Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീനിവാസന്റെ രക്തസാക്ഷി പരാമർശം വിവാദമാകുന്നു

sreenivasan

രക്തസാക്ഷികളെക്കുറിച്ചും അക്രമരാഷ്ട്രീയത്തെക്കുറിച്ചും ശ്രീനിവാസൻ നടത്തിയ പ്രസ്താവന ചർച്ചയാകുന്നു. നടനെ അനുകൂലിച്ചും എതിർത്തും സമൂഹമാധ്യങ്ങളിൽ നിരവധിപ്പരാണ് എത്തുന്നത്. 

ശ്രീനിവാസൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ പി ജയരാജന്റെയും ഇ. പി ജയരാജന്റെയുമൊക്കെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി നേതാക്കളും അക്രമരാഷ്ട്രീയത്തിന് ഇരകളായിട്ടുണ്ടെന്ന് ചിലർ‌ സമർഥിക്കുന്നു. വരും ദിവസങ്ങളിൽ വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും ശ്രീനിവാസന്റെ പരാമർശം വഴി വയ്ക്കുമെന്ന് വ്യക്തമാണ്. 

തൃശൂരിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണു രാഷ്ട്രീയ കക്ഷികൾക്കെതിരെ ശ്രീനിവാസൻ ആഞ്ഞടിച്ചത്. പണവും അധികാരവും നേടാൻ നേതാക്കന്മാർ ആവിഷ്കരിക്കുന്ന തന്ത്രമാണു രക്തസാക്ഷിത്വം. എന്നാൽ, അണികൾക്കു കിട്ടുന്നതോ ജയിലറയും കണ്ണീരും മാത്രം.അണികളുടെ വീട്ടിലേയുള്ളൂ വിധവകളും അനാഥരും; നേതാക്കന്മാരുടെ വീടുകളിലൊന്നുമില്ല. ശ്രീനിവാസന്റെ വാക്കുകൾ: ‘‘പിന്നാക്ക ജില്ലയായ കണ്ണൂരിലാണു ഞാൻ ജനിച്ചത്. വലിയ ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. അതുകൊണ്ടു ഞങ്ങളൊരു കുടിൽവ്യവസായം തുടങ്ങി, ബോംബു നിർമാണം. പകൽ ഞങ്ങളിങ്ങനെ ബോംബുണ്ടാക്കും, രാത്രി പൊട്ടിക്കും. എതിർ പാർട്ടിക്കാരും ഉണ്ടാക്കും, തിരിച്ചു പൊട്ടിക്കും. ശ്രീനിവാസൻ പറഞ്ഞു. 

മൂന്നു പ്രധാനപ്പെട്ട പാർട്ടികളാണ് ഈ ബോംബു നിർമാതാക്കൾ. രക്തസാക്ഷികളുടെ ഫ്ലെക്സ് വച്ചു ജനവികാരമുയർത്തി പിന്തുണ ഉറപ്പാക്കാൻ കഴിയുമെന്നാണു രാഷ്ട്രീയ നേതാക്കന്മാരുടെ വിശ്വാസം. പക്ഷേ, ഈ ഫ്ലെക്സുകളിലൊക്കെ കാണുന്നത് അണികളുടെ ചിത്രം മാത്രമാണ്. നേതാക്കൾ കൊലയ്ക്കു കൊടുക്കുന്ന അണികളുടെ ചിത്രം. സ്വമേധയാ മരിക്കാൻ പോകുന്നവരല്ല ഇവർ, നിവൃത്തികേടു കൊണ്ടും നേതാക്കന്മാരുടെ മസ്തിഷ്ക പ്രക്ഷാളനം കൊണ്ടുമാണു രക്തസാക്ഷികൾ ഉണ്ടാകുന്നത്. അദ്ദേഹം പറയുന്നു. 

വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കന്മാർ പരസ്പരം അകമഴിഞ്ഞ സൗഹൃദത്തിലാണ്. കാണുമ്പോഴൊക്കെ അവർ സൗഹൃദം പുതുക്കും, വ്യക്തിപരമായ വിശേഷ അവസരങ്ങളിലെല്ലാം അവർ പരസ്പരം ക്ഷണിക്കും. കക്കൽ മാത്രമാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൊതുലക്ഷ്യം. ഇന്ത്യയെന്ന രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ കട്ടുമുടിച്ചു. അംബാനിമാരുടെയും അദാനിമാരുടെയും ഇന്ത്യയാണിപ്പോഴുള്ളത്. ശ്രീനിവാസൻ കൂട്ടിച്ചേർത്തു. 

Your Rating: