Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം മേക്കപ്പിട്ടത് എന്റെ മുൻപിൽ; സിനിമയിലും തുടക്കം ഓട്ടോയിൽ

siby-mani

മണി ആദ്യമായി സിനിമയ്ക്കു മേക്കപ്പിടുന്നത് എന്റെ മുൻപിലാണ്. ‘അക്ഷരം’ എന്ന ചിത്രത്തിൽ. ഓട്ടോറിക്ഷ ഓടിക്കുന്ന കഥപാത്രമുണ്ടായിരുന്നു അതിൽ. ഓട്ടോഡ്രൈവറായി സാധാരണക്കാരനെ വേണമായിരുന്നു. പലരെയും നോക്കി. സംവിധാന സഹായിയായിരുന്ന സുന്ദർദാസാണു ചാലക്കുടിക്കാരൻ മണിയെക്കുറിച്ച് പറഞ്ഞത്. നല്ല മിമിക്രിക്കാരൻ. നല്ല കലാകാരനുമാണ്. ജീവിത മാർഗം എന്ന നിലയ്ക്ക് ഓട്ടോറിക്ഷ ഓടിക്കുന്നുമുണ്ട്.

കാക്കനാട്ട് നവോദയയിലാണു ഷൂട്ടിങ്. അവിടെ മണി വന്നു. ഓട്ടോറിക്ഷയിലാണ് ചാലക്കുടിയിൽനിന്നു വന്നത്. ഷൂട്ടിങ് തുടങ്ങി. കൊച്ചി നഗരത്തിലൂടെ മണി ഓട്ടോ ഓടിക്കുന്നു. യാത്രക്കാരനായി സുരേഷ് ഗോപി. സുരേഷിന് ആദ്യം പേടിയായിരുന്നു. ഡ്രൈവർ പിന്നിലേക്കു തിരിഞ്ഞുള്ള ഡയലോഗൊക്കെയുണ്ട്. സംസാരത്തിനിടെ വണ്ടിയുടെ നിയന്ത്രണം വിടുമോ എന്നായിരുന്നു സുരേഷ് ഗോപിയുടെ പേടി. പേടിച്ചതുപോലെയൊന്നും ഉണ്ടായില്ല. മണി നന്നായി ഓട്ടോ ഓടിച്ചു. നന്നായി അഭിനയിക്കുകയും ചെയ്തു.

മണിയുടെ അടുത്ത പടം സുന്ദർദാസ് ചെയ്ത ‘സല്ലാപം’ ആയിരുന്നു. സുന്ദർദാസ് സ്വന്തമായി ചെയ്ത ആദ്യചിത്രം. സുന്ദർദാസിനു പിന്തുണയുമായി ഞാനും ലൊക്കേഷനിൽ പോയിരുന്നു. ചെത്തുകാരന്റെ വേഷമായിരുന്നു മണിക്ക്. മണി അനായാസം തെങ്ങിന്റെ മുകളിലേക്കു കയറിപ്പോകുന്നതുകണ്ടു ഞങ്ങളെല്ലാം അമ്പരന്നു. ഓട്ടോ ഓടിക്കുന്ന നടൻ. തെങ്ങുകയറുന്ന നടൻ. തെങ്ങിന്റെ മുകളിലിരുന്ന് അനായാസം ഡയലോഗുകൾ പറയുന്നു. മലയാള സിനിമ അത്തരം കാഴ്ചകൾ മുൻപു കണ്ടിരുന്നില്ല.

തുടർന്ന് ‘സമ്മർ ഇൻ ബത്‌ലഹേം’. മുഴുനീള കഥാപാത്രമായിരുന്നു. ആ വേഷം ഏറെ ശ്രദ്ധേയമായി. ‘ആയിരത്തിലൊരുവൻ’ അടുത്ത ചിത്രം. അതിൽ കടക്കെണിയിൽപ്പെട്ട ആളായിരുന്നു മുഖ്യകഥാപാത്രം. റേഷൻ വ്യാപാരി. സാധാരണക്കാരൻ വേണമായിരുന്നു. അതിലും മണി യോജിച്ചു. പിന്നീടു കലാഭവൻ മണിക്കുവേണ്ടി മാത്രമായി മലയാള സിനിമയിൽ കഥകളുണ്ടായി. തമിഴിലും തെലുങ്കിലും മണി ഹിറ്റായി.

