Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഐയിൽ ഡമ്മിപരീക്ഷണം വന്നവഴി; എസ്.എൻ സ്വാമി പറയുന്നു

sn-swamy

സിനിമകളുടെ ചരിത്രത്തില്‍ യഥാര്‍ഥ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയെടുത്ത ഒട്ടേറെ സിനിമകളുണ്ട്. മലയാളത്തിലുമുണ്ട് ഏറെ സിനിമകള്‍. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാണ് മമ്മൂട്ടി നായകനായ സിബിഐ പരമ്പര. എസ്എന്‍സ്വാമിയുടെ തിരക്കഥയില്‍ നാലു സിനിമകള്‍ പുറത്തിറങ്ങി. അഞ്ചാം ചിത്രം പണിപ്പുരയിലാണ്. സിബിഐ ഡയറിക്കുറിപ്പ് അടക്കമുള്ള ത്രില്ലര്‍ സിനിമകള്‍ക്ക് പ്രേരകമായ ചില സംഭവങ്ങളെക്കുറിച്ച് പറയുകയാണ് തിരക്കഥാകൃത്തായ എസ്.എന്‍സ്വാമി.

1988 ലാണ് എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു ഒരു സിബിഐ ഡയറിക്കുറിപ്പെന്ന സിനിമ ഒരുക്കുന്നത്. സിബിഐയുടെ കേസ് അന്വേഷണം സിനിമയുടെ ചരിത്രവിജയമായി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി. ഒരു യുവതിയുടെ ഭര്‍തൃവീട്ടിലെ ദുരൂഹമരണം അന്വേഷിക്കാനാണ് സിബിഐയുടെ വരവ്. അതും പൊലീസ് അട്ടിമറിച്ച ഒരു കേസ്.

സിനിമയ്ക്ക് പ്രേരണയായ കുറ്റകൃത്യങ്ങളെക്കുറിച്ച് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി

കേരളത്തില്‍ ഏറെ വിവാദമായ രണ്ട് കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കാലം. അതിലൊന്ന് 1981ല്‍ പാനൂരില്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് എസ്.ഐ. സോമന്‍ വെടിയേറ്റു മരിച്ച കേസ്. ആത്മഹത്യയെന്നും അപകടമെന്നും കൊലപാതകമെന്നും സംശയങ്ങളുയര്‍ന്ന കേസാണ് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. തുടര്‍ന്ന് 1982ല്‍ എറണാകുളം പോളക്കുളം പീതാംബരന്‍ കേസ്. പോളക്കുളം ലോഡ്ജിലെ ജീവനക്കാരനെ മുകള്‍ നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. ഇതും കൊലപാതകമാണെന്ന് ആരോപണം ഉയര്‍ന്നു. പോളക്കുളം കേസും സിബിഐ അന്വേഷിച്ചു.

ഡമ്മിപരീക്ഷണം കേരളം ആദ്യമായി കേട്ടത് പോളക്കുളം കേസിലായിരുന്നു. ഇതേ പരീക്ഷണം സിബിഐ ഡയറിക്കുറിപ്പിലൂടെയും കേരളം കണ്ടു. തിരക്കഥാ രചന പുരോഗമിക്കുമ്പോള്‍ സിബിഐ ഉദ്യോഗസ്ഥരുമായും, പൊലീസ് ഉദ്യോഗസ്ഥരുമായും, ഫൊറന്‍സിക് വിദഗ്ധരുമായും ബന്ധപ്പെട്ട് സംശയ നിവാരണം വരുത്തും.

ഒരു ഇംഗ്ളീഷ് ക്രൈംത്രില്ലര്‍ നോവലില്‍ നിന്നാണ് സേതുരാമയ്യര്‍ സിബിഐ എന്ന മൂന്നാമത്തെ സിബിഐ ചിത്രം വരുന്നത്. ഒട്ടേറെ പരമ്പര കൊലപാതകങ്ങള്‍ നടത്തിയ റിപ്പര്‍ അതിലൊരു കൊലപാതകം താനല്ല നടത്തിയത് എന്നു പറയുന്നിടത്തായിരുന്നു ചിത്രം തുടങ്ങിയത്.

സുകുമാരക്കുറുപ്പ് ഫിലിം റെപ്രസെന്‍റേറ്റീവായിരുന്ന ചാക്കോയെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി കൊന്നു കത്തിച്ച സംഭവം നരിമാന്‍ എന്ന സുരേഷ് ഗോപി നായകനായ ചിത്രത്തിലും കാണാം.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നേരെ ശ്രീലങ്കയില്‍ വച്ച് നടന്ന വധശ്രമമാണ് പിന്നീട് ആഗസ്റ്റ് ഒന്ന് എന്ന ചിത്രമായത്. സിനിമയില്‍ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ വരുന്ന വാടകക്കൊലയാളിയാണ് പ്രമേയം. 

സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്

ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്