Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകി വന്ന കന്നിവോട്ടുമായി സിനിമയുടെ പൊന്നമ്മ

kaviyur-ponnamma കരുമാലൂർ സെന്റ് ലിറ്റിൽ ട്രീസാസ് യുപി സ്കൂളിലെ ബൂത്തിൽ തന്റെ കന്നി വോട്ടു ചെയ്യാനെത്തിയ നടി കവിയൂർ പൊന്നമ്മ

വോട്ട് ചെയ്യാൻ താരനിര. മലയാളത്തിന്റെ അമ്മ നടി കവിയൂർപൊന്നമ്മ കന്നി വോട്ട് രേഖപ്പെടുത്തിയപ്പോൾ പതിവു തെറ്റിക്കാതെ ദിലീപും ജയസൂര്യയും ലാലു അലക്സും വോട്ട് ചെയ്യാനെത്തി. ന്യൂ ജനറേഷൻ താരങ്ങൾ പലരും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ ഉണ്ടായില്ല.

ദിലീപ്: ‘‘എന്റെ വോട്ട് നേടിയ സ്ഥാനാർഥി വിജയം നേടിയാൽ നാടിന്റെ നൻമയ്ക്കു വേണ്ടി പ്രവർത്തിക്കുമെന്നാണു വിശ്വാസം. ഈ വിശ്വാസത്തിലാണു ഓരോ തിരഞ്ഞെടുപ്പിലും ഏതു വിധത്തിലെങ്കിലും നാട്ടിലെത്തി വോട്ട് ചെയ്യുന്നത്’’ ആലുവ സെന്റ് ഫ്രാൻസിസ് ഹൈസ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം ദിലീപ് പറഞ്ഞു. അമ്മ സരോജനി, സഹോദരൻ അനൂപ് മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമാണ് ദിലീപ് എത്തിയത്.

dileep-jayasurya 1. ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിലെ ബൂത്തിൽ അമ്മ സരോജനിയോടൊപ്പം വോട്ടുചെയ്യാനെത്തിയ നടൻ ദിലീപ്. 2. നടൻ ജയസൂര്യയും ഭാര്യ സരിതയും കൊച്ചുകടവന്ത്ര സെന്റ് ജോസഫ്സ് യുപി സ്കൂളിൽ വോട്ട് ചെയ്തു പുറത്തുവന്നപ്പോൾ.

ജയസൂര്യ: ‘നാടിന്റെ നല്ല മാറ്റം പ്രതീക്ഷിച്ചാണ് എപ്പോഴും വോട്ട് ചെയ്യുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാവുന്ന സ്ഥാനാർഥിക്കാണ് വോട്ട്. വ്യക്തിക്കോ പാർട്ടിക്കോ അല്ല നാടിന്റെ വികസനത്തിനു വേണ്ടിയുള്ള വോട്ടാണിത്’’ –കൊച്ചു കടവന്ത്ര സെന്റ് ജോസഫ്സ് സ്കൂളിൽ കുടുംബസമേതമെത്തി വോട്ടു രേഖപ്പെടുത്തിയ ശേഷം ജയസൂര്യ പറഞ്ഞു.

ലാലു അലക്സ് : ‘‘ഇന്നുവരെ ഒരു വോട്ടും മുടക്കാത്ത എനിക്ക് ഇത്തവണത്തെ സന്തോഷം, നഗരസഭയിലേക്ക് ആദ്യമായി വോട്ട് ചെയ്യുന്നുവെന്നതാണ്. പിറവം സംസ്ഥാനത്തെ ഏറ്റവും മികച്ച നഗരസഭയായി മാറണമെന്നാണ് ആഗ്രഹം. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ അതു നേടിയെടുക്കാൻ ജനങ്ങൾക്കൊപ്പം നിൽക്കും’’ പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തശേഷം ലാലു അലക്സ് പ്രതികരിച്ചത് ഇങ്ങനെ. ഭാര്യ ബെറ്റിക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

മീര നന്ദൻ : ‘‘നാട്ടിൽ വേണ്ട വികസനം കൊണ്ടുവരാൻ കഴിവുള്ള പാർട്ടിക്കാണ് വോട്ട് ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വോട്ട് പോലും വിജയപരാജയങ്ങൾ തീരുമാനിക്കുമെന്നറിയാം. അതിനാൽ വോട്ടിന്റെ വില മനസ്സിലാക്കി തന്നെയാണ് വന്നത്’’ നടി മീര നന്ദൻ പറഞ്ഞു. കൊച്ചി നഗരസഭ പുതുക്കലവട്ടം ഡിവിഷനിലെ വോട്ടറായ മീര പുന്നക്കൽ ഗവ. എച്ച്എസ്എസിലെ ബൂത്തിലാണ് വോട്ട് ചെയ്തത്.

bijukkuttan 1. ചേന്ദമംഗലം വടക്കുംപുറം ഗവ. യുപി സ്കൂളിലെ ബൂത്തിൽ വോട്ടു ചെയ്തശേഷം ക്യൂവിൽ നിൽക്കുന്ന അമ്മ ചന്ദ്രികയോടും ഭാര്യ സുബിതയോടും സംസാരിക്കുന്ന നടൻ ബിജുക്കുട്ടൻ. 2. ചോറ്റാനിക്കര എരുവേലി കണയനൂർ ജെബിഎസ് പോളിങ് ബൂത്തിൽ വോട്ട് ചെയ്തു മടങ്ങുന്ന ഗിന്നസ് പക്രു

ഗിന്നസ് പക്രു: ‘‘വോട്ട് പാഴാക്കരുതെന്നു ആഗ്രഹമുണ്ടായിരുന്നതിനാൽ ഷൂട്ടിങ് മാറ്റി വച്ചാണു വോട്ട് ചെയ്തത്.’’ ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന്റെ ത്രില്ലിൽ ഗിന്നസ് പക്രു പറഞ്ഞു. ചോറ്റാനിക്കര എരുവേലി കണയന്നൂർ ജെബിഎസിലെ രണ്ടാം നമ്പർ ബൂത്തിലായിരുന്നു വോട്ട്.

നടി അമല പോൾ ഇടപ്പള്ളി സെന്റ് ജോർജ് യുപി സ്കൂളിലെ രണ്ടാം ബൂത്തിലും സംവിധായകൻ അൽഫോൻസ് പുത്രൻ ആലുവ ട്രഷറി ഡിവിഷനിലും വോട്ട് രേഖപ്പെടുത്തി. ആലുവ മാർക്കറ്റ് ഡിവിഷനിൽ വോട്ടുണ്ടായിരുന്ന നിവിൻ പോളി വോട്ട് ചെയ്യാനെത്തിയില്ല.

നടൻ ബിജുക്കുട്ടൻ ഭാര്യ സുബിത, അമ്മ ചന്ദ്രിക എന്നിവർക്കൊപ്പം പറവൂർ വടക്കുംപുറം ഗവ. യുപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി.