Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരിതയുടെ വാക്ക് കേട്ട് മുഖ്യമന്ത്രി രാജിവയ്ക്കണോ? : സിദ്ദീഖ്

sidhiq

രാഷ്ട്രീയം തന്റെ മേഖലയല്ലെന്നു നടൻ സിദ്ദീഖ്. സരിത എസ്. നായർ എന്തെങ്കിലും ആരോപണം ഉന്നയിച്ചാൽ ഉടൻ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പറയുന്ന അപക്വ നിലപാടല്ല രാഷ്ട്രീയത്തിൽ വേണ്ടത്. എല്ലാ കാര്യങ്ങളെയും പക്വതയോടെ കാണാൻ രാഷ്ട്രീയക്കാർക്കു സാധിക്കണം.

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു തന്നെ ആരും സമീപിച്ചിട്ടില്ലെന്നു സിദ്ദീഖ് പറഞ്ഞു. അതു നമ്മുടെ മേഖലയല്ല. എല്ലാ രാഷ്ട്രീയക്കാർക്കും സമ്മതനായതിനാലാണു താൻ സിനിമയിൽ നിലനിൽക്കുന്നത്. സിനിമാ അഭിനയം ഒട്ടും സുഖകരമായ ഏർപ്പാടല്ല. അങ്ങേയറ്റത്തെ ആയാസവും ടെൻഷനുമുള്ള ജോലിയാണത്. താരങ്ങൾക്കു സുഖകരമായ താമസവും ഭക്ഷണവുമെല്ലാം ലഭിക്കുമെങ്കിലും അഭിനയവും അതു പോലെ സുഖകരമാണെന്നു പുറത്തുള്ളവർക്കു തോന്നിയാൽ തെറ്റി.

അഭിനയത്തെക്കുറിച്ച് ഒരുപാടു സംശയങ്ങൾ തനിക്ക് ഇപ്പോഴുമുണ്ട്. ഒരു സിനിമയിൽ അഭിനയിക്കുന്നതിനിടെ, കറുത്ത പാന്റ്സിനും ഷർട്ടിനുമൊപ്പം ധരിച്ച വെളുത്ത സോക്സ് പുറത്തു കണ്ടതു ഭരത് ഗോപിയെ അസ്വസ്ഥനാക്കിയിരുന്നു. അഭിനയിക്കുന്ന കാര്യങ്ങൾ പ്രേക്ഷകർ സ്വീകരിക്കുമോയെന്നത് ഉൾപ്പെടെ ഇത്തരം ഒട്ടേറെ അസ്വസ്ഥതകൾക്കിടയിലാണ് ഓരോ നടനും അഭിനയിക്കുന്നത്. വെള്ള സോക്സ് മാറ്റിത്തരാൻ ഗോപി ആവശ്യപ്പെട്ടപ്പോൾ പകരം നൽകാൻ കറുത്ത സോക്സ് ഇല്ലായിരുന്നു. ഇതുമൂലം ഷൂട്ടിങ് മാറ്റേണ്ടിവന്നു. ഇതു കേൾക്കുന്നവർ ഗോപിയെ ആയിരിക്കും കുറ്റപ്പെടുത്തുക. പക്ഷേ നടന്റെ അസ്വസ്ഥത കൂടി മനസ്സിലാക്കണം.

അഭിനയം എല്ലാവർക്കും പറഞ്ഞുകൊടുക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. താൻ ഒരു സിനിമയിൽ ഹാസ്യവും മറ്റൊന്നിൽ വില്ലനും ചെയ്യുന്നതു കണ്ടു ഫഹദ് ഫാസിൽ പറഞ്ഞു. ‘ഇതു പ്രത്യേക കഴിവാണ്; പക്ഷേ സിദ്ദീഖ ഒന്നും നമുക്കു പറഞ്ഞുതരില്ല’. അഭിനയിക്കുന്നത് എങ്ങനെയെന്നു പറഞ്ഞുകൊടുക്കാൻ പ്രത്യേക കഴിവ് വേണം. അതു തനിക്കില്ല. സിനിമയിൽ മോഹിച്ചതിനെക്കാൾ ഒരുപാട് ഉയരത്തിൽ തന്നെ ദൈവം എത്തിച്ചുവെന്നാണു വിശ്വാസം. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും അറിയപ്പെടുന്ന നടന്മാരാണു മമ്മൂട്ടിയും മോഹൻലാലും. ഗൾഫിൽ പോകുമ്പോൾ അറബികൾ വരെ ഇവരെക്കുറിച്ചു ചോദിക്കാറുണ്ട്.

സിനിമയിൽ കാലാനുസൃതമായി മാറിയില്ലെങ്കിൽ നാം പിന്തള്ളപ്പെടാനാണു സാധ്യത. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതു പോലെയല്ല, ദുൽക്കറിനൊപ്പം അഭിനയിക്കുന്നത്. വളരെ ഗംഭീരമായിട്ടാണു പുതിയ തലമുറ അഭിനയിക്കുന്നത്. പണ്ടു നമ്മൾ സുഹൃത്തുക്കളോടു സംസാരിച്ചിരുന്ന ഭാഷയല്ല ഇന്നത്തെ യുവാക്കൾ സംസാരിക്കുന്നത്. സിനിമാ അഭിനയവും അതിനനുസരിച്ചു മാറും. ഇതിനിടെ സ്വന്തം അഭിനയം കാലഹരണപ്പെട്ടുവെന്ന് ആക്ഷേപിക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സിദ്ദീഖ് പറഞ്ഞു.

സിദ്ദീഖ് മുഖ്യവേഷത്തിൽ അഭിനയിക്കുന്ന സുഖമായിരിക്കട്ടെ എന്ന സിനിമ ഫെബ്രുവരി അഞ്ചിനു റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ടി.എ. റസാക്കും മറ്റ് അണിയറ പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.