ഇന്ത്യയിൽ ഏറ്റവുമധികം താരമൂല്യമുള്ള രണ്ടുപേരുടെ കൂടെ––രജനീകാന്തിന്റെയും ഐശ്വര്യ റായിയുടെയും–– അഭിനയിച്ചു. രജനീകാന്തിനെപ്പോലൊരു വ്യക്തിയായിരുന്നു മണിയും എന്നുവേണമെങ്കിൽ പറയാം. ഒട്ടേറെ ബുദ്ധിമുട്ടുകൾ തരണം ചെയ്തു സിനിമയിലെത്തി കഴിവു തെളിയിച്ചവരാണല്ലോ രണ്ടുപേരും. മണിയുടെ കുട്ടിക്കാലം കഷ്ടപ്പാടു നിറഞ്ഞതായിരുന്നു. കടുത്ത ദാരിദ്ര്യത്തിന്റെ കഥകൾ അദ്ദേഹം മറച്ചുവച്ചിരുന്നില്ല. അതു തമാശയിൽ ചാലിച്ചാണു പറ‍ഞ്ഞിരുന്നത്. കൊച്ചുന്നാളിലേ പഠിച്ച പാട്ടുകൾ പിന്നീടു കലാരംഗത്തു മണിയെ കൂടുതൽ ശ്രദ്ധേയനാക്കി.

കൂട്ടുകാർക്കും നാട്ടുകാർക്കും ഒപ്പമായിരുന്നു എന്നും മണി. ‘കിസാൻ’ എന്ന സിനിമയിൽ ഫുട്ബോൾ കളിക്കാരന്റെ വേഷമായിരുന്നു. അന്നു സഹകളിക്കാരായി അഭിനയിപ്പിക്കാൻ ചാലക്കുടിയിലെ കളിക്കാരെയാണു കൊണ്ടുവന്നത്. നാട്ടുകാരിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിക്കാൻ മണി മടിച്ചുനിന്നില്ല. കുട്ടിക്കാലത്തെ കൂട്ടുകാരെ നല്ലകാലത്തു മറന്നില്ല. ഷൂട്ടിങ്ങിനെത്തുമ്പോൾ കൂട്ടുകാരും ഉണ്ടാകും. അവർക്കു രണ്ടുമൂന്നു മുറി എടുത്തുകൊടുക്കും. ഷൂട്ടിങ് തീരുന്ന ദിവസം വലിയ ആഘോഷമാണ്.

അസുഖത്തെക്കുറിച്ചു ചോദിക്കുമ്പോൾ മണി പറയും: ‘‘ഞാൻ ഡയറ്റിങ്ങിലാ. അതല്ലേ മെലിഞ്ഞിരിക്കുന്നത്.’’ രോഗവിവരം പറയാതിരുന്ന മണി അതിന്റെ ടെൻഷനും പുറത്തുകാണിച്ചിരുന്നില്ല. എന്നാൽ ഉള്ളിൽ വലിയ ടെൻഷനുണ്ടായിരുന്നു എന്നതാണു സത്യം. രണ്ടുമൂന്നു വർഷം മുൻപ് ചാലക്കുടിയിൽവച്ചു മണിയെ കണ്ടു. ‘‘സാറെന്താ എന്റെ വീട്ടിലേക്കു വരാത്തത്?’’ ഇപ്പോൾത്തന്നെ പോയേക്കാം എന്നു ഞാൻ പറഞ്ഞു.

മണി നിർമിച്ച പുതിയ വീട്ടിലേക്കല്ല എന്നെ കൊണ്ടുപോയത്. പണ്ടത്തെ കുടിലിലേക്കാണ്. അതിന്റെ വരാന്തയിൽ കസേരയിട്ടുതന്നു. എന്റെ സിനിമയിൽ അഭിനയിക്കണം എന്നൊരാഗ്രഹം അന്നു പറഞ്ഞു. അതു യാഥാർഥ്യമായില്ല എന്ന സങ്കടം ബാക്കി.

related stories
Your Rating: