Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകനാകണോ? വളരെ എളുപ്പമല്ലേ!

young-talents അല്‍ഫോൻസ്, ബേസിൽ, ലിജു, ഗണേഷ്

സിനിമ സ്വപ്‌നവുമായി മദ്രാസി പട്ടണത്തിലേക്ക് കള്ളവണ്ടി കയറി ഒരുപാട് പേരെ നമ്മുക്കറിയാം. ഇന്ന് മലയാള സിനിമയില്‍ അഭിനേതാക്കളായും അണിയറ പ്രവര്‍ത്തകരായും നിറഞ്ഞ് നില്‍ക്കുന്ന പലര്‍ക്കും സ്വാമീസ് ലോഡ്ജും കൊടമ്പക്കവുമൊക്കെ നിറഞ്ഞ് നില്‍ക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഭൂതകാലമുണ്ടാകും പറയാന്‍. ഉദയനാണ് താരത്തിലെ ഉദയഭാനുവിനെ പോലെ ദീര്‍ഘകാലം സിനിമയില്‍ സംവിധാന സഹായിയായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ശേഷം സ്വതന്ത്ര സംവിധായകരായവര്‍ മുതല്‍ ബെസ്റ്റ് ആക്ടറിലെ മോഹനെ പോലെ ചാന്‍സ് തെണ്ടിയും പട്ടിണി കിടന്നും പൈപ്പ് വെള്ളം കുടിച്ചും പ്രതിസന്ധികളെ അതിജീവിച്ച്് സൂപ്പര്‍താരങ്ങളായവര്‍ വരെ ആ ഗണത്തിലുണ്ട്.

കാലം മാറി സിനിമയുടെ കോലവും. അല്‍പ്പം ആത്മവിശ്വാസവും പ്രതിഭയുമുണ്ടെങ്കില്‍ ഇന്ന് ഏതൊരു ചെറുപ്പക്കാരനും തന്റെ സിനിമയെന്ന സ്വപ്‌നത്തിലേക്കുള്ള ആദ്യ പടി നടന്നു കയറാം. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപനവും വളര്‍ച്ചയും സിനിമാമോഹികളായ യുവാക്കളുടെ മുന്നിലേക്ക് അനന്തമായ സാധ്യതകള്‍ തുറന്നിട്ടു. കൈയ്യിലൊതുങ്ങുന്ന ഡിജിറ്റല്‍, ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ മ്യൂസിക്ക് വീഡിയോയും ഷോര്‍ട്ട് ഫിലിമും എടുത്ത് അവര്‍ വിസ്മയം തീര്‍ത്തു. ഷോര്‍ട്ട് ഫിലിം എന്ന ഷോര്‍ട്ട് കട്ടിലൂടെ അവര്‍ ഫീച്ചര്‍ സിനിമയിലേക്ക് പാലം തീര്‍ത്തു. ഹ്രസ്വചിത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ചു വെള്ളിത്തിരയില്‍ സ്വന്തം ഇടം കണ്ടെത്തുന്ന യുവ പ്രതിഭകളിലൂടെ ഒരു യാത്ര...

. ആനന്ദം പരമാനന്ദം

Aanandam Official Trailer | Malayalam Movie | 4K | 2016

ആനന്ദത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്ന ഗണേശ് രാജാണ് ഷോര്‍ട്ട് ഫിലിമില്‍ നിന്ന് ബിഗ് സ്‌ക്രീനില്‍ ഇടം കണ്ടെത്തുന്ന ഏറ്റവും പുതിയ പേരുകാരന്‍. അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജിലെ പഠനകാലത്താണ് ഗണേശ് തന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നത്. പഠനകാലത്ത് തന്നെ ചെറു ചിത്രങ്ങളെടുത്ത് ഗണേശ് പരീക്ഷണം തുടങ്ങിയിരുന്നു. പഠിച്ചിറങ്ങുന്ന സമയത്ത് സംവിധാനം ചെയ്ത 'ഒരു കുട്ടി ചോദ്യം' എന്ന ഹ്രസ്വചിത്രമാണ് ഗണേശിനു ബ്രേക്ക് നല്‍കിയത്. അന്ന് ഗണേശിനൊപ്പം അണിയറയില്‍ ഉണ്ടായിരുന്ന അനു എലിസബത്ത് (ഗാനരചയിതാവ്), സച്ചിന്‍ വാരിയര്‍(ഗായകന്‍), ആനന്ദ് സി. ചന്ദ്രന്‍(ഛായാഗ്രാഹകന്‍) എന്നിവര്‍ ഇതിനോടകം മലയാളത്തില്‍ സ്വന്തം ഇടം കണ്ടെത്തിയവരാണ്. അജു വര്‍ഗീസ്, റോണി ഡേവിഡ്, അപര്‍ണ നായര്‍ എന്നിവര്‍ അഭിനയിച്ച ഒരു കുട്ടി ചോദ്യത്തിനു ലഭിച്ച മികച്ച പ്രതികരണങ്ങളാണ് ഗണേശിനു സിനിമയിലേക്കുള്ള വഴി തുറന്നതും. വിനീത് ശ്രീനിവാസനും അഞ്ജലി മേനോനുമൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ ആത്മവിശ്വാസവുമായിട്ടാണ് ഗണേശ് എത്തുന്നത്.

. സിനിമയെ 'പ്രേമി'ച്ച പുത്രന്റെ നേരം

ഷോര്‍ട്ട് ഫിലിമിന്റെ സാധ്യതകള്‍ ഏറ്റവും ഫലപ്രദമായി വിനിയോഗിച്ചിട്ടുള്ള സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഒരു സംവിധാകന്റെ പോലും സംവിധാന സഹായിയായി പ്രവര്‍ത്തിക്കാതെ സ്വതന്ത്ര സംവിധായകനാകാന്‍ അല്‍ഫോണ്‍സിനു ആത്മവിശ്വാസം നല്‍കിയതും ഹ്രസ്വചിത്രങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമാണ്. എലിയാണ് അല്‍ഫോണ്‍സിന്റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഷോര്‍്്ട്ട് ഫിലിം. 'യുവ്' എന്ന അദ്ദേഹം സംവിധാനം ചെയ്ത മ്യൂസിക്ക് വീഡിയോയും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ആദ്യം ഷോര്‍ട്ട് ഫിലിമായി നിര്‍മ്മിച്ച 'നേര'മാണ് പിന്നീട് ഫീച്ചര്‍ ഫിലിമായി രൂപന്താരപ്പെട്ടത്.

Nenjodu Cherthu - Yuvvh Official HD Full Song

എന്നാല്‍ നേരവും എലിയും മാത്രമല്ല അല്‍ഫോണ്‍സിന്റെ പ്രതിഭ വിളിച്ചറിയിക്കുന്ന ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ വേറെയുമുണ്ടെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവയൊന്നും യൂട്യൂബിലൂടെ റിലീസ് ചെയ്തിട്ടില്ലെന്നു മാത്രം. ചെന്നൈയായിരുന്നു അല്‍ഫോണ്‍സിന്റെ തട്ടകം. ചെന്നൈയില്‍ അല്‍ഫോണ്‍സിന്റെ സമകാലികരായിരുന്ന ഷോര്‍ട്ട് ഫിലിം മേക്കഴ്‌സായ നളന്‍ കുമാര സ്വാമി(സൂതുകാവും, കാതലും കടന്തു പോകും) കാര്‍ത്തിക് സു്ബ്ബരാജ്(പിസ, ജിഗര്‍തണ്ട) ബാലാജി മോഹന്‍(കാതലില്‍ സൊതപ്പത് എപ്പടി, വായേ മൂടി പേസവും, മാരി) എന്നിവര്‍ ഇന്ന് തമിഴിലെ ഏറ്റവും തലയെടുപ്പുള്ള യുവസംവിധായകരാണ്. ഇവരുടെ ചിത്രങ്ങളില്‍ അഭിനേതാക്കളായി എത്തിയ വിജയ് സേതുപതിയും ബോബി സിംഹയും തമിഴിലെ ഏറ്റവും തിരക്കേറിയ താരങ്ങളുമാണ് ഇന്ന്.

. ഒരു കുഞ്ഞുഗുസ്തി

കുഞ്ഞിരാമായണത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ ബേസില്‍ ജോസഫും ഷോര്‍ട്ട് ഫിലിമിലൂടെ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭയാണ്. പ്രിയവദ കാതരയാണ്, ഒരു തുണ്ടു പടം എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ തന്റെ ഇടം കണ്ടെത്തിയ വ്യക്തിയാണ് ബേസില്‍. മലയാളത്തില്‍ ഷോര്‍ട്ട് ഫിലിമുകള്‍ ട്രെന്‍ഡായി വളര്‍ന്ന സമയത്ത് സാന്നിധ്യം അറിയിച്ചവരാണ് ബേസിലും ഗണേശ് രാജും.

Priyamvadha Katharayano? - MALAYALAM COMEDY SHORT FILM

ആദ്യ ചിത്രത്തിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിനു ശേഷം രണ്ടാമാത്തെ ചിത്രത്തിന്റെ പണി പുരയിലാണ് ബേസില്‍ ഇപ്പോള്‍. രന്‍ജി പണിക്കരും ടോവീനോ തോമസും മസിലുപെരുപ്പിച്ച് എത്തുന്ന ഗുസ്തിക്കാരുടെ കഥയായ ഗോദ അവസാനഘട്ട ചിത്രീകരണത്തിലേക്കു കടക്കുന്നു. പഞ്ചാബിലാകും അവസാന ഷെഡ്യൂള്‍ ഷൂട്ടിങ്.

. രമണിയേച്ചി ഉദ്ദേശിച്ചത്

thomas-liju ലിജു, തോമസ്

മലയാള ഷോര്‍ട്ട് ഫിലിം ചരിത്രത്തിലെ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമായിരുന്നു രമണിയേച്ചിയുടെ നാമത്തില്‍. മലയാളത്തില്‍ അതുവരെ പരീക്ഷിക്കാതിരുന്ന ഒരു പ്രേമയമാണ് ലിജു തോമസ് എന്ന സംവിധായകന്‍ പരീക്ഷിച്ചത്. പൊട്ടകിണറ്റില്‍ വിഷപാമ്പുമായി മല്ലിടുന്ന കഥാപാത്രം പ്രേക്ഷകരുടെ നെഞ്ചിലും തീകോരിയിട്ടു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസക്കൊപ്പം ഒട്ടേറെ പുരസ്‌കാരങ്ങളും രമണിയേച്ചിയെ തേടിയെത്തി. തിയറ്ററുകളില്‍ നിറഞ്ഞ പ്രദര്‍ശനം തുടരുന്ന കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലൂടെ
ലിജുവും സ്വതന്ത്ര സംവിധായകനായി മാറി കഴിഞ്ഞു.

മനോരമ ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ "വണ്‍ റുപ്പി ടിപ്പ്എന്ന ചിത്രത്തിലൂടെ സാന്നിധ്യം അറിയിച്ച റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും പിന്നീട് ഫിലിപ്പ്‌സ് ആന്‍ഡ് ദി മങ്കിപെനിലൂടെ സംവിധായകരായി. റോജിന്റെതായി ജോ ആന്‍ഡ് ബോയ് എന്ന ചിത്രം കൂടി പുറത്തു വന്നപ്പോള്‍ ഷാനില്‍ സംവിധാനം ചെയ്ത അവരുടെ രാവുകള്‍ റിലീസിനു തയ്യാറെടുക്കുന്നു. മൂന്നാമിടം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്റണി സോണി സംവിധാനം ചെയ്യുന്ന മഞ്ജു വാരിയര്‍ ചിത്രം കെയര്‍ ഓഫ് സൈറബാനുവിന്റെ ഷൂട്ടിങ് ആരംഭിച്ചു. നീണ്ട ഇടവേളക്കു ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട സൂര്യപുത്രി അമല അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാന സഹായായിരുന്നു ആന്റണി സോണി.

Ramaniyechi yude Namathil Official full length

സിനിമയിലേക്കുള്ള എന്‍ട്രി താരതമ്യേന സുഗമായെങ്കിലും മുമ്പ് ഒരിക്കലും ഇല്ലാത്തത്ര കടുത്ത മത്സരമാണ് ഈ യുവതലമുറ നേരിടേണ്ടി വരുന്നതെന്ന വസ്തുതയും വിസ്മരിച്ചുകൂടാ. കാലവും കോലവും മാറിയെങ്കിലും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തില്‍ പറയുന്നതു പോലെ സിനിമയെന്നും അതിജീവനത്തിന്റെ കലയാണ്. സിനിമ എന്ന മാധ്യമത്തോടുള്ള അടങ്ങാത്ത പ്രണയവും സമര്‍പ്പണവും തന്നെയാണ് ഈ കലാകാരന്‍മാര്‍ക്കു മുന്നിലും അവസരങ്ങള്‍ തുറന്നു നല്‍കുന്നത്. ഏണി പാമ്പും കളിയിലെ പോലെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ കോണിവെച്ചു കേറിയവരല്ല ഇവരാരും. ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളിലൂടെ വരവറിയിച്ച ഒട്ടേറെ കാലകാരന്‍മാര്‍ ഇവര്‍ക്കൊപ്പം അണിയറയില്‍ അവസരത്തിനായി കാത്തുനില്‍ക്കുന്നു. കാത്തിരിക്കാം പുത്തന്‍ വിസ്മയങ്ങള്‍ക്കായി.

Your Rating: