക് നൽകാമായിരുന്നു. മരണത്തിന്റെ ചൂടാറും മുമ്പേയുള്ള സെൽഫി ഭ്രാന്തുകളുടെ പാപം ജീവിതകാലം മുഴുവൻ നിങ്ങളെ വേട്ടയാടാതെയിരിക്കട്ടെ.

related stories