Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത് രവിയുടെ അറസ്റ്റ്: സത്യമെന്ത് ?

Sreejith Ravi

സ്കൂൾ വിദ്യാർഥിനികളെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീജിത് രവിയെ ചുറ്റിപ്പറ്റി വിവാദങ്ങളും ആരോപണങ്ങളും ഉയരുന്നു. ശ്രീജിത്തിന് അനുകൂലമായും എതിരായും ഒട്ടേറെ വാദമുഖങ്ങളാണു സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഉയരുന്നത്. 

പാതയോരത്തുകൂടി നടന്നുപോകുന്നതിനിടെ കാറിലിരുന്നു നഗ്നതാപ്രദർശനം നടത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും മൊബൈൽഫോണിൽ ചിത്രം പകർത്തിയെന്നുമാണു വിദ്യാർഥിനികൾ ശ്രീജിത്തിനെതിരെ കൊടുത്ത പരാതി. കാറിന്റെ നമ്പറും പരാതിക്കൊപ്പമുണ്ടായിരുന്നു. കാറിന്റെ ഉടമസ്ഥൻ ശ്രീജിത് രവിയാണെന്നു കണ്ടെത്തിയ പൊലീസ്, സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം (പേ‍ാസ്കേ‍ാ) അനുസരിച്ചാണ് കേസ്.

എന്നാൽ ശ്രീജിത്തിനെപ്പോലെ പ്രശസ്തനായ ഒരു നടൻ പൊതുസ്ഥലത്ത് ഇങ്ങനെയൊരു അതിക്രമത്തിനു മുതിരുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ശ്രീജിത്തിന് അത്തരം സ്വഭാവ ദൂഷ്യങ്ങളൊന്നുമില്ലെന്നു സിനിമാ മേഖലയിലുള്ള പരിചയക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇത്തരം വാദഗതികളൊന്നും തെളിവായി കണക്കാക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.

വിദ്യാർഥിനികൾ ആളെ തിരിച്ചറിഞ്ഞെന്നും ഇതു തന്നെ പ്രധാന തെളിവാണെന്നും പൊലീസ് പറയുന്നു. കാർ തന്റേതാണെന്നുശ്രീജിത് മൊഴി നൽകിയിട്ടുണ്ട്. അതു മറ്റൊരാൾ ഉപയോഗിച്ചതായി പറഞ്ഞിട്ടുമില്ല. പിന്നെയുള്ള സാധ്യത നമ്പർ എഴുതിയപ്പോൾ തെറ്റിപ്പോകുക എന്നതാണ്. പക്ഷേ നമ്പർ തെറ്റിയാലും കാർ തിരിച്ചറിഞ്ഞ സ്ഥിതിക്ക് അതിലും കാര്യമില്ല. 

അതേസമയം, സ്കൂൾ കുട്ടികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നാണ് ശ്രീജിത്ത് രവി ഇന്നലെ പ്രതികരിച്ചത്. ‘പൊലീസ് പറയുന്ന സംഭവത്തിൽ ഉൾപ്പെട്ട കാറിന്റെ നമ്പർ എന്റേതു തന്നെയാണ്. പക്ഷേ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വിദ്യാർഥിനികൾക്കു പറ്റിയ തെറ്റാകാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം’ എന്നായിരുന്നു നടന്റെ പ്രതികരണം.