Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന ചലച്ചിത്ര അവാർഡ് അവസാന റൗണ്ടിൽ 10 ചിത്രങ്ങൾ

2017-movie

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്നു വൈകുന്നേരം അഞ്ചിനു പ്രഖ്യാപിക്കാനിരിക്കെ അവസാന റൗണ്ടിൽ എത്തിയത് പത്തോളം ചിത്രങ്ങൾ മാത്രം.അവാർഡിനു മത്സരിക്കുന്ന 68 സിനിമകളിൽ നല്ലൊരു പങ്കും മതിയായ നിലവാരം പുലർത്തുന്നില്ലെന്നാണ് വിലയിരുത്തൽ.അതിൽ നിന്നു കൊള്ളാവുന്ന പത്തോളം ചിത്രങ്ങളാണ് അവസാന റൗണ്ടിൽ വിവിധ അവാർഡുകൾക്കായി പരിഗണിക്കുന്നത്.

പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയുടെ മുന്നിൽ ആകെ 68 കഥാചിത്രങ്ങളാണ് എത്തിയത്. ഇതിൽ എട്ടെണ്ണം ബാലചിത്രങ്ങളാണ്.കഴിഞ്ഞ മാസം 21 മുതൽ ദിവസം അഞ്ചു സിനിമ എന്ന കണക്കിലാണ് ജൂറി കണ്ടു കൊണ്ടിരുന്നത്.അവർ എല്ലാ സിനിമകളും കണ്ടു കഴിഞ്ഞു.

അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും,വിധു വിൻസന്റിന്റെ മാൻഹോൾ,ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം,ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം,ശ്രീനിവാസൻ നായകനായി അഭിനയിച്ച അയാൾ ശശി, സലിം കുമാർ സംവിധാനം ചെയ്ത് അഭിനയിച്ച  കറുത്ത ജൂതൻ തുടങ്ങിയ സിനിമകളെല്ലാം അവസാന റൗണ്ടിലെത്തിയതായി അറിയുന്നു.

മുന്തിരി വള്ളികൾ തളിർത്തപ്പോൾ, ഒപ്പം, ഗപ്പി, കിസ്മത്ത്, ഒരു മുത്തശ്ശി ഗദ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയവയും മത്സര രംഗത്തുണ്ട്. പുലി മുരുകൻ,മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾ ജനപ്രീതിയും കലാമേന്മയുമുള്ള സിനിമയ്ക്കുള്ള അവാർഡിനു മത്സരിക്കുന്നു. മോഹൻലാൽ മികവു കാട്ടിയ മൂന്നു സിനിമകൾ ഉള്ളപ്പോൾ മമ്മൂട്ടിയുടെ ഏക സിനിമ വൈറ്റ് ആണ്. മികച്ച നടിക്കുള്ള അവാർഡിനു മത്സര രംഗത്ത് കാവ്യ മാധവൻ,റിമ കല്ലിങ്കൽ,സുരഭി തുടങ്ങിയവർ ഉണ്ട്.

കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിൽ അങ്ങേയറ്റം രഹസ്യമായാണ് ജൂറി അംഗങ്ങൾ സിനിമകൾ കണ്ടത്.പുതിയ അവാർഡ് ചട്ടങ്ങൾ അനുസരിച്ചു പത്തംഗ ജൂറിക്ക് മൂന്നു ഗ്രൂപ്പായി തിരിഞ്ഞു സിനിമകൾ കണ്ടു തീർക്കാം. എന്നാൽ എല്ലാ സിനിമയും കാണണമെന്ന് ജൂറി അംഗങ്ങൾ താല്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ 10 പേരും ഒന്നിച്ച് എല്ലാ സിനിമയും കണ്ടു തീർക്കുകയായിരുന്നു.ഓരോ സിനിമയും കണ്ട ശേഷം ജൂറി അംഗങ്ങൾ ചർച്ച ചെയ്ത് അത് അവസാന റൗണ്ടിലേക്ക് പരിഗണിക്കണമോയെന്ന കാര്യത്തിൽ തീരുമാനം എടുത്തു.ഇടയ്ക്ക് കുറെ സിനിമകൾ തള്ളിക്കളഞ്ഞ ശേഷം അങ്ങനെ തള്ളിയ ചിത്രങ്ങളിൽ പരിഗണിക്കേണ്ടിയിരുന്ന ഏതെങ്കിലും മികച്ച വ്യക്തിഗത പ്രകടനമുണ്ടോയെന്നും ജൂറി വിലയിരുത്തുകയുണ്ടായി.ഇങ്ങനെ 68 ചിത്രങ്ങളും കണ്ട ശേഷമാണ് പത്തോളം ചിത്രങ്ങൾ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.

സംവിധായകരായ പ്രിയനന്ദനൻ, സുന്ദർദാസ്, സുദേവൻ, തിരക്കഥാകൃത്ത് പി.എഫ്.മാത്യൂസ്, നടി ശാന്തികൃഷ്ണ, സംഗീത സംവിധായകനും ഗായകനുമായ വി.ടി.മുരളി, സൗണ്ട് ഡിസൈനർ അരുൺ നമ്പ്യാർ, നിരൂപക ഡോ. മീന ടി.പിള്ള, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു(മെംബർ സെക്രട്ടറി) എന്നിവരാണു ജൂറി അംഗങ്ങൾ.മികച്ച ചലച്ചിത്ര ഗ്രന്ഥവും ലേഖനവും തിരഞ്ഞെടുക്കുന്നതിനുള്ള ജൂറിയുടെ അധ്യക്ഷൻ മലയാളം സർവകലാശാലാ വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറാണ്. മ്യൂസ് മേരി ജോർജ്, ഷിബു മുഹമ്മദ്, മഹേഷ് പഞ്ചു എന്നിവർ അംഗങ്ങൾ.

Your Rating: