Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാപാട്ടെഴുത്ത് അവസാനിപ്പിച്ച് സോഹൻലാൽ

sohanlal സോഹൻലാൽ

പാട്ടെഴുത്ത് അവസാനിപ്പിച്ച് സംവിധായകൻ സോഹൻലാൽ. ഓർക്കുക വല്ലപ്പോഴും, കഥവീട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സോഹൻലാൽ സിനിമാപാട്ടെഴുത്ത് തൽക്കാലം അവസാനിപ്പിക്കാൻ തീരുമാനിച്ചു. സംവിധാനത്തില്‍ കൂടുതൽ ശ്രദ്ധിക്കാനാണ് കുട്ടിക്കാലം മുതൽക്കുള്ള ഈ വലിയ സ്വപ്നം വേണ്ടെന്നു വയ്ക്കുന്നതെന്നും സോഹൻലാൽ പറയുന്നു.

സോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–‘ സിനിമാപാട്ടെഴുത്ത് തൽക്കാലം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഒരുപാട് സമയം ഞാനതിനുവേണ്ടി കളയുന്നെന്ന് തോന്നി. അത് കൊണ്ട് മാത്രം. പെട്ടെന്നങ്ങ് പറഞ്ഞെങ്കിലും കുട്ടിക്കാലം മുതലുണ്ടായിരുന്ന ഒരു വല്യ സ്വപ്നമാണ് വേണ്ടെന്നു വയ്ക്കുന്നത്. വളരെ കുറച്ചു പാട്ടുകളേ എഴുതിയുള്ളൂ എങ്കിലും അവ ഇഷ്ടപ്പെടുന്ന ചിലരെങ്കിലുമുണ്ട്. കഥവീടിലെ 'മറക്കാനുള്ളത് മറന്നു തന്നെയാകണം...', 'കാറ്റിലെ പൂമണം...' എന്നീ പാട്ടുകളും കൊന്തയും പൂണൂലും എന്ന സിനിമയിലെ 'എന്തേ ഇന്നെൻ കനവുകളെല്ലാം നീയായ്‌ ...', ടീൻസിലെ 'ഈ മഴയിതളിലെന്റെ ഓർമ്മകൾ...' തുടങ്ങിയ ഗാനങ്ങളും എഴുതാൻ കഴിഞ്ഞതിൽ സംതൃപ്തിയും നന്ദിയുമുണ്ട്.

എം. ജയചന്ദ്രൻ, മെജോ ജോസഫ്‌, വിശ്വജിത്ത്, പ്രദീപ്‌ സോമസുന്ദരൻ എന്നീ സംഗീത സംവിധായകരോടോപ്പം പ്രവർത്തിക്കാനായതിലും ചിത്ര ചേച്ചി, ഉണ്ണി മേനോൻ, സുജാത ചേച്ചി, ശ്വേതാ മോഹൻ, ഗായത്രി, ജി. വേണുഗോപാൽ, ഷഹബാസ് അമൻ, ഫ്രാങ്കോ എന്നിവരുടെ ശബ്ദത്തിൽ എന്റെ വരികൾ പാടി കേൾക്കാനായതിലും സന്തോഷമുണ്ട്. എങ്കിലും പാട്ടെഴുത്ത് ഇനി ഇല്ല. ജോഷി, സിദ്ദിഖ്, ശ്യാമപ്രസാദ്, വി. കെ. പി, ലെനിൻ രാജേന്ദ്രൻ, സജി സുരേന്ദ്രൻ, ബോബൻ സാമുവെൽ, ഷിബു ഗംഗാധരൻ, സാന്ദ്ര തോമസ്‌ ഇങ്ങനെ അടുത്ത സിനിമയിൽ പാട്ടെഴുതണമെന്നു പറഞ്ഞിരിക്കുന്ന പ്രിയപ്പെട്ടവർ പലരുമുണ്ട്. പരിമിതിയാവാം, പാട്ടെഴുതാൻ എനിക്ക് ധാരാളം സമയവും മറ്റൊന്നുമില്ലാത്ത മനസ്സും വേണം.

ഓർക്കുകവല്ലപ്പോഴും, കഥവീട് എന്നീ സിനിമകൾക്കിടയിൽ മൂന്നു വർഷത്തെ അകലമുണ്ട്. കഥവീട് റിലീസായിട്ടു തന്നെ രണ്ടു വർഷമാകുന്നു. ഇതിനിടയിൽ ചില സിനിമകളിൽ പാട്ടെഴുതി എന്നല്ലാതെ വലുതായൊന്നും ചെയ്തില്ല. ഇനി സംവിധാനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. മറ്റു എഴുത്തുകാരുടെ തിരക്കഥകൾ ചെയില്ല എന്ന തീരുമാനവും മാറ്റുന്നു. സോഹൻലാൽ പറഞ്ഞു.